ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കഞ്ചാവ് കൊണ്ടു വന്നത് ഇന്നോവ കാറിൽ ആന്ധ്രയിൽ നിന്ന്
കാഞ്ഞങ്ങാട്: ദേശീയപാതയിൽ ഐങ്ങോത്ത് നിന്നും എംഡിഎംഏയുമായി പിടിയിലായ യുവാവ് 2019 ൽ ആന്ധ്രയിൽ നിന്നും 112 കിലോ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതി വെസ്റ്റ് എളേരി കുന്നുംകൈയിലെ സി. എച്ച്. മുസ്തഫയുടെ മകൻ ഏ. കെ. നൗഫലിനെയാണ് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് പോലീസ് എംഡിഎംഏയുമായി പിടികൂടിയത്. 2019 ഫെബ്രുവരിയിൽ അന്നത്തെ ചിറ്റാരിക്കാൽ എസ്ഐയും നിലവിൽ അമ്പലത്തറ പോലീസ് ഇൻസ്പെക്ടറുമായ രഞ്ജിത്ത് രവീന്ദ്രനാണ് ഏ. കെ. നൗഫലിനെ കഞ്ചാവുമായി പിടികൂടിയത്.
ചിറ്റാരിക്കാൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ വെസ്റ്റ് എളേരി മൗക്കോടിന് സമീപം പൂങ്ങോട് നിന്നാണ് നൗഫൽ പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്ന് ഇന്നോവ കാറിൽ കടത്തിയ 112 കിലോ കഞ്ചാവാണ് ചിറ്റാരിക്കാൽ പോലീസ് പിടികൂടിയത്. കാറിനകത്ത് പായ്ക്കറ്റുകളാക്കിയാണ് ഒരു ക്വിന്റലിലധികം കഞ്ചാവ് കേരളത്തിലെത്തിച്ചത്.
ചെക്ക് പോസ്റ്റുകൾ വെട്ടിച്ച് ഊടുവഴികളിലൂടെ നടത്തിയ കള്ളക്കടത്ത് ഒടുവിൽ ചിറ്റാരിക്കാൽ പോലീസ് പിടികൂടുകയായിരുന്നു. ഈ സംഭവത്തിൽ ഒരാൾ കൂടി പ്രതിയാണ്. കഞ്ചാവ് കള്ളക്കടത്തിൽ ദീർഘനാൾ റിമാന്റിൽ കഴിഞ്ഞ ശേഷമാണ് നൗഫൽ ജയിൽ മോചിതനായത്. ഈ കേസ്സ് കോടതിയിൽ വിചാരണ കാത്തിരിക്കുകയാണ്. ടാക്സി സർവ്വീസ് നടത്തുന്ന നൗഫലിന് മറ്റ് തൊഴിലുകളൊന്നുമില്ല.
യുവാവ് കുറച്ചുനാൾ വിദേശത്തായിരുന്നു. അടുത്ത കാലത്തായി നൗഫൽ കാറിൽ കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും ചുറ്റിക്കറങ്ങാറുണ്ട്. മയക്കുമരുന്ന് കച്ചവടം ലക്ഷ്യമിട്ടാണ് യുവാവിന്റെ കറക്കമെന്ന് സംശയമുണ്ട്. പടന്നക്കാട് ഐങ്ങോത്ത് കെഎൽ 60 ക്യു 2156 നമ്പർ സ്വിഫ്റ്റ് കാറിൽ കറങ്ങുന്നതിനിടെയാണ് നൗഫൽ പിടിയിലായത്.
കാറിനകത്തു നിന്നും പൊതികളാക്കിയ നിലയിൽ എംഡിഎംഏയെന്ന മാരക ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു. ചുരുങ്ങിയ അളവിലുള്ള ലഹരി മരുന്നിന് കൂടിയ വില ലഭിക്കുമെന്നതാണ് എംഡിഎംഏ കള്ളക്കടത്തിന്റെ ആകർഷണം. കഞ്ചാവ് കള്ളക്കടത്ത് സംഘത്തിലെ പലരുമിപ്പോൾ എംഡിഎംഏ കച്ചവടക്കാരാണ്. കർണ്ണാടകയിൽ നിന്നും രഹസ്യ മാർഗ്ഗങ്ങൾ വഴിയാണ് എംഡിഎംഏ ജില്ലയിലെത്തുന്നത്.