അന്തർ സംസ്ഥാന കവർച്ചാ സംഘം കവർച്ചാവാഹനവുമായി കാഞ്ഞങ്ങാട്ട് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കേരള- കർണ്ണാടക അന്തർ സംസ്ഥാന കവർച്ചാ സംഘത്തിൽപ്പെട്ട  രണ്ട് പേരെ കർണ്ണാടകയിൽ നിന്നും കവർച്ച ചെയ്ത ബൊലേറോ വാഹനവുമായി പോലീസ് കാഞ്ഞങ്ങാട്ട് അറസ്റ്റ് ചെയ്തു. ഉദുമ മാങ്ങാട്സ്വദേശി റംസാൻ 27, കർണ്ണാടക സ്വദേശി അൻസാദ് 32, എന്നിവരാണ് അറസ്റ്റിലായത്.

കർണ്ണാടക കുടബാദ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് കവർച്ച ചെയ്ത ബൊലേറോ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് പ്രതികൾ കുടുങ്ങിയത്. ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, അഡീഷണൽ എസ്ഐമാരായ അബൂബക്കർ കല്ലായി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കുപ്രസിദ്ധ കവർച്ചക്കാരെ അറസ്റ്റ് ചെയ്തത്. കാസർകോട്ട് നിന്ന് മോഷ്ടിച്ച മോട്ടോർ ബൈക്ക് കുടബാദയിൽ ഉപേക്ഷിച്ചശേഷം ഇവിടെനിന്നും ബൊലേറോ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

മോഷ്ടിച്ച ബൊലോറോയിൽ സഞ്ചരിച്ച് പ്രതികൾ കർണ്ണാടകയിലും, കേരളത്തിലെ വിവിധ ജില്ലകളിലും കവർച്ച നടത്തി. കർണ്ണാടകയിലെ രണ്ട് വ്യാപാര കേന്ദ്രങ്ങൾ കുത്തിത്തുറന്ന് പ്രതികൾ കവർച്ച നടത്തി. കേരളത്തിലേക്ക് കടന്ന പ്രതികൾ കോവളത്തെത്തി മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് പണം കവർന്നു. തൃശ്ശൂർ ചാലക്കുടി ഭാഗങ്ങളിലും കവർച്ച നടത്തി. പ്രതികൾ സ്വർണ്ണവും പണവുമുൾപ്പെടെ കവർച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കവർച്ചയ്ക്ക് ശേഷം  ഗോവയിലേക്ക് കടന്നു, കാസർകോട്ടേയ്ക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രതികൾ പോലീസിന്റെ വലയിലായത്. പ്രതികൾ കവർച്ചയ്ക്കായി കാഞ്ഞങ്ങാട്ടെത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ബൊലേറോ കവർച്ചയുമായി ബന്ധപ്പെട്ട് കുടബാദ പോലീസിൽ  കേസ്സുണ്ട്. അൻസാദിന്റെ പേരിൽ കർണ്ണാടകയിൽ കവർച്ചാ കേസ്സുകളുണ്ട്. റംസാൻ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച നടത്തിയ പ്രതിയാണെന്ന്  അന്വേഷണസംഘം പറഞ്ഞു.

കവർച്ചാക്കേസ്സിൽ അറസ്റ്റിലായി കണ്ണൂർ ചക്കരക്കല്ലിൽ റിമാന്റു തടവുകാരനായി ക്വാറന്റൈനിൽ കഴിയവെ തടവ് ചാടിയ പ്രതിയാണ് റംസാൻ. പ്രതി രണ്ട് തവണ തടവ് ചാടിയെങ്കിലും, അറസ്റ്റിലായി. ബൽത്തങ്ങാടിയിൽ നിന്ന് ബൊലേറോ കവർച്ച ചെയ്ത കേസ്സിൽ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്ത റംസാൻ കഴിഞ്ഞ 16-ന് ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ശേഷമാണ് കർണ്ണാടകയിൽ നിന്നും ബൊലേറോ മോഷ്ടിച്ച് വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തിയത്.

LatestDaily

Read Previous

ജിമ്മിലേക്ക് പുറപ്പെട്ട് കാണാതായ യുവാവ് കാമുകിയോടൊപ്പം എറണാകുളത്ത്

Read Next

കണ്ണുചിമ്മിയ തെരുവ് വിളക്കുകൾ നഗരസഭ സിക്രട്ടറി നിയമ സേവന കമ്മിറ്റിക്ക് നൽകിയ ഉറപ്പും ലംഘിച്ചു