വൈസ്ചെയർ പദവി ഐഎൻഎൽ ആർക്കും വിട്ടുകൊടുക്കില്ല

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ഇന്ത്യൻ നാഷണൽ ലീഗിലെ ബിൽടെക് അബ്ദുല്ല വൈസ് ചെയർമാൻ പദവിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നാലും,  ഈ പദവി ഏറ്റെടുക്കാൻ നഗരസഭയിൽ രണ്ട് ഐഎൻഎൽ  വനിതാ കൗൺസിലർമാരുണ്ടെന്ന് ഐഎൻഎൽ വക്താവ് വെളിപ്പെടുത്തി.

ബിൽടെക് അബ്ദുല്ലയുടെ ആദ്യ ഭാര്യ കോഴിക്കോട് സ്വദേശിനി ഷംസാദ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തി പത്രസമ്മേളനത്തിൽ  അബ്ദുല്ല തനിക്ക് ചെലവിന് തരുന്നില്ലെന്ന് ആരോപിച്ചിരുന്നു. തൽസമയം ഷംസാദിൽ അബ്ദുല്ലയ്ക്കുണ്ടായ പെൺകുട്ടിയുടെ നിക്കാഹിനും മറ്റും അബ്ദുല്ല നേരിട്ട് കോഴിക്കോട്ടെത്തുകയും,  വരന് ഹസ്തദാനം  നൽകി മകളുടെ നിക്കാഹ് നടത്തിക്കൊടുക്കുകയും ചെയ്തിരുന്നു.

25 വർഷം മുമ്പാണ് അബ്ദുല്ല കോഴിക്കോട്ട് വിവാഹിതനായത്. ഈ ബന്ധത്തിലുള്ള പെൺകുട്ടിയെ 23– ാം വയസ്സിലാണ് ആറു മാസങ്ങൾക്ക് മുമ്പ് അബ്ദുല്ല വിവാഹം ചെതയച്ചത്. ഇപ്പോൾ അബ്ദുല്ല നഗരസഭ വൈസ് ചെയർമാൻ പദവിയിലെത്തിയപ്പോഴാണ്  ചെലവിന് തരുന്നില്ലെന്ന് ആരോപിച്ച് ആദ്യഭാര്യ രംഗത്തുവന്നത്.

ആദ്യഭാര്യയുടെ ആരോപണം ഉയർത്തിക്കാട്ടി അബ്ദുല്ലയെ വൈസ് ചെയർമാൻ പദവിയിൽ നിന്ന് താഴെയിറക്കാനും, ഈ പദവി സ്വന്തമാക്കാനും കൊതിച്ച ചിലരാണ് ആദ്യഭാര്യയെ കാഞ്ഞങ്ങാട്ടെത്തിച്ചതെന്ന് അബ്ദുല്ലയുമായി അടുത്ത ഐഎൻഎൽ വൃത്തങ്ങൾ വെളിപ്പെടുത്തി. വൈസ് ചെയർ പദവിയിൽ നോട്ടമിട്ട ഒരു സിപിഎം കൗൺസിലർ അബ്ദുല്ലയെ വേട്ടയാടാൻ തുടങ്ങിയിട്ട് നാളുകളായി.

വൈസ് ചെയർമാന് നൽകേണ്ട സാമാന്യ അധികാരങ്ങൾ പോലും,  നഗരസഭയിൽ അബ്ദുല്ലയ്ക്കില്ലെന്ന് അബ്ദുല്ല തന്നെ സമ്മതിക്കുന്നുണ്ട്. ആദ്യഭാര്യയുടെ ആരോപണം അബ്ദുല്ല  ഭാര്യയ്ക്ക് ചെലവിന് നൽകിയാൽ തീരുന്ന പ്രശ്നം മാത്രമാണ്.  ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ട ഒരേയൊരാൾ അബ്ദുല്ല മാത്രമാണ്.

ഷംസാദിൽ  തനിക്കുണ്ടായ മകൾ എന്ന നിലയിൽ ആ പെൺകുട്ടിയുടെ നിക്കാഹ് നടത്തിക്കൊടുക്കാൻ അബ്ദുല്ല മുൻകൈയ്യെടുത്തത് തന്നെ അബ്ദുല്ല ആദ്യഭാര്യയോടും മകളോടും കാണിച്ച മനുഷ്യ സ്നേഹവും നന്ദിയുമാണ്. ഇപ്പോൾ അബ്ദുല്ലയുടെ വൈസ്ചെയർ കസേര കൊതിക്കുന്നവരാണ് ഒരർത്ഥത്തിൽ അദ്ദേഹത്തെ നാലുപാടു നിന്നും വേട്ടയാടുന്നത്.

ഐഎൻഎല്ലിൽ അബ്ദുല്ല മാറി നിൽക്കേണ്ടി വന്നാലും വാർഡ് 33–ൽ നിന്ന് വിജയിച്ച നജ്മ റാഫിയും, 35– ൽ നിന്ന് വിജയിച്ച ഫൗസിയയും വൈസ് ചെയർ പദവിക്ക് തീർത്തും അർഹരാണ്. ഈ രാഷ്ട്രീയ മര്യാദ നിലനിൽക്കുമ്പോഴാണ് സിപിഎമ്മിലെ വി. വി. രമേശനെ വൈസ് ചെയർമാനാക്കാൻ അബ്ദുല്ലയുടെ എതിരാളികൾ പത്രസമ്മേളനത്തിനും, ചാനലുകൾക്കും പണം വാരിയെറിയുന്നത്.

LatestDaily

Read Previous

ക്ലാസ്സ് മുറിയിൽ പത്തി വിടർത്തി കരി മൂർഖൻ

Read Next

കരാറുകാരനോട് കെപിസിസി അംഗം അരലക്ഷം ചോദിച്ചു