കാവുകൾ ഇന്ന് ചിലമ്പണിയും

കാഞ്ഞങ്ങാട്: കരിവേഷത്തിൽ ആടിത്തിമിർത്ത കാലവർഷം മുഖത്തേപ്പുകൾ മായ്ച്ചുകളഞ്ഞ് പിൻവാങ്ങി തുലാം മാനത്ത് ചായില്യങ്ങളൊരുക്കിയതോടെ ഉത്തര കേരളത്തിലെ തെയ്യക്കാവുകളിൽ ഉടൽ രൂപം പൂണ്ട പാതി ദൈവങ്ങൾ കാലിൽ ചിലമ്പണിയുകയായി. തുലാപ്പത്തായ ഇന്നുമുതൽ ഉത്തര കേരളത്തിൽ തെയ്യക്കാലം.

കാലവർഷം മാനത്ത് തിരനോട്ടം നടത്താൻ തുടങ്ങുമ്പോൾ തന്നെ പള്ളിയറകളിലും, കാവുകളിലും, താനങ്ങളിലും വിളക്ക് വെച്ച് വലഭാഗം പിരിഞ്ഞ തെയ്യക്കോലങ്ങൾ തുലാമാസത്തിന്റെ തുയിലുണർത്ത് കേട്ടാണ് അരങ്ങുകളിലെത്തുന്നത്. കോവിഡ് മഹാമാരി മൂലം രണ്ട് വർഷമായി ആളനക്കമില്ലാതെ കിടന്നിരുന്ന തെയ്യക്കാവുകൾ ഇക്കുറി സജീവമാകുമെന്നാണ് പ്രതീക്ഷ.

ഉത്തര കേരളത്തിന്റെ അനുഷ്ഠാന കലയായ തെയ്യം കല വീരാരാധനയിലും, ഉർവ്വരപൂജയിലും, മാതൃപൂജയിലും, അധിഷ്ഠിതമാണ് വണ്ണാൻ, മലയൻ, വേലൻ, അഞ്ഞൂറ്റാൻ മുതലായ സമുദായങ്ങളുടെ കുലത്തൊഴിൽ കൂടിയാണ് തെയ്യം കല.ഉത്തര കേരളത്തിൽ തുലാം പത്ത് മുതൽ ഇടവം ഒന്ന് വരെ നീണ്ടുനിൽക്കുന്ന തെയ്യക്കാലം കുടുംബങ്ങളുടെ ഒത്തുചേരലുകളുടെ കാലം കൂടിയാണ്.

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ രണ്ട് വർഷമായി ആളനക്കമില്ലാതിരുന്ന തെയ്യാട്ടക്കാവുകളിൽ ഇക്കുറി നിബന്ധനകളോടെ തെയ്യംകെട്ട് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. കാവുകളിൽ തെയ്യാട്ടം നടക്കാത്തതിനാൽ തെയ്യംകെട്ട് കുലത്തൊഴിലാക്കിയ സമുദായങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

ആറ് മാസത്തെ തെയ്യം കെട്ടിൽ നിന്നുള്ള പ്രതിഫലം കൊണ്ടാണ് തെയ്യം കലാകാരന്മാർ ഒരു വർഷത്തെ ജീവിതം തള്ളിനീക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിൽ തെയ്യംകെട്ടുകൾ നടക്കാതെ വന്നതോടെ തെയ്യം കലാകാരന്മാർ കടുത്ത ജീവിത പ്രതിസന്ധിയിലാണ്.

ഇവർക്കെല്ലാം പ്രതീക്ഷയേകിക്കൊണ്ടാണ് ഇക്കുറി തുലാം കൺതുറക്കുന്നത്. ഉത്സവങ്ങളില്ലാതെയായതോടെ ഉത്സവച്ചന്തകളെ ആശ്രയിച്ച് ജീവിച്ചിരുന്നവരും വഴിയാധാരമായി. പെരുങ്കളിയാട്ടക്കാവുകളിൽ കലാപരിപാടികൾ നടത്തിയിരുന്ന നാടക, ഗാനമേള ട്രൂപ്പുകളും, പ്രോഗ്രാം ഏജന്റുമാർ എന്നിവരും അവസരങ്ങളില്ലാതെ മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

ആളും ആരവങ്ങളുമില്ലാതെ കോവിഡ് നിബന്ധനകൾ പാലിച്ചായിരിക്കും ഇക്കുറി അമ്പലങ്ങളിൽ തെയ്യം കെട്ട് നടക്കുന്നത്. ഇനി വരുന്ന 6 മാസക്കാലം ക്ഷേത്രമുറ്റങ്ങളിൽ തെയ്യക്കോലങ്ങളുടെ ചിലമ്പൊച്ചയും, ആസുരവാദ്യത്തിന്റെ ശബ്ദഘോഷങ്ങളും മുഴങ്ങും.

LatestDaily

Read Previous

സൈബറാക്രമണത്തിൽ ജീവിതം വഴിമുട്ടി തമിഴ് യുവതി

Read Next

എംഎസ്എഫ് പ്രവർത്തകനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഎം പ്രവർത്തകന് പിഴ