ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അൽപ്പം വൈകിപ്പോയെങ്കിലും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ കേരള സർക്കാർ നിയമം കൊണ്ടുവരാനുള്ള കരട് ബിൽ തയ്യാറാക്കിയതിൽ അനുമോദനം. സാക്ഷര കേരളത്തിൽ വിദ്യാസമ്പന്നരായവർപോലും അന്ധവിശ്വാസത്തന്റെ കടൽച്ചുഴിയിലകപ്പെട്ട് ജീവിതം തന്നെ ഹോമിക്കുന്നു.
മന്ത്രവും തന്ത്രവും എന്ന പേരിൽ കാഷായ കള്ള വസ്ത്രവും ജപമാലയും നെറ്റിയിൽ അഞ്ചുവിരലുകൾ കൊണ്ട് ചന്ദനക്കുറിയും വരച്ചുവെച്ചത് പോരാഞ്ഞിട്ട് മുടിയും താടിയും നീട്ടി വളർത്തിയാൽ മലയാളികളെ കാര്യമായ നിലയിൽ കൊടുംചതിക്ക് ഇരയാക്കാൻ ഇറങ്ങിപ്പുറപ്പെട്ട വ്യാജ സന്യാസിമാർ തഴച്ചു വളർന്നു നിൽക്കുന്ന നാടാണ് കേരളം.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നെത്തുന്ന “ഹോംഹ്രീം” നടൻമാരും കേരളത്തിന്റെ അതിർത്തി ദേശത്ത് ധാരാളമുണ്ട്. കുടുംബത്തിൽ ചെറുതും വലുതുമായ അഭിപ്രായ പ്രശ്നങ്ങളും ഇതേ തുടർന്നുള്ള ചെറിയ കലഹങ്ങളും അസുഖങ്ങളും പിടിപെടുമ്പോൾ ഡോക്ടറെ കാണുന്നതിന് പകരം ജോത്സ്യരെക്കണ്ട് പരിഹാരം തേടുന്നവരുടെ നാടാണ് കേരളം.
ലോകം സൂപ്പർ സോണിക് യുഗത്തിലെത്തി നിൽക്കുമ്പോൾ, ഡ്രൈവറില്ലാത്ത വാഹനം റോഡിലൂടെ സുന്ദരമായി ട്രാഫിക് നിയമങ്ങൾ അണുകിട തെറ്റിക്കാതെ ഓടുമ്പോൾ, പൈലറ്റില്ലാത്ത ഡ്രോണുകൾ ശത്രു രാജ്യത്തിന്റെ അതിർത്തിക്കപ്പുറം പറന്നുചെന്ന് ബോംബു വർഷിക്കുന്ന ശാസ്ത്ര- സാങ്കേതിക യുഗത്തിൽ അതൊന്നും കണ്ടില്ല, കേട്ടില്ല എന്ന് വ്യഥാ പരിതപിച്ച് പനി വന്ന ഒരു പെൺകുട്ടിക്ക് അത്യാവശ്യം രണ്ട് പാരസെറ്റമോൾ ഗുളികയെങ്കിലും നൽകുന്നതിന് പകരം ഉസ്താദിനെ വിളിച്ചുവരുത്തി പെൺകുട്ടിയുടെ തലയിലും മൂക്കിലും ജപിച്ചൂതി കൊലയ്ക്ക് കൊടുത്ത മന്ത്രവാദികളെ ദൈവതുല്ല്യരായി കാണുന്ന മനുഷ്യർ ഇപ്പോഴും കേരളക്കരയിലുണ്ടെന്ന അറിവ് സാക്ഷര കേരളത്തിന് തീരാ നാണക്കേടാണ്.
വിശ്വാസം, അത് എന്തിനും ഏതിനും ഗുണകരമാണ്. എന്നാലത് അന്ധവിശ്വാസമായിത്തീരുന്നിടത്ത് നിയമം കർശനമായി ഇടപെടണം. അന്ധവിശ്വാസവും അനാചാരവും ചടയാനുള്ള നിയമ നിർമ്മാണത്തിന് മുന്നോടിയായി കരട് ബിൽ കേരളത്തിൽ തയ്യാറായിട്ടുണ്ട്. അത് വിദഗ്ധ സമിതിയുടെ പരിശോധനയിലാണ്. യഥാർത്ഥ മനുഷ്യന്റെ ദേവാലയം അവന്റെ കളങ്ക രഹിതമായ ഹൃദയമാണ്. ആ ദേവാലയത്തിൽ നിത്യവും പ്രാർത്ഥനാ നിരതനാകുന്ന ആളാണ് യഥാർത്ഥ മനുഷ്യൻ.
