മടിക്കൈയിൽ ലഘുലേഖ ഇറക്കി, എൽസി അംഗത്തിന്റെ അനാശാസ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം

കാഞ്ഞങ്ങാട്: പാർട്ടി സമ്മേളനങ്ങൾ പൂർത്തിയായ ശേഷം ഏരിയാ സമ്മേളനത്തിലേക്കും ജില്ലാ സമ്മേളനത്തിലേക്കും മടിക്കൈ നാട് ഒരുങ്ങുന്നതിനിടയിൽ പ്രദേശത്ത് ഇന്നലെ രാത്രി വ്യാപകമായി ലഘുലേഖ വിതരണം ചെയ്തു. ഡിടിപി ചെയ്തെടുത്ത രണ്ടു പേജുകളുള്ള ലഘുലേഖയിൽ പാർട്ടിയിൽ നടമാടുന്ന സ്വജനപക്ഷപാതവും അഴിമതിയും അനാശാസ്യവും മുഖ്യ വിഷയമാണ്.

പാൽ സൊസൈറ്റിയിൽ ക്ഷീര കർഷകർ വഞ്ചിക്കപ്പെടുന്നുവെന്നും, സൊസൈറ്റിയിൽ അതി രാവിലെ അനാശാസ്യം നടക്കുന്നുവെന്നും, ലഘുലേഖ ആരോപിക്കുന്നു. എൽസി അംഗത്തിന്റെ രണ്ടു മക്കൾക്കും പാർട്ടി ജോലി തരപ്പെടുത്തിക്കൊടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് ലഘുലേഖ ചോദിക്കുന്നു. ഏരിയാ സിക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗം പി. ബേബിയും ഇതിന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട ലഘുലേഖയിൽ സ്വന്തക്കാർക്കും, ബന്ധക്കാർക്കും, ആജ്ഞാനുവർത്തികൾക്കും മാത്രം ജോലി നൽകി സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ വഞ്ചിക്കുകയാണെന്ന് ആരോപിക്കുന്നു.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർ ബോധപൂർവ്വം തഴയുന്നു. അടിയന്തരാവസ്ഥക്കാലം മടിക്കൈയിലെ സഖാക്കൾ മറന്നു പോകരുത്. തോട്ടിനാട് വെടിവെപ്പ് മറക്കരുത്, കാഞ്ഞിരപ്പൊയിൽ വെടിവെപ്പും, പുളീനടുക്കം വെടിവെപ്പും അത്ര പെട്ടെന്ന് മറക്കാൻ കഴിയുമോ…?

ചരിത്രങ്ങളെല്ലാം പാടെ അവഗണിച്ചും മറന്നും കൊണ്ട് ഇന്നലെ പാർട്ടിയിലേക്ക് വന്നവർക്ക് ജില്ലാ പഞ്ചായത്തിലും, ബാങ്കിലും, പാൽ സൊസൈറ്റിയിലും, അനുബന്ധ സ്ഥാപനങ്ങളിലും ജോലി തരപ്പെടുത്തിക്കൊടുത്ത ഏരിയാ കമ്മിറ്റി ജില്ലാ കമ്മിറ്റി അംഗങ്ങൾ സത്യത്തിൽ പ്രസ്ഥാനത്തെ പുറകോട്ട് വലിക്കുകയാണെന്നും ലഘുലേഖ ആരോപിക്കുന്നു.

അവനവന് വേണ്ടി അപരന്റെ രക്തം കുടിക്കാത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഒരു പറ്റം സഖാക്കൾ എന്നു പറഞ്ഞുകൊണ്ടാണ് ലഘുലേഖ അവസാനിപ്പിക്കുന്നത്. മടിക്കൈ പ്രദേശത്തിന്റെ വിവിധ ഇടങ്ങളിലെല്ലാം രാത്രിയിൽ ഈ ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. അടുത്ത കാലത്തൊന്നും കമ്മ്യൂണിസ്റ്റ് നാട്ടിൽ ഇത്തരമൊരു ലഘുലേഖ പുറത്തിറക്കാൻ പാർട്ടി പ്രവർത്തകർ ആരും ധൈര്യപ്പെട്ടിട്ടില്ല.

LatestDaily

Read Previous

വനിതാ പോലീസുദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത പ്രതികൾ റിമാന്റിൽ

Read Next

പീഡനത്തിനിരയായ മടിക്കൈ പെൺകുട്ടിക്ക് ഭീഷണി