ഫേസ്ബുക്ക് പ്രണയം; ഭർതൃമതിക്കൊപ്പം ബങ്കളം യുവാവിനെ പോലീസ് കൊല്ലത്ത് കൊണ്ടു പോയി

കാഞ്ഞങ്ങാട്: ഫേസ്ബുക്ക് പ്രണയത്തിൽ പരവശയായി മൂന്ന് മക്കളെയും ഭർത്താവിനെയുമുപേക്ഷിച്ച് നീലേശ്വരത്തെത്തിയ ഭർതൃമതിയുടെ കൂടെ കാമുകനായ ബങ്കളം യുവാവിനെ പോലീസ് കൊല്ലത്തേക്ക് കൊണ്ടുപോയി.

മടിക്കൈ ബങ്കളത്തെ രാജേഷിനെയാണ് 36, കുന്നിക്കോട് പോലീസ് കൊല്ലത്തേക്ക് കൊണ്ടു പോയത്. കുന്നിക്കോട് സ്വദേശിനിയായ ശരണ്യയെ 26, ഇന്നലെ കുന്നിക്കോട് പോലീസ്, നീലേശ്വരം പോലീസിന്റെ സഹായത്തോടെ രാജേഷിനൊപ്പം ബങ്കളത്ത് കണ്ടെത്തുകയായിരുന്നു.

രാജേഷിനെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശരണ്യ, കാമുകനെ തേടി ബങ്കളത്തെത്തി നാല് ദിവസം ഒപ്പം താമസിച്ചുവരികയായിരുന്നു. ശരണ്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ പരാതിയിൽ കുന്നിക്കോട് പോലീസിൽ കേസ്സ് നിലനിൽക്കുന്നുണ്ട്.

ഭർതൃമതിയെ ഇന്ന് പോലീസ് കൊല്ലത്ത് കോടതിയിൽ ഹാജരാക്കും. ശരണ്യ രാജേഷിനൊപ്പം പോകാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ബന്ധുക്കൾ പോലീസിൽ പുതിയ പരാതി നൽകുകയും ചെയ്താൽ  ശരണ്യക്കും രാജേഷിനുമെതിരെ പുതിയ കേസ്സ് റജിസ്റ്റർ ചെയ്യാനിടയുണ്ട്.

സംരക്ഷണം നൽകേണ്ട മാതാവ് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സംഭവത്തിൽ കമിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കാനാണ് സാധ്യത. പുതിയ കേസ്സ് സാഹചര്യം കണക്കിലെടുത്താണ് രാജേഷിനെ പോലീസ് കൊല്ലത്തേക്ക് കൊണ്ട് പോയത്. കുട്ടികളെ ഉപേഷിക്കാൻ ശരണ്യയ്ക്ക് പ്രേരണ നൽകിയതിന് കേസ്സുണ്ടായാൽ രാജേഷ് കേസ്സിൽ രണ്ടാം പ്രതിയാകും.

Read Previous

യുവാക്കൾക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ബന്ധുക്കൾ

Read Next

വിസ കാലാവധി തീർന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