സ്റ്റീൽ ബോംബ് പ്രതികൾ ഹാജി റോഡിലൂടെ എന്തിന് വന്നു-?

കാഞ്ഞങ്ങാട്:  ലേറ്റസ്റ്റ് പത്രാധിപരുടെ വീടിന് സ്റ്റീൽ ബോംബെറിഞ്ഞ പ്രതികൾ സംഭവ ദിവസം ബോംബുമായി  മോട്ടോർ ബൈക്കിൽ കൂളിയങ്കാൽ ഹാജി റോഡ് വഴി  ആറങ്ങാടി ജംഗ്ഷനിൽ വന്നത് എന്തിനാണ്. ജില്ലാ ആശുപത്രി ഭാഗത്ത് നിന്ന് ദേശീയ പാതിയലൂടെ തെക്കോട്ട് ബൈക്കോടിച്ചു വന്ന പ്രതികൾക്ക് ആറങ്ങാടി ജംഗ്ഷനിലെത്താൻ ദേശീയ പാത തുറന്നു കിടന്നിട്ടും, കൂളിയങ്കാൽ പള്ളി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡിൽക്കയറി 100 മീറ്ററോളം സഞ്ചരിച്ച ശേഷം തെക്കോട്ടുള്ള ഹാജി റോഡിലേക്ക് കടന്നാണ് മോട്ടോർ ബൈക്ക് ആറങ്ങാടി പഴയ കരീമുൽ ഇസ്്ലാം എൽപി സ്കൂൾ ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള ജിന്ന് ഹൗസ് റോഡിലേക്ക് കടന്നത്.

രാത്രി 11-15 നാണ് പ്രതികളുടെ മോട്ടോർ ബൈക്ക് ഹാജി റോഡിൽ പ്രവേശിച്ചത്. ഹാജി റോഡിൽ പ്രവേശിച്ച ബൈക്ക് പഴയ കരീമുൽ ഇസ്്ലാമിയ സ്കൂൾ ജംഗ്ഷനിലെത്താൻ 3 മിനുറ്റുകൾ താമസം നേരിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഈ മൂന്ന് മിനുറ്റ് ആ ബൈക്ക് ഹാജി റോഡിൽ തങ്ങിയത് എന്തിനാണെന്ന ചോദ്യം നിർണ്ണായകമാണ്. ഹാജി റോഡിലൂടെ  തെക്കോട്ട് വരുമ്പോൾ റോഡരികിൽ അത്രയധികം വീടുകളൊന്നുമില്ല. ഹാജി റോഡിന് പടിഞ്ഞാറു ഭാഗത്ത് ആകെയുള്ളത് രണ്ട് വീടുകളാണ്.

ഹാജി റോഡിൽ നിന്ന് തെക്കോട്ട് ആറങ്ങാടി ജംഗ്ഷനിലേക്ക് വന്ന ബൈക്ക് ഇടയ്ക്ക് വഴിമാറി സ്കൂളിനോട് ചേർന്ന് പുതുതായി ആരംഭിച്ച ഹോട്ടലിന്റെ വടക്കുഭാഗം  അംഗനവാടി കെട്ടിടത്തോട് ചേർന്നുള്ള റോഡിലൂടെ തിരിച്ചുവെങ്കിലും, ജിന്ന് ഹൗസ് റോഡിൽക്കയറാനുള്ള യഥാർത്ഥ റോഡ് അതല്ലെന്ന് തിരിച്ചറിഞ്ഞ് വീണ്ടും  ആറങ്ങാടി ജംഗ്ഷനിലെത്തിയ ശേഷം പടിഞ്ഞാറോട്ടുള്ള ജിന്ന് ഹൗസ് റോഡിലൂടെ ഓടിച്ചു പോവുകയാണ് ചെയ്തത്. 2021 ആഗസ്ത് 27-ന് വെള്ളിയാഴ്ച രാത്രിയാണ് പത്രാധിപരുടെ വീടിന് സ്റ്റീൽ ബോംബെറിയാൻ പ്രതികളെ നിയോഗിച്ചതെന്ന പ്രത്യേകതയും, ഈ ബോംബ് സ്ഫോടനത്തിന് പിന്നിലുണ്ട്.

രാത്രി 11-23 നാണ് രണ്ടംഗ സംഘത്തിൽ  ഒരാൾ ബൈക്കിൽ നിന്നിറങ്ങി പത്തു മീറ്റർ ദൂരം നടന്നുവന്ന് പത്രാധിപരുടെ വീടിന് ബോംബെറിഞ്ഞത്. ബോംബുമായി വന്ന യുവാവിന്റെ വലതുകൈയ്യിൽ ബോംബും ഇടതുകൈയ്യിൽ ഒരു ഡിജിറ്റൽ അല്ലാത്ത ചെറിയ സെൽഫോണും ഉണ്ടായിരുന്നു.

സെൽഫോൺ ടോർച്ച് വെളിച്ചത്തിലാണ് യുവാവ് ബോംബുമായി വീടിന് മുന്നിലെത്തി ബോംബെറിഞ്ഞയുടൻ ഓടിച്ചെന്ന് സ്ഥലത്ത് സ്റ്റാർട്ടിംഗിൽ നിർത്തിയിട്ടിരുന്ന അപരന്റെ ബൈക്കിൽ കയറി രക്ഷപ്പെട്ടത്. ലേറ്റസ്റ്റ് കെട്ടിടത്തിന് മുന്നിലൂടെ കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിലെത്തിയ ബോംബ് സംഘം അവിടുന്ന് ദേശീയ പാതയിലൂടെ വടക്കോട്ട് ആറങ്ങാടി വഴി ഓടിച്ചുപോവുകയും, കൂളിയങ്കാൽ വഴി വടക്കോട്ട് പോയെങ്കിലും, ഈ ബൈക്ക് ജില്ലാ ആശുപത്രിക്ക് അപ്പുറം ദേശീയ പാതയിലൂടെ ഓടിച്ചു പോയതായി കണ്ടെത്താനും കഴിഞ്ഞില്ല. ബോംബുമായി പ്രതികൾ ബൈക്കിലെത്തിയത് തോയമ്മൽ ജില്ലാ ആശുപത്രി ഭാഗത്ത് നിന്നാണ്. കൃത്യം നിർവ്വഹിച്ചതിന് ശേഷം പ്രതികൾ ബൈക്കിൽ   ജില്ലാ ആശുപത്രിക്കപ്പുറം ഓടിച്ചു പോയിട്ടില്ല.

ജില്ലാ ആശുപത്രിക്കടുത്ത് പ്രതികൾ രാത്രിയിൽ ഏതെങ്കിലും രഹസ്യതാവളത്തിൽ തങ്ങിയതായി സംശയിക്കുന്നു. ബോംബെറിഞ്ഞ പ്രതികൾ കാഞ്ഞങ്ങാട്ടുകാരല്ലെന്ന് അന്വേഷണസംഘം ഉറപ്പിച്ചിട്ടുണ്ട്. 

LatestDaily

Read Previous

കണ്ണുചിമ്മിയ തെരുവ് വിളക്കുകൾ നഗരസഭ സിക്രട്ടറി നിയമ സേവന കമ്മിറ്റിക്ക് നൽകിയ ഉറപ്പും ലംഘിച്ചു

Read Next

സ്റ്റീൽബോംബ് പ്രതികൾ ഹാജി റോഡിൽ ആരെയാണ് കണ്ടത്-?