ആരാധനാലയത്തിൽ ചെന്ന് പ്രാർത്ഥിച്ചിട്ട് അന്നുരാത്രി തന്നെ അയൽവാസിയുടെ വീടിന്റെ ഓടുനീക്കി അകത്തിറങ്ങി പൊന്നും പണവും കൈക്കലാക്കുന്നവൻ ലോകത്തുള്ള സകല ആരാധാനാലയങ്ങളിലും പ്രാർത്ഥിച്ചിട്ട് എന്തുകാര്യം. കേരളം അന്ധവിശ്വാസത്തിന്റെ കാര്യത്തിൽ തുലോം താഴേക്കിടയിലാണ്. ഇതര സംസ്ഥാനങ്ങളിലെ സംഭവങ്ങൾ ഇത്തിരി കടുപ്പത്തിലുള്ളതാണ്.
കുടുംബത്തിന്റെ മോക്ഷത്തിന് ഇളയകുട്ടിയെ ബലിക്കല്ലിൽ തലയറുത്ത് ആ രക്തം കുടുംബാംഗങ്ങളുടെ നെറ്റിയിൽ ചാർത്തുന്ന മന്ത്രവാദികൾ കേരളത്തിലായാലും അന്യ സംസ്ഥാനത്തിലായാലും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പാടില്ല. ചൊവ്വാദോഷമെന്ന ജോത്സ്യന്റെ ഉദര സ്വപ്നം അടിച്ചേൽപ്പിച്ച എത്രയെത്ര പെൺകുട്ടികളാണ് പ്രായമേറെയായിട്ടും ചൊവ്വാക്കാരനായ ഒരു ചെറുപ്പക്കാരനെ തേടി ജീവിതം നരകതുല്യമാക്കി നിർത്തിയിട്ടുള്ളത്.
ഹിന്ദു സ്ത്രീകളിൽ മാത്രമാണ് ചൊവ്വ അടിച്ചേൽപ്പിക്കുന്നത്. തൽസമയം ഇസ്്ലാം –ക്രിസ്ത്യൻ മതങ്ങളിലൊന്നും ചൊവ്വയുമില്ല, ബുധനുമില്ല. ആണിനും പെണ്ണിനും മനഃപ്പൊരുത്തമാണ് ഏറ്റവും വലിയ ഭാഗ്യം. ഇതിനെല്ലാം പുറമെ ജാതീയമായ വേർതിരിവുകൾ കാലം കഴിയുമ്പോഴും അതിന്റെ പാരമ്യതയിലാണ്. “ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ……മാനുഷനുള്ള കാലം……” എന്നാണ് കവി പാടിയത്.
ഹൃദയ വിശാലതയും കരളിന്റെ ഉറപ്പുമുണ്ടെങ്കിൽ ചൊവ്വയും ബുധനും ഒരു മനുഷ്യ ജീവിയേയും കീഴടക്കാൻ ഒട്ടും കഴിയില്ല. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ടുവരാൻ മുൻ കൈയ്യെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കണം. കാരണം, കേരളപ്പിറവിക്ക് ശേഷം എത്രയോ മുഖ്യമന്ത്രിമാർ കേരളം ഭരിച്ചിട്ടുണ്ട്. വോട്ടു ബാങ്കുകൾ തകർന്നാലും കേരളക്കരയിൽ അന്ധവിശ്വാസം വേണ്ടെന്ന് തീരുമാനിക്കാനും ഒരു ചങ്കൂറ്റം വേണം.
അവരിൽ ഭൂരിഭാഗം പേരും സത്യപ്രതിജ്ഞയ്ക്ക് തലേന്നാൾ ഗുരുവായൂരിലും മൂകാംബികയിലും, തളിപ്പറമ്പിലെ തൃച്ചംബരത്തും ദേവീദേവന്മാരെ നേരിൽക്കണ്ട് വണങ്ങി അഞ്ചുവർഷക്കാലം തന്നെ മുഖ്യമന്ത്രിയുടെ കസേരയിൽ നിന്ന് ഇറക്കരുതേ……!! എന്ന് പ്രാർത്ഥിച്ച സേഷം പ്രതിജ്ഞ ചെയ്തവരാണ്.
അത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അന്ധമായി മനസ്സിൽ ദൃഢമാക്കി വെച്ചിട്ടുള്ള മന്ത്രിമാരും മുഖ്യമന്ത്രിമാരും പോയ കാലത്ത് കേരളം ഭരിച്ചതുകൊണ്ടാണ് “പൂച്ച കുറുകെ ഒാടിയാൽ പോലും” അന്നത്തെ യാത്ര മുടക്കുന്ന അന്ധവിശ്വാസികൾ കേരള നാട്ടിൽ വളർന്നത്. നിയമം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരണം. നിരപരാധികളായ കുട്ടികളെങ്കിലും മന്ത്രവാദികളുടെ കൊലക്കത്തിക്കിരയാകാതിരിക്കട്ടെ…!