വഞ്ചനാക്കേസ്സിൽ പരാതിക്കാരന് നീതി വൈകുന്നു

ഉദുമ: കപ്പൽ ജീവനക്കാരനിൽ നിന്നും ദമ്പതികൾ ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഹൊസ്ദുർഗ് കോടതി നിർദ്ദേശ പ്രകാരം ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസ്സിൽ പോലീസ് ഒളിച്ചു കളിക്കുന്നു. കോട്ടിക്കുളം അങ്കക്കളരി മഹൽ മൻസിലിൽ അബ്ദുൾ റഹ്മാന്റെ മകനും, കപ്പൽ ജീവനക്കാരനുമായ മോംസാലി പള്ളിക്കര കെ.കെ. പുറം ഫസീല റസിഡൻസിലെ ഖൈറുന്നീസ 48, ഭർത്താവ് മാഹിൻ 58, മകൻ മുഹമ്മദ് ഫൈസൽ 24, എന്നിവർക്കെതിരെ ഹൊസ്ദുർഗ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തെത്തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം  ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്.

ഖൈറുന്നീസയുടെ കുടുംബവുമായി  അടുത്ത പരിചയമുള്ള മോംസാലി വിവിധ ആവശ്യങ്ങൾക്കായാണ്  ഖൈറുന്നീസയ്ക്കും കുടുംബത്തിനും 9,41,516 രൂപ വിവിധ തവണകളായി കടം കൊടുത്തത്. കടം കൊടുത്ത പണം തിരികെ ചോദിച്ച മോംസാലിയെ ഖൈറുന്നീസ ബലാത്സംഗക്കേസ്സിൽ കുടുക്കിയതിനെത്തുടർന്ന് ഇദ്ദേഹം 62 ദിവസം റിമാന്റിൽക്കഴിഞ്ഞിരുന്നു. ഹൈക്കോടതി ജാമ്യമനുവദിച്ചതിനെത്തുടർന്നാണ് മോംസാലി ജയിൽ മോചിതനായത്. പണമിടപാടിൽ വഞ്ചിക്കപ്പെട്ട യുവാവ് പോലീസിൽ പരാതി കൊടുത്തെങ്കിലും, ബേക്കൽ പോലീസ് പരാതി പരിഗണിച്ചില്ല. ഒടുവിൽ കപ്പൽ ജോലി കഴിഞ്ഞ് അവധിക്ക് വന്നതോടെയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന കപ്പൽ കമ്പനിയിലെ ജീവനക്കാരനായ മോംസാലി ഉദുമയിലെയും പാലക്കുന്നിലെയും കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, ഫെഡറൽ ബാങ്ക് ശാഖകളിലൂടെയാണ് ദമ്പതികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. ഇതിന്റെയെല്ലാം രേഖകൾ ഇദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി പരിശോധിച്ച് ബോധ്യപ്പെട്ട രേഖകൾ കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥന് ഇതുവരെ ബോധ്യമായിട്ടില്ല. ബേക്കൽ പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയുള്ള ബാങ്കുകളിൽ നേരിട്ടന്വേഷിച്ചാൽ കിട്ടുന്ന വിവരങ്ങൾ ശേഖരിക്കാതെ പണമയച്ച യു.എസ്. കമ്പനിയുടെ അക്കൗണ്ട്  നമ്പർ വേണമെന്ന വിചിത്ര ആവശ്യമുയർത്തി അന്വേഷണോദ്യോഗസ്ഥൻ കേസ് വലിച്ചു നീട്ടുകയാണ്.

വിദേശ കമ്പനിയുടെ  ബാങ്ക് അക്കൗണ്ട് വിവരം കിട്ടുകയെന്നത് എളുപ്പമല്ലാത്ത കാര്യമായതിനാൽ, കേസിൽ തുടർ നടപടി  വലിച്ചു നീട്ടുകയെന്നതാണ് പോലീസിന്റെ ലക്ഷ്യമെന്ന് സംശയമുണ്ട്. വഞ്ചനാക്കേസ്സിൽ ജാമ്യം കിട്ടുക എളുപ്പമല്ലാത്തതിനാൽ തുടർ നടപടികൾ വലിച്ചു നീട്ടി പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കാനാണ് പോലീസിന്റെ ശ്രമം. പ്രതിപ്പട്ടികയിലുള്ള യുവതിയുടെ അടുത്ത ബന്ധു ബേക്കൽ പോലീസിലെ നിത്യ സന്ദർശകനാണ്. വഞ്ചനാക്കേസ്സിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ ഇതും കാരണമായതായി സംശയിക്കുന്നു.

കേസ്സിലെ ഒന്നാം പ്രതിയായ ഖൈറുന്നീസ പരാതിക്കാരൻ നാട്ടിലെത്തിയതിന് പിന്നാലെ ഗൾഫിലേക്ക് കടന്നിരുന്നു. കേസ്സിലെ മൂന്നാം പ്രതിയായ ഇവരുടെ മകനും വിദേശത്താണ്. ശക്തമായ തെളിവുകളുടെ പിൻ ബലത്തിൽ കോടതി കേസ്സെടുക്കാൻ നിർദ്ദേശിച്ച സംഭവത്തിൽ തുടർ നടപടിയെടുക്കാതെ പരാതിക്കാരന് നീതി നിഷേധിച്ചിരിക്കുകയാണ് ബേക്കൽ പോലീസ്.

LatestDaily

Read Previous

പച്ചക്കറി വില പിടിച്ചു നിർത്താൻ നടപടിയില്ല

Read Next

കാഞ്ഞങ്ങാട്ട് ട്രാഫിക് കുരുക്ക് മുറുകി