കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിന്റെ റെയിൽവെ വികസനത്തിന് നാഴികക്കല്ലാവുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഞ്ഞങ്ങാട്–പാണത്തൂർ –കാണിയൂർ റെയിൽപാതയ്ക്ക് സംസ്ഥാന സർക്കാർ വിഹിതം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സർവ്വേ നടപടികൾ പൂർത്തിയായ കാഞ്ഞങ്ങാട്–പാണത്തൂർ–കാണിയൂർ പാതയ്ക്ക് കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിക്കുന്ന മുറയ്ക്ക് കേരളം–കർണ്ണാടകയുമായി യോജിച്ച് പദ്ധതി നടപ്പിലാക്കാനുള്ള വിഹിതം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാണിയൂർ പാതയ്ക്ക് അനുകൂലമായി നിലപാടറിയിച്ചത്. കാഞ്ഞങ്ങാട്–പാണത്തൂർ–കാണിയൂർ പാത പദ്ധതിയുമായി ധൈര്യ സമേതം സംസ്ഥാന സർക്കാർ മുന്നോട്ട് പോവുമെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.