ലോക്കൽ സമ്മേളനങ്ങളിൽ ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

കാഞ്ഞങ്ങാട്: പാർട്ടി കാഞ്ഞങ്ങാട് ഏരിയയിൽ ലോക്കൽ സമ്മേളനങ്ങൾ മുഴുവൻ പൂർത്തിയായപ്പോൾ, പത്ത് ലോക്കൽ സമ്മേളനങ്ങളിലും ഏരിയാ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നു.

എൽസി കമ്മിറ്റി ചേർന്ന  അഞ്ചിടങ്ങളിലും പാർട്ടി ഔദ്യോഗിക പാനൽ പരാജയപ്പെട്ടു. സിപിഎം കാഞ്ഞങ്ങാട് ഏസിയുടെ ചരിത്രത്തിൽ ആദ്യമായാണ് പാർട്ടി പാനലുകൾ അഞ്ചിടങ്ങളിൽ അമ്പേ പരാജയപ്പെട്ട സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് ശേഷം, പെരിയ കല്ല്യോട്ട് നടന്ന കോൺഗ്രസ് ആക്രമണങ്ങളിൽ  പാർട്ടി ഏരിയാ കമ്മിറ്റിക്ക് ഇടപെടാൻ കഴിയാതെ പോയത്  ഏസി നേതൃത്വത്തിന്റെ കടുത്ത പരാജയം തന്നെയാണെന്ന് ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികൾ ആഞ്ഞടിച്ചു.

കല്ല്യോട്ട് പാർട്ടി ഓഫീസ് മന്ദിരം കോൺഗ്രസ് പ്രവർത്തകർ പാടെ കുത്തിപ്പൊളിച്ച് തകർത്തിട്ടത് രണ്ടര വർഷം കഴിഞ്ഞിട്ടും  പുതുക്കിപ്പണിയാൻ  ഏരിയാ കമ്മിറ്റി താൽപ്പര്യമെടുത്തില്ല. ഇത് ഏരിയാ കമ്മിറ്റിയുടെ കടുത്ത പരാജയമായി ഒട്ടുമുക്കാൽ എൽസി യോഗങ്ങളിലും അണികൾ ഉയർത്തിക്കൊണ്ടു വന്നു. കല്ലൂരാവിയിൽ കൊലചെയ്യപ്പെട്ട ഔഫ് അബ്ദുൾറഹിമാന്റെ കുടുംബത്തിന്  വേണ്ടിയാണെന്ന് പ്രചാരണം നടത്തി, പാർട്ടി അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത 15 ലക്ഷത്തോളം  വരുന്ന പണത്തെക്കുറിച്ച് ഏരിയാ നേതൃത്വം ഇപ്പോഴും തികഞ്ഞ മൗനത്തിലാണ്.

ഈ പണത്തെക്കുറിച്ചും, ചിലവുകളെക്കുറിച്ചും, എത്ര പണം ഏസിയുടെ  കൈവശമുണ്ടെന്നും, പാർട്ടി അണികളോട് തുറന്നു പറയേണ്ട ബാധ്യത ഏസി ഇതുവരെ നിറവേറ്റാത്തത് ദുരൂഹതയായി തന്നെ നിലനിൽക്കുന്നുവെന്നും ഒട്ടു മുക്കാൽ  എൽസി യോഗങ്ങളിലും പ്രതിനിധികൾ തുറന്നുകാട്ടി. പ്രതിനിധികളുടെ ന്യായമായ ഈ ചോദ്യങ്ങൾക്ക് മുന്നിൽ ”ഔഫ് ഫണ്ട് കുടുംബത്തിന് കൊടുത്തില്ലെന്ന്” വാർത്ത പ്രസിദ്ധീകരിച്ച പത്രത്തെയും പത്രാധിപരേയും പഴി പറയാനാണ് ഏസി നേതൃത്വം മുതിർന്നത്.

പാർട്ടി ആഭ്യന്തര കാര്യത്തിനാണെങ്കിൽ പോലും, പാർട്ടിക്ക് വേണ്ടിയാണ് പിരിവ് എന്ന് പറയാതെ 15 ലക്ഷത്തോളം രൂപ പിരിച്ച കണക്കുകളിൽ  ഏസി നേതൃത്വത്തിന്റെ അർത്ഥഗർഭമായ മൗനത്തിൽ, സമ്മേളനങ്ങളിൽ സംബന്ധിച്ച അണികൾ മറയില്ലാതെ  ശക്തമായ ആരോപണം ഏസി നേതൃത്വത്തിന് എതിരെ അഴിച്ചുവിട്ടു. ഈ ആരോപണത്തിന്റെ പ്രതിഫലനം ഡിസംബർ 1, 2  തീയ്യതികളിൽ അജാനൂർ ഇട്ടമ്മലിൽ നടക്കുന്ന ഏരിയാ സമ്മേളനത്തിൽ പ്രതിഫലിക്കാനിടയുണ്ട്.

LatestDaily

Read Previous

അപകീർത്തികരമല്ലാത്ത വാർത്തകളിൽ അപകീർത്തി ആരോപിച്ച് പി. ബേബിയുടെ വക്കീൽ നോട്ടീസ്

Read Next

രാജപുരം സ്വദേശിനി പുന്നപ്രയിൽ മയക്കുമരുന്നുമായി പിടിയിൽ