ഇരുമ്പയിരടങ്ങിയ മണ്ണ് കർണ്ണാടകയിലേക്ക്; ആറ് വാഹനങ്ങൾ വിജിലൻസ് പിടികൂടി

കാഞ്ഞങ്ങാട്:  ഇരുമ്പയിരടങ്ങിയ നൂറ് കണക്കിന് ലോഡ് മണ്ണ് കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് കടത്തിയതിനെതുടർന്ന് 30 ഏക്കർ വരുന്ന മണ്ണെടുപ്പ് കേന്ദ്രത്തിൽ വിജിലൻസ് പരിശോധന നടത്തി. റെയ്ഡിൽ ആറ്  വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ബായാർ വില്ലേജിൽ പതക്കലിലെ മണ്ണെടുപ്പ് കേന്ദ്രത്തിലാണ് കാസർകോട് വിജിലൻസ് ഡിവൈഎസ്പി, കെ. വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

മുപ്പതേക്കർ സ്ഥലത്ത് യാതൊരു ലൈസൻസുമില്ലാതെയായിരുന്നു മണ്ണെടുപ്പ്. ഇരുമ്പയിരടങ്ങിയ നൂറ് കണക്കിന് ലോഡ് മണ്ണും, ചെങ്കല്ലും കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് കടത്തിയിട്ടുണ്ടെന്ന് വിജിലൻസിന് വിവരം ലഭിച്ചു. രാത്രിയിലും, പകലുമായി നിരവധി വാഹനങ്ങളിൽ  മണ്ണ് കടത്തുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പരിശോധന.

വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മഞ്ചേശ്വരം പോലീസിന് കൈമാറി.ജിയോളജി, റവന്യൂ വകുപ്പിന്റെ കണ്ണ് വെട്ടിച്ചായിരുന്നു മണ്ണ് കടത്ത്. വിജിലൻസ് സംഘത്തോടൊപ്പം ജിയോളജി, വകുപ്പിലെ ഉദ്യോഗസ്ഥരും, തദ്ദേശ സ്വയം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. വിജിലൻസ് എസ്ഐ, കെ. വി. മധു, സീനിയർ സിവിൽ ഒാഫീസർമാരായ രാജീവൻ, പ്രദീപൻ, കൃഷ്ണൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

LatestDaily

Read Previous

കണ്ണൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിന് സാധ്യതയേറി

Read Next

ഇന്റർപോൾ സഹായത്തോടെ അറസ്റ്റ് ചെയ്ത ബലാത്സംഗക്കേസ് പ്രതി റിമാന്റിൽ