ബാബുമാരുടെ മരണത്തിൽ നടുങ്ങി പുതുക്കൈ

കാഞ്ഞങ്ങാട്: ഒരാഴ്ചയ്ക്കിടെയുണ്ടായ 2 മരണങ്ങൾ പുതുക്കൈ ഗ്രാമത്തെ നടുക്കത്തിലാഴ്ത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുതുക്കൈ സദാശിവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അമ്പിളി ബാബുവെന്ന ബാബു സാമ്പത്തിക ബാധ്യത മൂലം തൂങ്ങി മരിച്ചത്. ഈ മരണത്തിന്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ മോചിതരാകും മുമ്പേയാണ് പുതുക്കൈ കടാങ്കോട്ട് വീട്ടിൽ ബാലഗോപാലൻ എന്ന ബാബു 41, ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.

ബുധനാഴ്ച കണ്ണപുരത്ത് നിന്നും നീലേശ്വരത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് തെറിച്ച് വീണാണ് ബാലഗോപാലൻ എന്ന ബാബു മരിച്ചത്. ഭാര്യ സ്മിതയ്ക്ക് മരുന്ന് വാങ്ങി തിരികെ വരുമ്പോഴാണ് യുവാവ് അബദ്ധത്തിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണത്. ബുധനാഴ്ച ഉച്ചയോടെയാണ് കണ്ണപുരത്തെ ആയുർവ്വേദ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കാൻ ഇദ്ദേഹം പുറപ്പെട്ടത്.

നവംബർ 6 ന് പുതുക്കൈയിൽ ആത്മഹത്യ ചെയ്ത അമ്പിളി ബാബുവെന്ന വ്യാപാരിയുമായി ബാലഗോപാലനെന്ന ബാബുവിന് അടുത്ത  പരിചയമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കട അമ്പിളി ബാബുവിന് കൈമാറിയ ശേഷം  ബാലഗോപാലൻ മറ്റൊരു കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. കച്ചവടത്തിൽ നഷ്ടമുണ്ടായതോടെ അമ്പിളി ബാബു കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി.

അമ്പിളി ബാബുവും, ബാലഗോപാലനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ബാലഗോപാലൻ മറ്റൊരു സുഹൃത്തിൽ നിന്നും വായ്പയായി വാങ്ങിക്കൊടുത്ത പണം അമ്പിളി ബാബു തിരികെ കൊടുക്കാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയിലുമായിരുന്നു. ഇതിനിടെയാണ് അമ്പിളി ബാബു തന്റെ മരണത്തിനുത്തരവാദി ബാലഗോപാലനെന്ന ബാബുവാണെന്ന് ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയത്.

ട്രെയിനിൽ നിന്ന് വീണു മരിച്ച ബാലഗോപാലനെന്ന ബാബു പുതുക്കൈ സദാശിവ ക്ഷേത്രത്തിന് സമീപത്തെ  സമീപത്തെ മാധവൻ–തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ കുന്നുംകൈ പാലക്കുന്ന് സ്വദേശിനിയാണ്. പ്ലസ്ടു വിദ്യാർത്ഥിനിയായ അക്ഷയ, ഒമ്പതാം തരം വിദ്യാർത്ഥിനിയായ അമൃത എന്നിവർ മക്കളാണ്.

LatestDaily

Read Previous

എംഡിഎംഏയുമായി കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റിൽ

Read Next

സബ് രജിസ്ട്രാർ ഓഫീസുകളിലെ വിജിലൻസ് റെയ്ഡിൽ ക്രമക്കേട്