നടക്കാവ് കവർച്ചയിൽ ദുരൂഹത

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നടക്കാവിലെ എം. ടി. പി. അബ്ദുൾ റഹിമാന്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണ്ണാഭരണങ്ങളും 14,000 രൂപയും കാണാതായ സംഭവത്തിൽ ദുരൂഹത . ഇന്നലെ ഉച്ചയ്ക്ക് 12.30  മണിയോടെയാണ് നടക്കാവിലെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കാണാതായെന്ന് ചന്തേര പോലീസിൽ പരാതി ലഭിച്ചത്.

അബ്ദുൾ റഹീമിന്റെ മകളും ഭർത്താവും വിദേശത്താണ്.  മകൾ നാട്ടിലേക്ക് വരുന്ന സാഹചര്യത്തിലാണ് മകളുടെ ഭർത്താവിന്റെ വീട്ടിലുണ്ടായിരുന്ന സ്വർണ്ണം അബ്ദുൾ റഹീം നവംബർ 09– ന് നടക്കാവിലെ വീട്ടിൽ കൊണ്ടുവന്നത്. ഇദ്ദേഹത്തിന്റെ മകളുടേതാണ് കാണാതായ 35 പവൻ സ്വർണ്ണാഭരണങ്ങൾ. വീടിന്റെ മുകൾ നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് വരാനുള്ള വാതിൽ തലേദിവസം അടച്ചിരുന്നില്ലെന്നാണ് ഗൃഹനാഥൻ പോലീസിനെ അറിയിച്ചത്.

സമീപത്തെ വീട്ടിലെ ഏണി കൊണ്ട് വന്ന് ചാരിവെച്ചാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കയറിയതെന്ന് സംശയിക്കുന്നു.കാസർകോട് നിന്നെത്തിയ പോലീസ് നായ വീടിന്റെ പരിസരത്ത് മാത്രമാണ് ചുറ്റിക്കറങ്ങിയത്. ഇന്നലെ രാവിലെയാണ് സ്വർണ്ണാഭരണങ്ങൾ കാണാതായ വിവരം വീട്ടുകാരറിഞ്ഞത്. വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ  അലമാര കുത്തിത്തുറന്നാണ് സ്വർണ്ണവും പണവും അപഹരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ചന്തേര ഐപി, പി. നാരായണൻ പറഞ്ഞു.

കവർച്ചാ വിവരം അറിഞ്ഞതിന് പിന്നാലെ ചന്തേര ഐപിയും എസ്ഐ, എം. വി. ശ്രീദാസനും വീട്ടിലെത്തി പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. വീടിന് സമീപത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ചന്തേര പോലീസ് അറിയിച്ചു. മകളുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് അബ്ദുൾ റഹിമാൻ സ്വർണ്ണം കൊണ്ടുവന്നതിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ച ആരെങ്കിലുമാകാം കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

LatestDaily

Read Previous

പണയ ഇടപാടിൽ പിലിക്കോട് സഹ. ബാങ്കിന് 7.5 ലക്ഷത്തിന്റെ നഷ്ടം

Read Next

വൈദ്യുതി മുടങ്ങും