നോട്ടു നിരോധനത്തിന്റെ അഞ്ചാം വർഷം

കാഞ്ഞങ്ങാട്: ഇന്ത്യൻ സാമ്പത്തിക  മേഖലയെ അടിമുടി ഉലച്ച നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചാം വാർഷികം. 2016 നവംബർ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസികൾ ഒറ്റയടിക്ക് നിരോധിച്ചത്.

കള്ളപ്പണം പിടികൂടാനെന്ന പ്രഖ്യാപനത്തോടെയാണ് പ്രചാരത്തിലിരുന്ന കറൻസികൾ ഒറ്റയടിക്ക് പിൻവലിച്ചത്. റിസർവ്വ് ബാങ്ക് ഗവർണറോടോ ധനകാര്യമന്ത്രിയോടോ ആലോചിക്കാതെ ഇന്ത്യൻ പ്രധാനമന്ത്രിയെടുത്ത തീരുമാനമായിരുന്നു നോട്ടുനിരോധനം. പൂഴ്ത്തിവെച്ച കള്ളപ്പണം കണ്ടെത്താനാണ് നോട്ടുനിരോധിച്ചതെങ്കിലും, പ്രധാനമന്ത്രിയുടെ തീരുമാനം ഇന്ത്യൻ സമ്പദ്്വ്യവസ്ഥയ്ക്ക് ഏല്പ്പിച്ച ആഘാതം കടുത്തതായിരുന്നു.

കൈയ്യിൽ കനത്ത സമ്പാദ്യമില്ലാത്ത സാധാരണക്കാരാണ് കൈയ്യിലുള്ള നോട്ട് മാറിയെടുക്കാൻ ബാങ്കുകളുടെ മുന്നിൽ ക്യൂ നിന്ന് കുഴഞ്ഞു വീണ് മരിച്ചത്. ഇത്തരത്തിൽ നൂറുകണക്കിനാൾക്കാർ ഇന്ത്യയിൽ നോട്ടു നിരോധനത്തിന്റെ ബലിയാടായി. ആയിരം രൂപയുടെ കറൻസി നോട്ടുകൾ പൂർണ്ണമായും പിൻവലിച്ച് പകരം രണ്ടായിരം രൂപയുടെ കറൻസിയാണ് കേന്ദ്രം പുറത്തിറക്കിയത്.

രണ്ടായിരത്തിന്റെ കറൻസിയിൽ നാനോ ചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും ഭൂമിക്കടിയിൽ ഒളിപ്പിച്ചാലും സാറ്റലൈറ്റ് വഴി ഇവ കണ്ടെത്താനാകുമെന്നും ഇതുവഴി കള്ളപ്പണനിക്ഷേപം തടയാനാകുമെന്നുമാണ് സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. പുതുതായി അച്ചടിച്ചിറക്കിയ നോട്ടുകൾക്ക് യാതൊരു പ്രത്യേകതയുമില്ലെന്ന് പിന്നീട്  തെളിഞ്ഞു. കറൻസി വിനിമയം തടയാനും ഡിജിറ്റൽ കറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കുവാനും നോട്ട് നിരോധനം വഴി ലക്ഷ്യമിട്ടിരുന്നുവെങ്കിലും 2021 ആകുമ്പോഴേക്കും കറൻസി വിനിമയത്തിൽ വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.

പിൻവലിച്ച നോട്ടുകളുടെ 99.3 ശതമാനത്തിലധികം മൂല്യമുള്ള കറൻസി ബാങ്കുകളിൽ തിരിച്ചെത്തിയതോടെ ഇന്ത്യയിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന കേന്ദ്ര സർക്കാറിന്റെ വാദവും പൊളിഞ്ഞു. മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ ഫലമായി കാർഷിക വ്യവസായ മേഖലകളിൽ തകർച്ചയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ലെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

ചെറുകിട തൊഴിൽ മേഖലകളിൽ പലതും നോട്ടു നിരോധനത്തോടെ നാമാവശേഷമായി. കള്ളപ്പണ നിക്ഷേപം പിടിച്ചെടുത്ത് ഒാരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും നടപ്പിലായില്ല. നോട്ട് നിരോധിച്ചത് വഴി കള്ളപ്പണം കണ്ടെത്തുന്നതോടെ ഇന്ത്യൻ സമ്പദ്്വ്യവസ്ഥ വൻ കുതിച്ചുചാട്ടം നടത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഇന്ത്യൻ സമ്പദ്്വ്യവസ്ഥ താഴോട്ട് പോകുകയാണുണ്ടായത്. നോട്ടു നിരോധനത്തെത്തുടർന്നുണ്ടായ വിപരീത ഫലങ്ങൾ പരിഹരിക്കാൻ അമ്പത് ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തോടാവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് വർഷം കഴിഞ്ഞിട്ടും കറൻസി നിരോധനത്തിന്റെ ഫലം ഇന്ത്യൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ കറൻസി നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാണെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്. നിലവിൽ പ്രചാരത്തിലിരിക്കുന്ന 2,000 രൂപ നോട്ടുകളുടെ അച്ചടി കേന്ദ്രസർക്കാർ ഏതാണ്ട് നിർത്തിവെച്ച  മട്ടാണ്. രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കമുണ്ടെന്നും സൂചനയുണ്ട്. പിൻവലിച്ച നോട്ടുകളുടെ 99 ശതമാനത്തിലധികം തിരിച്ചുവന്നതോടെ നോട്ട് നിരോധനം എന്തിനായിരുന്നുവെന്ന ചോദ്യവും ഉത്തരം കിട്ടാതെ നിലനിൽക്കുന്നു.

LatestDaily

Read Previous

ജിമ്മിലേക്ക് പുറപ്പെട്ട യുവാവിനെയും കാമുകിയേയും കോഴിക്കോട്ട് കണ്ടെത്തി

Read Next

ഭൂട്ടാന്റെ പേരിൽ നമ്പറെഴുത്ത് ലോട്ടറി