നീലേശ്വരം: ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന നീലേശ്വരത്തിന്റെ അരനൂറ്റാണ്ട് കാലത്തെ ചരിത്രഗതികൾ ക്യാമറക്കണ്ണിലൊപ്പിയെടുത്ത ഫോട്ടോഗ്രാഫർ നിര്യാതനായി. തലശ്ശേരി വാടിയിൽ പീടിക സ്വദേശിയും നീലേശ്വരം മെട്രോ സ്റ്റുഡിയോ ഉടമയുമായ മെട്രോ മോഹനൻ എന്ന വി. മോഹനനാണ് 65, കോവിഡ് ബാധിച്ച് മരിച്ചത്.
നീലേശ്വരം രാജാറോഡിൽ 50 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനമാരംഭിച്ച മെട്രോ സ്റ്റുഡിയോയുടെ നിലവിലത്തെ ഉടമയാണ് മെട്രോ മോഹനൻ. ദേശാഭിമാനി ദിനപത്രത്തിന്റെ സീനിയർ ഫോട്ടോഗ്രാഫറായി വിരമിച്ച നീലേശ്വരം പള്ളിക്കരയിലെ കെ. മോഹനനോടൊപ്പമാണ് ഇദ്ദേഹം ദീർഘകാലം സ്റ്റുഡിയോ നടത്തിയിരുന്നത്.
സിപിഎമ്മിന്റെ നീലേശ്വരത്തെ പാർട്ടി ചടങ്ങുകളുടെയെല്ലാം സ്ഥിരം ഫോട്ടോഗ്രാഫറായിരുന്ന വി. മോഹനൻ ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. മൃതദേഹം സ്വദേശമായ തലശ്ശേരിയിലേക്ക് കൊണ്ടുപോയി. നീലേശ്വരം പള്ളിക്കരയിലായിരുന്നു താമസം.
ഭാര്യ: മഹിജ. മകൻ: ഹരികീർത്ത്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ദേവയാനി (നീലേശ്വരം), ശ്യാമള, നളിനി (വാടിയിൽ പീടിക).
കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. വി. മോഹനന്റെ മരണത്തിൽ കെപിവിയു ജില്ലാക്കമ്മിറ്റിയും, നീലേശ്വരം ഏരിയാക്കമ്മിറ്റിയും അനുശോചിച്ചു.