ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയയ്ക്ക് ജാമ്യം

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുള്ള മുഴുവൻ കേസ്സുകളിലും ടി. കെ. പൂക്കോയയ്ക്ക് ജാമ്യം. നൂറോളം തട്ടിപ്പു കേസ്സുകളിലാണ് പൂക്കോയയ്ക്ക് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചത്.

ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത എല്ലാ കേസ്സുകളിലും പൂക്കോയയ്ക്ക് ജാമ്യം ലഭിച്ചു കഴിഞ്ഞു. ജില്ലയ്ക്ക് പുറത്തുള്ള ഏതാനും കേസ്സുകളിൽ കൂടി ജാമ്യം ലഭിക്കുന്നതോടെ പൂക്കോയ ജയിൽ മോചിതനാവും. ചന്തേര സ്വദേശിയായ പൂക്കോയ ഫാഷൻ ഗോൾഡ്  നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതിയാണ്. പലപ്പോഴായാണ് പൂക്കോയയ്ക്ക് മജിസ്ട്രേറ്റ് കോടതി വിവിധ കേസ്സുകളിൽ ജാമ്യമനുവദിച്ചത്.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പിൽ പൂക്കോയ ജാമ്യത്തിലിറക്കുന്നതോടെ പണം നഷ്ടപ്പെട്ടവർ ത്രിശങ്കുവിലായി. വർഷങ്ങൾ നീണ്ട് നിൽക്കുന്ന നിയമ പോരാട്ടത്തിനൊടുവിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചാൽ മാത്രം പണം നഷ്ടപ്പെട്ടവർക്ക്  നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചേക്കാം.

പണം നഷ്ടപ്പെട്ടവർ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നുണ്ടെങ്കിലും, കേസ്സുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണം നിയമത്തിന്റെ വഴിക്കായതിനാൽ, നിക്ഷേപകർക്ക് പരിധിവിട്ട് പ്രതികൾക്കെതിരെ ഏതെങ്കിലും ചെയ്യാനാവില്ല. കോടതി ജാമ്യമനുസരിച്ച് പ്രതികൾക്ക് നിക്ഷേപകരിൽ നിന്നും സംരക്ഷണം നൽകേണ്ട ബാധ്യത പോലീസിൽ വന്നുചേരും.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ്; രണ്ടാംഘട്ട സമര പ്രഖ്യാപനം നാളെ

Read Next

കാഞ്ഞങ്ങാട്ട് നടന്നത് ക്വട്ടേഷൻ ആക്രമണം; ഒരാൾ അറസ്റ്റിൽ