അപകീർത്തികരമല്ലാത്ത വാർത്തകളിൽ അപകീർത്തി ആരോപിച്ച് പി. ബേബിയുടെ വക്കീൽ നോട്ടീസ്

കാഞ്ഞങ്ങാട്: തീരെ അപകീർത്തികരമല്ലാത്ത വാർത്തകളിൽ മാനഹാനിയും, അപകീർത്തിയുമുണ്ടെന്ന് ബോധപൂർവ്വം വരുത്തിത്തീർത്ത് കേസ് കൊടുക്കാൻ   ലേറ്റസ്റ്റിന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിയുടെ വക്കീൽ നോട്ടീസ്. ”ബേബി പാർട്ടിക്ക് മുകളിൽ” (4-08-2021) പ്രസിദ്ധീകരിച്ച വാർത്തയിൽ  അപകീർത്തിയുണ്ടെന്ന് ബേബിക്ക് വേണ്ടി കാഞ്ഞങ്ങാട്ടെ ഷുക്കൂർ വക്കീലാണ്  അപകീർത്തി  നോട്ടീസയച്ചത്.

”ബേബി  ബാങ്ക് പദവി ഒഴിഞ്ഞില്ല” 5-08-2021-ന് പ്രസിദ്ധീകരിച്ച വാർത്തയും  ”പി. ബേബിക്ക് പാർട്ടി തിരിച്ചടി” എന്ന ശീർഷകത്തിൽ 27-07-2021 ന് പ്രസിദ്ധീകരിച്ച വാർത്തയും ബേബിക്ക് അപകീർത്തിയുണ്ടാക്കിയെന്നാണ് നോട്ടീസിൽ   ബേബിയുടെ ആരോപണം.  ”വി.എസ് അച്യുതാനന്ദന് പാർട്ടിയിൽ തിരിച്ചടി” കണ്ണൂർ ലോബി പിടിമുറുക്കി” എന്ന വാർത്തയ്ക്ക് വി.എസ് അച്യുതാനന്ദൻ ഇന്നുവരെ മലയാള മനോരമയടക്കമുള്ള   പത്രങ്ങൾക്കെതിരെ അപകീർത്തി നോട്ടീസ് അയച്ചതായി അറിവില്ല.

”മടിക്കൈയിൽ ബേബി ഗ്രൂപ്പ് പിടിമുറുക്കി” എന്ന തലക്കെട്ടിൽ 9-09-2021 ന് ലേറ്റസ്റ്റിൽ  പ്രസിദ്ധീകരിച്ച വാർത്തയും ”പി. ബേബിക്ക് വരവിൽക്കവിഞ്ഞ സ്വത്ത്” എന്ന തലക്കെട്ടിൽ 15-09-2021 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ പലതും  അർദ്ധ സത്യങ്ങളാണെന്നാണ് ബേബിയുടെ ആരോപണം. ”പിണറായി പാർട്ടിയിൽ പിടിമുറുക്കി” എന്ന തലക്കെട്ടിൽ  മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തകൾ തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് പിണറായി വിജയൻ മനോരമ,  മാതൃഭൂമിയടക്കമുള്ള പത്രങ്ങൾക്കെതിരെ ഇന്നുവരെ കേസ് കൊടുത്തിട്ടില്ല.

ബേബിക്ക് വരവിൽക്കവിഞ്ഞ ഭൂസ്വത്തുണ്ടെന്ന ശക്തമായ ആരോപണം ഇക്കഴിഞ്ഞ പാർട്ടി ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ നീലേശ്വരം ഏരിയയിലെ  ഒട്ടുമുക്കാൽ പാർട്ടി അണികളും ഉയർത്തിയ ആരോപണമാണ്. പാർട്ടി യോഗങ്ങളിൽ പാർട്ടി നയമനുസരിച്ച് അണികൾക്ക് നേതൃത്വത്തിന്റെ വഴിവിട്ട പോക്കുകളെ അതി നിശ്ചിതമായി വിമർശിക്കാനുള്ള പരമാധികാരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേകതയാണ്.

ഇത്തരം വിമർശനങ്ങളെല്ലാം, രേഖപ്പെടുത്തി ജില്ലാ സമ്മേളനം മുതൽ സംസ്ഥാന സമ്മേളനം വരെ എത്തിക്കേണ്ട ചുമതലയും പാർട്ടി ഭാരവാഹികൾക്കുണ്ടെന്നിരിക്കെ, വനിതാ നേതാവിന്റെ വരവിൽക്കവിഞ്ഞ സ്വത്ത് ആരോപണം മടിക്കൈ പാർട്ടി ബ്രാഞ്ചുകളിൽ നിന്ന് അണികൾ ഉയർത്തിക്കൊണ്ടുവന്നതാണ്. പാർട്ടി അണികൾ പാർട്ടി വേദിയിൽ ഉന്നയിച്ച മറയില്ലാത്ത ആരോപണത്തിന്റെ  പേരിലും പാർട്ടി നേതാക്കൾ ആരും വക്കീൽ നോട്ടീസ്സോ, കേസ്സോ കൊടുക്കാറില്ല.

