ഗ്യാസ് വില വർദ്ധന: ജീവിതം വഴിമുട്ടി തട്ടു കടക്കാർ

കാഞ്ഞങ്ങാട്: പാചക വാതക സിലിണ്ടറിന്റെ വിലയിൽ വൻ വർദ്ധനവ് വരുത്തിയത് മൂലം  ചെറുകിട ചായക്കടകൾക്കും, തട്ട് കടക്കാർക്കും താങ്ങാൻ കഴിയാതെ ജീവിതം വഴിമുട്ടി. കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിന് സമീപം ചായക്കട നടത്തുന്ന ഹംസ 31 കൊല്ലം മുമ്പാണ് വിരാജ് പേട്ടയിൽ നിന്ന്  കാഞ്ഞങ്ങാട്ടെത്തിയത്. അന്ന് ചായക്കടകളൊക്കെ കുറവായിരുന്നു.

1990 കളിൽ ഗ്യാസ് സ്റ്റൗവായിരുന്നു ഉപയോഗിച്ചിരുന്നത്. 2013 മുതലാണ് സിലിണ്ടർ ഉപയോഗിച്ച് തുടങ്ങിയത്. അന്ന് ആയിരം രൂപ പോലും ഗ്യാസിനുണ്ടായിരുന്നില്ല. 900 രൂപയാണെന്നാണ്  ഹംസയുടെ ഓർമ്മ. ഇപ്പോൾ വില 2050 രൂപയായി. വീട്ടുവാടക ക്ക്  5000 രൂപ വേറെ കാണണം. പിന്നെ കറന്റ് ബില്ല്, കെട്ടിട വാടക, തൊഴിലാളികളുടെ കൂലി തുടങ്ങിയവയൊക്കെ കൂട്ടുമ്പോൾ നൂറ് ശതമാനം നഷ്ട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. പലപ്പോഴും അടച്ച് പൂട്ടാൻ വിചാരിക്കും.

മറ്റ് ജീവിതോപാധികളില്ലാത്തതിനാൽ  മനസ്സ് സമ്മതിക്കുന്നില്ല. സിലിണ്ടർ ഉൾപ്പെടെയുള്ള എല്ലാ അവശ്യസാധനങ്ങൾക്കും നിലവിൽ തീവിലയായ സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില ഒറ്റയടിക്ക് കൂട്ടാൻ കഴിയില്ല. ചെറിയ തോതിലെങ്കിലും ഘട്ടംഘട്ടമായി വില കൂട്ടിയാൽ മാത്രമേ ഹോട്ടൽ  മേഖലയിലുള്ളവർക്ക് കച്ചവടം മുന്നോട്ടു കൊണ്ടുപോകാനാകൂ. ഇല്ലെങ്കിൽ തട്ടുകടകൾ ഉൾപ്പെടെയുള്ള മിക്ക ഹോട്ടലുകളും അടച്ചുപൂട്ടേണ്ടിവരും.

കോവിഡിനെതുടർന്നുണ്ടായ അടച്ച് പൂട്ടലിൽ നിന്ന് മോചനം നേടി ജീവിതവഴികളിലേക്ക് തിരിച്ച് വന്ന തട്ടുകടക്കാരുടെയും അംഗീകൃത പാൽ ബൂത്തുകടക്കാരുടെയും നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്ത് കൊണ്ടാണ് ഗ്യാസ്  സിലിണ്ടറുകളുടെ വില കുതിച്ചുയരുന്നത്. ഒപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാവുമ്പോൾ പിടിച്ച് നിൽക്കാനുള്ള പെടാപ്പാടിലാണ് ചെറുകിടക്കാരും  തട്ടുകടക്കാരും.

LatestDaily

Read Previous

തീപിടിച്ച ദീപാലിഗുണ്ട് കൈയ്യിൽ നിന്ന് പൊട്ടി

Read Next

പോലീസ് നീക്കമറിയാൻ പൂഴി ചാരന്മാർ; വേഷം മാറി പോലീസ്