കോളിച്ചാൽ മുക്കുപണ്ടക്കേസ്സ് പ്രതി മുങ്ങി, അപ്രൈസറുടെ ഭാര്യയും പ്രതി

രാജപുരം: കോളിച്ചാൽ  നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ നടന്ന മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ അപ്രൈസറും യും ഭാര്യയുമടക്കമുള്ള ആറ് പേർക്കെതിരെ രാജപുരം പോലീസ് കേസ്സെടുത്തു.

അപ്രൈസർ കോളിച്ചാൽ എരിഞ്ഞിലംകോട്ടെ ബാലകൃഷ്ണൻ 47,  ഭാര്യ എരിഞ്ഞിലംകോട് സന്ധ്യ 38, കോളിച്ചാൽ സ്വദേശികളായ സുകുമാരൻ 50, പ്രാന്തർകാവിലെ രാജൻ, രതീഷ്, ബീമ്പുങ്കാൽ 45, കോളിച്ചാലിലെ ബിജോയി 49, എന്നിവർക്കെതിരെയാണ് കേസ്. ബാങ്ക് ശാഖാ മാനേജർ വി. രാജൻ നൽകിയ പരാതിയിലാണ് കേസ്. ഒരു വർഷത്തിനിടെയാണ്  ബാങ്കിൽ മുക്കുപണ്ട തട്ടിപ്പ് നടന്നത്. നിലവിൽ അപ്രൈസർ ബാലകൃഷ്ണൻ കേസ്സിൽ  ആറാം പ്രതിയാണ്.

അപ്രൈസർ  നൽകിയ മുക്ക് പണ്ടം ഭാര്യയടക്കമുള്ള മറ്റ് അഞ്ച് പ്രതികൾ ബാങ്കിൽ പണയംവെച്ചതായാണ് സൂചന. രണ്ടേകാൽ ലക്ഷത്തോളം രൂപ മുക്കുപണ്ട  പണയത്തിൽ പ്രതികൾ തട്ടിയെടുത്തു. പറക്കളായ് ആയുർവ്വേദ സ്വകാര്യ കോളേജ് ലാബ് വിഭാഗം ജീവനക്കാരിയാണ് അപ്രൈസറുടെ ഭാര്യ സന്ധ്യ.

പണയപണ്ടം തിരിച്ചെടുക്കാൻ പ്രതികൾ ബാങ്കിൽ പണമടച്ച ശേഷം ആഭരണം  പണയക്കാർക്ക് ബാങ്കിൽ നിന്നും തിരിച്ചുകൊടുക്കാൻ പരിശോധിച്ചപ്പോഴാ ണ്  പണയ പണ്ടം മുക്ക് പണ്ടമാണെന്ന് ബാങ്കിന് ബോധ്യപ്പെട്ടതെന്ന് മാനേജർ പോലീസിനോട് പറഞ്ഞു. ഒരാഴ്ച നീണ്ട പരിശോധനയ്ക്കും  കണക്കെടുപ്പിനും ശേഷമാണ് ബാങ്കധികൃതർ ഇന്നലെ   പോലീസിൽ പരാതി നൽകിയത്. മുക്ക് പണ്ട തട്ടിപ്പ് വഴി നഷ്ടപ്പെട്ട പണം ബാങ്കിന് തിരികെ ലഭിച്ചിട്ടുണ്ട്.

മറ്റു ഇടപാടുകാരുടെ പണയ വസ്തുവിൻമേൽ അപ്രൈസർ ബാലകൃഷ്ണൻ, കൂടുതൽ പണം തട്ടിയെടുത്തതായി കണ്ടെത്തി. ഇത്തരത്തിൽ പണയക്കാർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച് പരാതി ലഭിച്ചാൽ ബാലകൃഷ്ണനെതിരെ പോലീസ് കൂടുതൽ കേസ്സുകൾ റജിസ്റ്റർ ചെയ്യും. രാജപുരം പോലീസ് ഇൻസ്പെക്ടർ യു. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.    ബാലകൃഷ്ണൻ ഒളിവിലാണ്.

Read Previous

റജിസ്ട്രാർ ഒാഫീസ് ജീവനക്കാരിയെ അപമാനിച്ച യുവാവ് പിടിയിൽ

Read Next

ഭാര്യയ്ക്ക് ഭർത്താവ് 4000 രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവ്