ഇന്റർസിറ്റി എക്സ്പ്രസ്സിൽ തലയ്ക്കടിയേറ്റ അജ്ഞാത യുവാവിന് ബോധം തിരിച്ചുകിട്ടിയില്ല

കാഞ്ഞങ്ങാട്: കഴിഞ്ഞ തിങ്കളാഴ്ച ഇന്റർസിറ്റി എക്സ്പ്രസ്സിൽ തലയ്ക്കടിയേറ്റ് അബോധാവസ്ഥയിൽ കാണപ്പെട്ട അജ്ഞാത യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിച്ച് കഴിയുന്നു. ഒരാഴ്ചയായിട്ടും ബോധം വീണ്ടെടുക്കാനാവാതെ 25നും 35നുമിടയിൽ പ്രായം തോന്നിക്കുന്ന യുവാവ് മെഡിക്കൽ കോളേജിൽ കഴിയുകയാണ്.

ബോധം തിരിച്ചുകിട്ടിയില്ലെങ്കിലും, ഇടയ്ക്ക് ആരോഗ്യ സ്ഥിതി ഗുരുതരമായിരുന്നില്ല. ഇന്നലെ മുതൽ യുവാവിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മെഡിക്കൽ കോളേജിൽ ഡോക്ടർമാർ യുവാവിന്റെ തലച്ചോറടക്കം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, ബോധം വീണ്ടെടുക്കാനായില്ല.

ബോധം വീണ്ടെടുത്താൽ  മാത്രമേ യുവാവിനെ ട്രെയിനിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ സംബന്ധിച്ച് പോലീസിന് എന്തെങ്കിലും സൂചനകൾ ലഭിക്കുകയുള്ളുവെന്നതിനാൽ, കാസർകോട് റെയിൽവെ  പോലീസ് യാത്രക്കാരന് വേണ്ട സഹായങ്ങൾ ആശുപത്രിയിൽ ചെയ്തുവരികയാണ്. മംഗളൂരു – കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്സിൽ യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കാസർകോട് റെയിൽ പോലീസ് കേസ്സെടുത്ത് അന്വേഷണം തുടരുന്നുണ്ട്.

ബോധം വീണ്ടെടുത്താൽ യുവാവിൽ നിന്നും അക്രമം സംബന്ധിച്ച നിജ സ്ഥിതി അറിയാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘമെത്തിയിരുന്നതെങ്കിലും, യാത്രക്കാരന്റെ ആരോഗ്യസ്ഥിതി വഷളായതോടെ പോലീസ് ആശങ്കയിലാണ്. ഇന്റർസിറ്റിയുടെ ആദ്യത്തെ കോച്ചിലാണ് യുവാവിനെ  അബോധാവസ്ഥയിൽ കാണപ്പെട്ടത്. തലയിലടക്കം ശരീരത്തിന്റെ പല ഭാഗങ്ങളിലും മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

ഒപ്പം കണ്ടെത്തിയ ബാഗിൽ പൂനെയിൽ നിന്നെടുത്ത ട്രെയിൻ ടിക്കറ്റും രണ്ട് വസ്ത്രങ്ങളുമല്ലാതെ യുവാവിന്റെ മേൽവിലാസം തെളിയിക്കുന്നത് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ലഭ്യമായില്ല. വിവിധ സ്ഥലങ്ങളിലെ സിസിടിവികളടക്കം പരിശോധിച്ച് ട്രെയിനിൽ അക്രമത്തിനിരയായ യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് റെയിൽവെ പോലീസ്.

LatestDaily

Read Previous

പ്രഭാത സവാരിക്കിറങ്ങിയ ആളെ പോലീസ് മർദ്ദിച്ചു, കൈയ്യൊടിഞ്ഞ യുവാവ് ആശുപത്രിയിൽ

Read Next

വാഹനാപകടത്തിൽ സ്ത്രീ മരിച്ചു