മടിക്കൈ ലോക്കലിൽ കടുത്ത മത്സരം; ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച രണ്ട്പേർ വിജയിച്ചു

ഡിവൈഎഫ്ഐ നേതാക്കളും വാർഡ് മെമ്പറും ബ്രാഞ്ച് സിക്രട്ടറിയും തോറ്റു

കാഞ്ഞങ്ങാട്: ഇന്നലെ വൈകീട്ട് അവസാനിച്ച സിപിഎം മടിക്കൈ ലോക്കൽ സമ്മേളനത്തിൽ കടുത്ത മത്സരം ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച രണ്ട് പേർക്ക് അട്ടിമറി വിജയം. രണ്ട് ഡിവൈഎഫ്ഐ നേതാക്കൾ നിസ്സാരവോട്ടുകൾക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോൾ, മടിക്കൈ ഗ്രാമ പഞ്ചായത്തംഗവും, ബ്രാഞ്ച് സിക്രട്ടറിയും ഔദ്യോഗിക പാനലിൽ നിന്നും പുറം തള്ളി.

ചാളക്കടവ് അഴീക്കോടൻ ക്ലബ്ബ് പരിസരത്താണ് മടിക്കൈ ലോക്കൽ സമ്മേളനം നടന്നത്. 19 പേരടങ്ങുന്ന ലോക്കൽ  കമ്മിറ്റിയംഗങ്ങളുടെ പാനൽ ഔദ്യോഗിക പക്ഷം അവതരിപ്പിച്ചു. ഡിവൈഎഫ്ഐ മടിക്കൈ മേഖലാ സിക്രട്ടറി ജിതേഷ് കക്കാട്ട്, ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗം റോഷിൻ, മുൻ മടിക്കൈ പഞ്ചായത്തംഗം  നൂഞ്ഞിയിലെ ജഗദീശൻ, കർഷകസംഘം ഭാരവാഹി മേക്കാട്ടെ പത്മിനി എന്നിവർ  ഔദ്യോഗിക പാനലിനെതിരെ മത്സരരംഗത്തേക്ക് വന്നു.

നാല് പേരും മത്സരത്തിൽ ഉറച്ച് നിന്നതിനെതുടർന്ന് നടന്ന വോട്ടെടുപ്പിൽ ഡിവൈഎഫ്ഐ നേതാക്കൾ നിസ്സാര വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. മടിക്കൈ പഞ്ചായത്ത് 14– ാം വാർഡ് മെമ്പർ നൂഞ്ഞിയിലെ  സുഹ്റ, 12– ാം വാർഡ് കൂലോം റോഡ് ബ്രാഞ്ച് സിക്രട്ടറി കെ. ഭാസ്ക്കരൻ എന്നിവർ ഔദ്യോഗിക പാനലിനെതിരെ നടന്ന മത്സരത്തിൽ പരാജയപ്പെട്ടു.

ഇവർ രണ്ട്പേർ ഒഴികെ ഔദ്യോഗിക പാനലവതരിപ്പിച്ച മറ്റുള്ളവർ ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സുഹ്റയും, ഭാസ്ക്കരനും പരാജയപ്പെട്ടപ്പോൾ, മുൻ മടിക്കൈ പഞ്ചായത്തംഗം നൂഞ്ഞിയിലെ ജഗദീശനെയും, കർഷകസംഘം ഭാരരവാഹി മേക്കാട്ടെ പത്മിനിയെയും ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

മുൻ ഡിവൈഎഫ്ഐ നേതാവായ ബി. ബാലനെ വീണ്ടും മടിക്കൈ ലോക്കൽ സിക്രട്ടറിയായി തെരഞ്ഞെടുത്തു. നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം സമ്മേളനത്തിലുയർന്നു. മടിക്കൈ ബാങ്ക് സംബന്ധിച്ച വിഷയവും അംഗങ്ങൾ ചർച്ചക്കെടുത്തു.

LatestDaily

Read Previous

ലീഗിൽ കൂട്ടരാജി: മുനിസിപ്പൽ ലീഗ് സിക്രട്ടറിയും രാജിവെച്ചു

Read Next

കച്ചവടക്കാരനെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