ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഗ്രൂപ്പ് പോരിനെതുടർന്ന് ഹജ്ജ് കമ്മിറ്റി അംഗത്വം നഷ്ടമായ ഐഎൻഎല്ലിന് കോർപ്പറേഷൻ വീതം വെക്കലിൽ കനത്ത തിരിച്ചടി. കഴിഞ്ഞയാഴ്ച ചേർന്ന ഇടതു മുന്നണി യോഗത്തിൽ സംസ്ഥാന സർക്കാരിന് കീഴിലെ കോർപ്പറേഷനുകളും ബോർഡുകളും വീതം വെച്ചപ്പോഴാണ്, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻ എൽ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വിട്ടു നൽകേണ്ടി വന്നത്.
ഏറ്റവും വലിയ ന്യൂന പക്ഷ വിഭാഗം ഇതേവരെ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ – ധനകാര്യ കോർപ്പറേഷനാണ് കേരള കോൺഗ്രസ് എം-ന് നൽകിയത്. ന്യൂന പക്ഷ ധനകാര്യ കോർപ്പറേഷൻ രൂപീകൃതമായത് മുതൽ യുഡിഎഫിൽ മുസ്്ലീം ലീഗും തുടർന്നു വന്ന ഇടതു സർക്കാറിൽ ഐഎൻഎല്ലുമാണ് കൈകാര്യം ചെയ്തത്.
വീതം വെപ്പിൽ കേരള കോൺഗ്രസ് എമ്മിന് മുന്തിയ പരിഗണന കിട്ടിയപ്പോൾ, ഐഎൻഎല്ലിന് കിട്ടിയത് തൃശ്ശൂരിലെ സീതാറാം മില്ലിന്റെ മാത്രം ചെയർമാൻ പദവിയാണ്. സംസ്ഥാന തലത്തിൽ വ്യാപനമുള്ള ഒരു കോർപ്പറേഷനോ, ബോർഡോ കിട്ടാത്തതാണ് ഐഎൻഎല്ലിന് കനത്ത തിരിച്ചടിയായത്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ഏ.പി. അബ്ദുൽ വഹാബായിരുന്നു ന്യൂന പക്ഷ ധനകാര്യ കോർപ്പറേഷന്റെ ചെയർമാൻ. ഇത്തവണ ന്യൂന പക്ഷ ക്ഷേമ വകുപ്പ് സിപിഎം സ്വന്തമാക്കി ഐഎൻഎല്ലിനെ തഴഞ്ഞപ്പോൾ, ന്യൂന പക്ഷ ധനകാര്യ കോർപ്പറേഷൻ കേരള കോൺഗ്രസ് എമ്മിന് നൽകി ഐഎൻഎല്ലിനെ വീണ്ടും തഴഞ്ഞു.
സിപിഐക്ക് കഴിഞ്ഞതവണയുണ്ടായത്രയും കോർപ്പറേഷനും ബോർഡുകളും നൽകിയപ്പോൾ ഇടതു മുന്നണിയിലേക്ക് പുതുതായി കടന്നു വന്ന കേരള കോൺഗ്രസ് എമ്മിന് കിട്ടിയതാവട്ടെ അര ഡസനിലേറെ ബോർഡുകളും കോർപ്പറേഷനുകളും. ജനതാദൾ എസ് കൈവശം വെച്ചിരുന്ന വനം വികസന കോർപ്പറേഷനും കേരള കോൺഗ്രസ് എമ്മിന് നൽകി.
15 കോർപ്പറേഷൻ ബോർഡുകളായിരുന്നു കേരള കോൺഗ്രസ് എം ചോദിച്ചത്. ഉഭയകക്ഷി ചർച്ചയിൽ പത്തെങ്കിലും കിട്ടണമെന്ന് കേരള കോൺഗ്രസ് എം വാദിച്ചുവെങ്കിലും ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ കിട്ടിയപ്പോൾ ആറെണ്ണം കൊണ്ട് കേരള കോൺഗ്രസ് എം. തൃപ്തിപ്പെട്ടു. കഴിഞ്ഞ തവണ ലഭിച്ച പതിനേഴ് കോർപ്പറേഷൻ ബോർഡുകൾ സിപിഐക്ക് ഇത്തവണയും കിട്ടി. ജെഡിഎസ്, എൽജെഡി എൻസിപി, ജനാധിപത്യ കേരള കോൺഗ്രസ് കക്ഷികൾക്ക് പോലും രണ്ട് സ്ഥാപനങ്ങൾ വീതം നൽകിയപ്പോൾ ഐഎൻഎല്ലിനെ തൃശ്ശൂരിലെ സീതാറാം മില്ലിൽ ഒതുക്കുകയായിരുന്നു.