രണ്ടരക്കോടി രൂപ പ്രതികൾ തട്ടിയെടുത്തത് ഒന്നരലക്ഷം രൂപക്ക് വാങ്ങിയ മുക്ക് പണ്ടമുപയോഗിച്ച്

ഗ്യാരണ്ടി ആഭരണങ്ങൾ വാങ്ങിയ സ്ഥാപനങ്ങൾ പോലീസ് കണ്ടെത്തി

ബേക്കൽ: മുക്കു പണ്ടം പണയപ്പെടുത്തി അപ്രൈസറുടെ സഹായത്തോടെ ഉദുമ ബാങ്കിൽ നിന്നും, രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ ഗ്യാരണ്ടി ആഭരണങ്ങൾ വാങ്ങിയ കാസർകോട്ടെ രണ്ട് സ്ഥാപനങ്ങൾ പോലീസ് കണ്ടെത്തി. ഒന്നരലക്ഷം  രൂപയ്ക്ക് വാങ്ങിയ ഗ്യാരണ്ടി ആഭരണങ്ങളുപയോഗിച്ചാണ് സംഘം ബാങ്കിൽ നിന്നും രണ്ടരക്കോടി രൂപ തട്ടിയെടുത്തത്.

കാസർകോട് കെ.എസ്ആർടിസി ഡിപ്പോക്ക് സമീപം പ്രവർത്തിക്കുന്ന ഗാസ്കോ, കാസർകോട്ടെ  മണിത്താലി ഗ്യാരണ്ടി ആഭരണസ്ഥാപനങ്ങളിൽ നിന്നാണ് ബാങ്കിൽ പണയപ്പെടുത്താനാവശ്യമായ എന്നീ ഗ്യാരണ്ടി ആഭരണങ്ങൾ പ്രതികൾ സംഘടിപ്പിച്ചതെന്നാണ് വ്യക്തമായത്. കേസിൽ റിമാന്റിലായിരുന്ന മുഖ്യ പ്രതി സമീറിന് കോടതി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പോലീസ് വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം വീണ്ടും  ചോദ്യം ചെയ്തു.

മുക്ക് പണ്ടം വാങ്ങിയത് കാസർകോട്ടെ രണ്ട്  സ്ഥാപനങ്ങളിൽ നിന്നാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. കേസന്വേഷണ ഉദ്യോസ്ഥനായ ബേക്കൽ പോലീസ് ഇൻസ്പെക്ടർ  യുപി, വിപിൻ, സമീറുമായി കാസർകോട്ടെത്തി ഗ്യാരണ്ടി ആഭരണ വിതരണ സ്ഥാപനങ്ങളിൽ തെളിവെടുപ്പ്  നടത്തി.

ഒരു മാലയ്ക്ക് 4000 രൂപ വില കണക്കാക്കി 30 മാലകളായിരുന്നു പ്രതികൾ കടകളിൽ നിന്നും വിലകൊടുത്ത്  വാങ്ങിയതെന്ന് കടയുടമകൾ പോലീസിന് മൊഴി നൽകി. ഒന്നര ലക്ഷം രൂപ മുതൽ മുടക്കിൽ വാങ്ങിയ മുക്കുപണ്ടം പിന്നീട് രണ്ടരക്കോടി രൂപയ്ക്ക് ബാങ്കിൽ  പണയപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഗോവയിലായിരുന്ന മുഖ്യപ്രതി സമീറിനെ 10 ദിവസം മുമ്പാണ് ബേക്കൽ പോലീസ്  അറസ്റ്റ് ചെയ്തത്. പ്രതികൾ തട്ടിയെടുത്ത കോടികൾ ചെലവഴിച്ച് കഴിഞ്ഞുവെന്നാണ് പോലീസിനോട് പ്രതികൾ പറഞ്ഞിരിക്കുന്നത്.

ഗോവയിലെ ചൂതാട്ട കേന്ദ്രത്തിൽ ലക്ഷങ്ങൾ ചെലവഴിച്ചതായി പ്രതികൾ പോലീസിനോട് പറഞ്ഞു. ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ ചില്ലിക്കാശ് പോലും വീണ്ടെടുക്കാനായിട്ടില്ല.

LatestDaily

Read Previous

ഫേസ്ബുക്ക് പ്രണയം: കുഞ്ഞിനെ ഉപേക്ഷിച്ച് വീടുവിട്ട കൊല്ലം ഭർതൃമതി ബങ്കളത്ത് പിടിയിൽ

Read Next

വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ പെൺകുട്ടി മൊഴി മാറ്റി; ഡ്രൈവറെ വിട്ടു