ഗ്രാമീൺ ബാങ്ക് മുക്ക്പണ്ടത്തട്ടിപ്പ് ; സറാപ്പും ഭാര്യയും മുങ്ങി ബാങ്ക് രേഖകൾ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്:  കോളിച്ചാൽ ഗ്രാമീൺ ബാങ്കിൽ നടന്ന മുക്ക്പണ്ട പണയത്തട്ടിപ്പിൽ സറാപ്പ്  എരിഞ്ഞിലംകോട്ടെ ബാലകൃഷ്ണനെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. ബാലകൃഷ്ണൻ നടത്തിയ മുഴുവൻ ഇടപാടുകളിന്മേലും പോലീസ് അന്വേഷണമാരംഭിച്ചു.

ബാലകൃഷ്ണൻ ബാങ്കിൽ  രണ്ട് പതിറ്റാണ്ടോളം സറാപ്പായി  ജോലി ചെയ്തിട്ടുണ്ടെന്നതിനാൽ, പ്രതി കൂടുതൽ തട്ടിപ്പുകൾ  നടത്തിയിട്ടുണ്ടോയെന്ന്  കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ശ്രമമാരംഭിച്ചു. ഗ്രാമീൺ ബാങ്ക് കോളിച്ചാൽ ശാഖയിലെത്തിയ അന്വേഷണ സംഘം ഇന്നലെ ബാങ്ക് രേഖകൾ കസ്റ്റഡിയിലെടുത്തു. ബാലകൃഷ്ണൻ നടത്തിയ മുഴുവൻ ഇടപാടുകളുടെയും രേഖകൾ രാജപുരം പോലീസ് പരിശോധിച്ച് വരികയാണ്.

2,10,000 രൂപയുടെ മുക്കുപണ്ടപണയത്തട്ടിപ്പ് ബാലകൃഷ്ണൻ നടത്തിയതായി കണ്ടെത്തി. തട്ടിപ്പു നടത്താൻ അപ്രൈസറെ സഹായിച്ച കൂട്ടുപ്രതികളായ ബാലകൃഷ്ണന്റെ ഭാര്യ സന്ധ്യ 38, കോളിച്ചാലിലെ സുകുമാരൻ 50, പ്രാന്തർകാവിലെ രാജൻ, ബീമ്പുങ്കാലിലെ രതീഷ് 45, കോളിച്ചാൽ സ്വദേശി ബിജോയ് 49, എന്നിവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ശക്തമാക്കി.

ബാലകൃഷ്ണനും, ഭാര്യ സന്ധ്യയും വീട് പൂട്ടി എരിഞ്ഞിലംകോട്ട് നിന്നും സ്ഥലം വിട്ടതായി പോലീസ് കണ്ടെത്തി. കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ വഴി ബാലകൃഷ്ണനും, ഭാര്യയും മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കൂടുതൽ പരാതികളുണ്ടാകുമെന്നാണ് സൂചന.

Read Previous

ജില്ലാ പഞ്ചായത്ത് അധ്യക്ഷ ലേറ്റസ്റ്റിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

Read Next

തീരദേശ എൽസി അഡ്വ. പ്രദീപ് ലാലിനെ പൂർണ്ണമായും തഴഞ്ഞു