ബിജെപിക്കുള്ള വാതിൽ തുറന്നുകൊടുത്തത് സോണിയയും രാഹുലും: പി.സി.ചാക്കോ

പടന്നക്കാട്:  ഭാരതത്തിൽ ഒന്നുമല്ലാതിരുന്ന ബിജെപിക്ക് രണ്ടാം തവണയും ഭരണത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തത് സോണിയ ഗാന്ധിയും, മകൻ രാഹൂൽ ഗാന്ധിയുമാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി. സി. ചാക്കോ ആരോപിച്ചു. നാഷണിലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി) കാസർകോട് ജില്ലാ കൺവെൻഷൻ പടന്നക്കാട്ട് നെഹ്റു കോളേജിനടുത്ത് ഉദ്ഘാടനം ചെയ്തു ഇന്ന് രാവിലെ സംസാരിക്കുകയായിരുന്നു ചാക്കോ.

ഭാരതം മതേതരത്വ രാഷ്ട്രമെന്ന തിരിച്ചറിവിന് വിഘാതം നിൽക്കാൻ സോണിയയുടെ നേതൃത്വത്തിലുള്ള  കോൺഗ്രസ്സ് രഹസ്യനീക്കം നടത്തിയപ്പോഴാണ് തങ്ങൾ കോൺഗ്രസ്സിന്റെ പാതയിലേക്കില്ലെന്ന് താനടക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തകർ തീരുമാനിച്ച് കോൺഗ്രസ്സിനോട് വിട പറഞ്ഞത്. കോൺഗ്രസ്സിൽ നിന്ന് ഇനിയുള്ള കാലം നന്മകൾ പ്രതീക്ഷിക്കരുത്. അത്തരം നന്മകളെല്ലാം എങ്ങോ പോയ്മറഞ്ഞു. പ്രിയങ്ക ഗാന്ധിക്കാണ് ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ചുമതല. യുപിയിൽ കഴിഞ്ഞ 5 വർഷക്കാലമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡ് പിടിക്കാൻ പോലും കോൺഗ്രസ്സിന് കഴിയാത്ത ദയനീയത ജനങ്ങളറിയണമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിൽ മതേതര പോരാട്ടം ശക്തിപ്പെടുത്താൻ വർഗ്ഗീയതയുടെ വേരുകളറുക്കാൻ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കൈകോർത്ത് നിൽക്കുന്ന എൻസിപിയുടെ കരങ്ങൾ ശക്തമാക്കണമെന്ന് 40 വർഷക്കാലം സജീവ കോൺഗ്രസ്സ് പ്രവർത്തകനും, മികച്ച പാർലിമെന്റേറിയനുമായ പി. സി. ചാക്കോ സ്വന്തം പാർട്ടി അണികളെ ആഹ്വാനം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡണ്ട് രവി കുളങ്ങര, കരീം ചന്തേര, പി. എം. സുരേഷ് ബാബു, ലതിക സുഭാഷ്, കെ. ആർ. രാജൻ, റസാക്ക് മൗലവി പാലക്കാട്, എം. പി. മുരളി ബിജു ആബേൽ, സി. ബാലൻ, അഡ്വ: സി. വി. ദാമോധരൻ തുടങ്ങിയവർ സംസാരിച്ചു. പടന്നക്കാട് മേൽപ്പാലത്തിനരികിൽ നിന്ന് ബാൻഡ് വാദ്യത്തോടെയാണ് പി. സി. ചാക്കോയടക്കമുള്ള പാർട്ടി നേതാക്കളെ പാർട്ടി ഒാഫീസ് സ്ഥലത്തേക്ക് ആനയിച്ചത്.

LatestDaily

Read Previous

കയറ്റിറക്ക് തർക്കം: ഐഎൻടിയുസി പ്രവർത്തകർക്കെതിരെ നരഹത്യാശ്രമക്കേസ്സ്

Read Next

മകളെ പീഡിപ്പിച്ച പിതാവും സുഹൃത്തും അറസ്റ്റിൽ