പ്രദീപ് ലാലിനെ തഴഞ്ഞതിൽ തീരദേശത്ത് അമർഷം

കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ഏരിയയിൽ പുതുതായി രൂപീകരിച്ച തീരദേശ ലോക്കൽ കമ്മിറ്റി സിക്രട്ടറി പദത്തിൽ നിന്ന് അഡ്വ. പ്രദീപ് ലാലിനെ തഴഞ്ഞതിൽ തീരദേശത്തെ ധീവര സഖാക്കളിൽ കടുത്ത അമർഷം. കാഞ്ഞങ്ങാട് റെയിൽപ്പാളത്തിന് പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് പുതുതായി ഒരു എൽസി രൂപീകരിച്ചത്.

ഈ എൽസിയുടെ സിക്രട്ടറി പദം അലങ്കരിക്കാൻ എന്തുകൊണ്ടും യോഗ്യൻ അഡ്വ. പ്രദീപ് ലാലാണെന്ന അഭിപ്രായം തീരദേശത്ത് നേരത്തെ തന്നെ ഉയർന്നിരുന്നുവെങ്കിലും, പാർട്ടി ഏരിയാ നേതൃത്വം പ്രദീപ് ലാലിനെ പാടെ തഴയുകയായിരുന്നു.

കാഞ്ഞങ്ങാടിന്റെ തീരദേശത്ത് പൊതുവെ സിപിഎമ്മിന് സ്വാധീനം കുറവാണ്. അജാനൂർ മുതൽ പുഞ്ചാവി തീരം വരെയുള്ള പ്രദേശങ്ങൾ ഒട്ടുമുക്കാലും കോൺഗ്രസ്സ് ബെൽട്ടുകളാണ്. എസ്എഫ്ഐയിലും, ഡിവൈഎഫ്ഐയിലും പാർട്ടിയിലും മൂന്നു പതിറ്റാണ്ടു കാലം അടിയുറച്ചു പ്രവർത്തിച്ച അഭിഭാഷകനാണ് പ്രദീപ് ലാൽ.

നാളിതുവരെ പ്രവർത്തനത്തിൽ ചെറുതായ ഒരു ആരോപണമോ, കറയോ പുരളാത്ത നിസ്വാർത്ഥ സേവകനായ പ്രദീപ് ലാലിനെ തഴഞ്ഞതിൽ തീരദേശത്തെ ധീവര സഖാക്കളടക്കം കടുത്ത പ്രതിഷേധത്തിലാണ്. ഏരിയാക്കമ്മിറ്റിയെ നയിക്കുന്ന യാദവ നായർ ലോബിയാണ് പ്രദീപ്്ലാലിനെ വെട്ടിനിരത്തിയതെന്ന് അണികൾ ആരോപിച്ചു.

Read Previous

തെയ്യം കലാകാരൻ വാഹനാപകടത്തിൽ മരിച്ചു

Read Next

ഭാര്യാസഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് റിമാന്റിൽ