പോലീസ് നീക്കമറിയാൻ പൂഴി ചാരന്മാർ; വേഷം മാറി പോലീസ്

മണൽ കടത്തുകാർക്ക് വേണ്ടി രാഷ്ട്രീയക്കാർ; ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: പോലീസിന്റെ നീക്കമറിയാൻ പോലീസ് സ്റ്റേഷൻ പരിസരത്തുൾപ്പെടെ രാത്രി പതുങ്ങിയിരുന്ന് പൂഴി ചാരന്മാർ. പാതിരാത്രിയും പുലർകാല സമയത്തുമടക്കം റോഡരികിൽ കെട്ടിടങ്ങൾക്ക് മറവിൽ  ഒളിഞ്ഞിരുന്ന് പോലീസിന്റെ നീക്കം പൂഴികടത്തുകാർക്ക് കൈമാറുന്ന നിരവധിപേർ പോലീസിന്റെ പിടിയിലായി.

കഴിഞ്ഞ ദിവസം രാത്രിയിലും പുലർകാലത്തും ഹൊസ്ദുർഗ്, ബേക്കൽ പോലീസും നടത്തിയ മിന്നൽ ഒാപ്പറേഷനിൽ നിരവധി പൂഴിക്കടത്ത് ചാരന്മാർ കുടുങ്ങി. സംശയ സാഹചര്യത്തിൽ കണ്ടവരെ പോലീസ് താക്കീത് നൽകി വിട്ടു. പോലീസിന്റെ നീക്കം പൂഴിക്കടത്തുകാർക്ക് ഒറ്റിക്കൊടുത്ത യുവാവിനെ കാഞ്ഞങ്ങാട് നിന്നും പുലർകാലം പോലീസ് അറസ്റ്റ് ചെയ്തു. വടകര മുക്കിലെ ഇർഷാദിനെയാണ് 25, പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും പോലീസ് പിടികൂടിയത്.

യുവാവ് പൂഴിക്കടത്തുകാർക്കു വേണ്ടി പോലീസിന്റെ നീക്കമറിയുന്നതിന് പതുങ്ങിയിരിക്കുകയായിരുന്നുവെന്ന സംശയത്തിലാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം അർദ്ധരാത്രിയിലും പുലർകാലവും പൂഴികടത്തുകാരെ പിടികൂടാൻ പോലീസ് വേഷം മാറി സഞ്ചരിക്കുകയായിരുന്നു. പോലീസ് ജീപ്പ് ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

പൂഴി കടത്തുകാർക്കെതിരെ നടപടി ശക്തമാക്കിയതിനെ തുടർന്ന് കടത്ത് ഗണ്യമായി കുറഞ്ഞിരുന്നു. ഇപ്പോൾ പൂഴി കടത്ത് അർദ്ധ രാത്രിയിലും, പുലർച്ചെയും  ശക്തമായതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  പോലീസ് ഒാപ്പറേഷൻ. ബേക്കലിൽ പൂഴി വാരുന്നതിനുപയോഗിച്ച മൂന്ന് നതോണികൾ പോലീസ് തകർത്തു.

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിസരത്തും ഹൊസ്ദുർഗ് ടൗൺ പരിസരങ്ങളിലുമായി ഒറ്റുകാരെന്ന് സംശയിക്കുന്ന നിരവധി പേരെ കാണപ്പെട്ടു. പലരും പോലീസിന്റെ പിടിയിൽ നിന്നും ഒാടി രക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ നീക്കം പൂഴി കടത്തുകാർ ചോർത്തി നൽകിയത് സംബന്ധിച്ച വിവരം ചാരന്മാരുടെ മൊബൈൽ ഫോണുകളിൽ പോലീസ് കണ്ടെത്തി.

പോലീസിലും പൂഴിക്കടത്തുകാർക്ക് ചാരന്മാരുണ്ട്. രാഷ്ട്രീയക്കാരും പോലീസുദ്യോഗസ്ഥരും പൂഴികടത്തു സംഘത്തിന്റെ സ്വന്തക്കാരാണ്. കഴിഞ്ഞ ദിവസം പുലർച്ചെ   പൂഴിക്കടത്തുകാരനെ ഹൊസ്ദുർഗ് പോലീസ് ചോദ്യം ചെയ്തതറിഞ്ഞ് ഭരണ കക്ഷിയിൽപ്പെട്ട രാഷ്ട്രീയക്കാരനടക്കം നിരവധി പേർ പൂഴികടത്തുകാരനു വേണ്ടി പോലീസിനെ വിളിച്ച് സഹായംതേടിയിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച്  പൂഴി കടത്ത് പാതിരാത്രിയിലേക്ക് മാറ്റിയത് തിരിച്ചറിഞ്ഞ പോലീസ് മണൽ മാഫിയയെ ഉറക്കമൊഴിച്ചു പിടികൂടാനുള്ള ശ്രമത്തിലാണ്.

LatestDaily

Read Previous

ഗ്യാസ് വില വർദ്ധന: ജീവിതം വഴിമുട്ടി തട്ടു കടക്കാർ

Read Next

എസ്എഫ്ഐ കൊടിമരം എംഎസ്എഫ് പിഴുതുമാറ്റി