കാണാതായ മരപ്പണിക്കാരന്റെ മൃതദേഹം ഒളവറ പുഴയില്‍

പയ്യന്നൂര്‍: കവ്വായിയിൽ നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ കാര്‍പെന്ററുടെ മൃതദേഹം ഒളവറ പുഴയില്‍കണ്ടെത്തി. തൃശൂർ സ്വദേശി സുനിൽകുമാറിന്റെ 32, മൃതദേഹമാണ് ഇന്ന് രാവിലെ 8.30 മണിയോടെ ഒളവറ പാലത്തിന് സമീപം പുഴയില്‍  കണ്ടെത്തിയത്.

കവ്വായിയിലെ ഇന്റീരിയർ കാർപന്ററി സ്ഥാപനത്തിൽ ആശാരിപ്പണി ചെയ്തുവരുന്ന സുനില്‍ കുമാർ കവ്വായിയിലെത്തിയിട്ട് ഏഴുവര്‍ഷമായി. ഇദ്ദേഹം  ഒരു മാസം മുമ്പ് നാട്ടില്‍ പോയി തിരിച്ചുവന്നതാണ്.  വീണ്ടും നാട്ടില്‍ പോകുന്നതിനായി ടിക്കറ്റ് ബുക്കുചെയ്തിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

നാട്ടില്‍ പോകുന്നതിന്റെ തലേ ദിവസം സുനിൽ കുമാർ  പുഴക്കരയില്‍നിന്നും മീന്‍ പിടിക്കുന്നതായി സമീപവാസികൾ കണ്ടിരുന്നു.  പിന്നീട് കാണാതായതിനെ തുടർന്ന് കവ്വായിയിലെ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.  തെരച്ചിലിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ സുനിൽകുമാറിന്റെ  സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്റെ വലതു കണ്ണിനും ചെവിയ്ക്കുമിടയില്‍ പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Read Previous

പോലീസിനെ ആക്രമിച്ച യുവാക്കൾ റിമാന്റിൽ

Read Next

പത്രാധിപരോട് സംസാരിക്കാൻ പി. ബേബി ദൂതനെ അയച്ചു