ഫാഷൻ ഗോൾഡ് നിക്ഷേപക സംഗമത്തിന് പണപ്പിരിവ്

കാഞ്ഞങ്ങാട്:  പിഡിപി ജില്ലാക്കമ്മിറ്റി കാസർകോട്ട് സംഘടിപ്പിച്ച ഫാഷൻ ഗോൾഡ് നിക്ഷേപകരുടെ സംഗമത്തിൽ പണപ്പിരിവ് നടന്നതിനെതിരെ പ്രതിഷേധമുയരുന്നു. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ സംഘടിപ്പിക്കാൻ 84, 750 രൂപയാണ് നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്തത്.

ഗൂഗിൾപേ വഴിയുള്ള പിരിവിൽ 50 രൂപ മുതൽ 5000  രൂപ വരെ പിരിവ് നൽകിയവരുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കൈയ്യൊഴിഞ്ഞതോയെടെയാണ് ഫാഷൻ ഗോൾഡ് വിഷയം പിഡിപി കാസർകോട് ജില്ലാക്കമ്മിറ്റി ഏറ്റെടുത്തത്. കൈയ്യിലുള്ള സമ്പാദ്യമെല്ലാം ലീഗ് നേതാക്കളാൽ തട്ടിയെടുക്കപ്പെട്ട നിക്ഷേപകർ ഒരു പിടിവള്ളിയെന്ന നിലയിലാണ് പിഡിപിക്ക് പിന്നിൽ അണിനിരന്നത്.

തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടിപ്പിച്ച പരിപാടിയുടെ ചെലവിനായി അവരിൽ നിന്നു തന്നെ പണം പിരിച്ചെടുത്തത് അധാർമ്മിക പ്രവൃത്തിയാണെന്നാണ് ആക്ഷേപം. നിക്ഷേപകരുടെ സംഗമം പിഡിപിയുടെ പാർട്ടി പരിപാടിയാക്കിയതായും ആക്ഷേപമുണ്ട്. നിക്ഷേപകസംഗമത്തിനായി പിരിവ് നൽകിയ 48 പേരുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇന്നലെ കാസർകോട് നടന്ന നിക്ഷേപസംഗമത്തിൽ തട്ടിപ്പിനിരയായവരേക്കാൾ പിഡിപിയുടെ പ്രവർത്തകരാണുണ്ടായിരുന്നത്.

കാസർകോട്ട് നടന്ന നിക്ഷേപകസംഗമം പി. ഡി. പി. സംസ്ഥാന ജനറൽ സിക്രട്ടറി അജിത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ പഴയങ്ങാടി ആധ്യക്ഷം വഹിച്ചു. സുബൈർ പടുപ്പ് വിഷയാവതരണം നടത്തി. പിഡിപി സംസ്ഥാന ജനറൽ സിക്രട്ടറി ബഷീർ കുഞ്ചത്തൂർ മുഖ്യപ്രഭാഷണം നടത്തി.

ഫാഷൻ ഗോൾഡ് കേസ്സ് സിബിഐ അന്വേഷിക്കണമെന്നും നിക്ഷേപകരുടെ നിക്ഷേപം  തിരികെ നൽകണമെന്നും, കേസ്സിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്നുമുള്ള ആവശ്യങ്ങളും യോഗം ഉന്നയിച്ചു. അനിശ്ചിതകാല സമരമുൾപ്പടെ ആരംഭിക്കാൻ സംഗമം തീരുമാനിച്ചു.

LatestDaily

Read Previous

മന്ത്രി പങ്കെടുക്കേണ്ട വേദിക്കടുത്ത് അജ്ഞാത വാഹനം

Read Next

കിണറ്റിൽ നിന്നും ശബ്ദം; ഭീതിയിൽ നാട്ടുകാർ