മേൽ ഭൂസ്വത്ത് വാർത്തയിൽ “വരവിൽക്കവിഞ്ഞ ഭൂസ്വത്ത് തനിക്കില്ലെന്ന്” പി. ബേബി വക്കീൽ നോട്ടീസ്സിൽ ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലും, പി. ബേബിക്ക് വരവിൽക്കവിഞ്ഞ ഭൂസ്വത്തുണ്ടെന്ന് ലേറ്റസ്റ്റ് ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ്.  ആയതിനുള്ള തെളിവുകൾ ഏതു കോടതിയിൽ  ഹാരാക്കാനുള്ള രേഖകളും ലേറ്റസ്റ്റിന്റെ അലമാരയിൽ ഭദ്രമായുണ്ട്.

പി. ബേബി ജനങ്ങളുടെ വോട്ടുവാങ്ങി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ജനപ്രതിനികളുടെ  വഴിമാറിയുള്ള അഴിമതിയടക്കമുള്ള പോക്കിനെ ഏതു വിധേനയും വിമർശിക്കാനും വാർത്തകൾ പ്രസിദ്ധപ്പെടുത്തി പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള അധികാരം ജനാധിപത്യത്തിന്റെ നാലാം തൂണായ പത്ര മാധ്യമങ്ങൾക്കുണ്ടെന്ന വസ്തുത ചിലപ്പോൾ പി. ബേബിക്ക് പാർട്ടി ക്ലാസ്സിൽ നിന്ന് കിട്ടിക്കാണില്ല. അതല്ലെങ്കിൽ,  ഒരു ജില്ലാ പഞ്ചായത്ത്  അധ്യക്ഷയെ പത്രദ്വാരാ വിമർശിച്ചതിന് രണ്ടുമാസക്കാലം പലപ്പോഴായി ലേറ്റസ്റ്റിൽ പ്രസിദ്ധീകരിച്ച വാർത്തകൾ മുഴുവൻ തനിക്ക്  അകീർത്തിയും മാനഹാനിയുമുണ്ടാക്കിയെന്ന്   ‘ഇല്ലാത്ത അപകീർത്തി’ ആരോപിച്ച് ലേറ്റസ്റ്റിന്  വക്കീൽ നോട്ടീസയക്കാൻ ബേബിയും ഇവരുടെ നിയമോപദേശകനുമായ അഭിഭാഷകനും മുതിരുമായിരുന്നില്ല.

പൊതു പ്രവർത്തക എന്ന നിലയിലുള്ള വിമർശനമല്ലാതെ ബേബിയെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന ഒരു പരാമർശവും ലേറ്റസ്റ്റ് വാർത്തകളിലില്ല. അങ്ങിനെ ഏതെങ്കിലും ഒരു പരാമർശം ബേബിക്കെതിരായി   പ്രസിദ്ധീകരിച്ചതായി ചൂണ്ടിക്കാണിക്കാനും വക്കീൽ നോട്ടീസിൽ ബേബിക്ക്  കഴിഞ്ഞതുമില്ല.  ആരോഗ്യമന്ത്രി  കെ. കെ. ശൈലജയും മുഖ്യമന്ത്രി പിണറായിയും മനോരമ ഏർപ്പെടുത്തിയ ന്യൂസ്മേയ്ക്കർ ഓഫ് ദ ഇയർ പുരസ്കാരം സ്വീകരിച്ചവരാണ്.

ലാവ്്ലിൻ കേസ്സുമായി ബന്ധപ്പെട്ട് സകല മാധ്യമങ്ങളിലും പിണറായിക്കെതിരെ  വാർത്തകൾ സംപ്രേഷണം  ചെയ്തപ്പോൾ, ” ലാവ്്ലിൻ കേസ്സ് നിങ്ങൾ തെളിയിക്കൂ” എന്നായിരുന്നു പിണറായിയുടെ നിലപാട്.

Read Previous

ഭൂട്ടാന്റെ പേരിൽ നമ്പറെഴുത്ത് ലോട്ടറി

Read Next

ലോക്കൽ സമ്മേളനങ്ങളിൽ ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം