ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഒരു പ്രദേശത്തെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന വിധത്തിൽ വാർത്ത പ്രസിദ്ധീകരിച്ച കാഞ്ഞങ്ങാട്ടെ സായാഹ്ന പത്രത്തിനെതിരെ നടപടിയാവശ്യപ്പെട്ട് 53 സ്ത്രീകൾ ഒപ്പിട്ട പരാതി അമ്പലത്തറ പോലീസ് ഇൻസ്പെക്ടർക്ക് കൈമാറി. ഇരിയ ബാലൂരിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പോസ്റ്റർ പ്രചരിപ്പിച്ചതിനെച്ചൊല്ലിയാണ് സായാഹ്ന പത്രത്തിലെ വാർത്ത.
അമ്പത്തിമൂന്ന് സ്ത്രീകളാണ് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന് പരാതി നൽകിയത്. ഇരിയ ബാലൂരിൽ 30കാരിയുടെ നേതൃത്വത്തിൽ പെൺവാണിഭം നടക്കുന്നുവെന്ന വിധത്തിലാണ് വ്യാപകമായി പോസ്റ്ററുകൾ പ്രചരിച്ചത്. നാട്ടിൽ നടക്കാത്ത സംഭവങ്ങൾക്കെതിരെയാണ് സ്ത്രീകൾ പ്രതിഷേധിച്ചെന്ന തരത്തിൽ വ്യാജവാർത്ത നൽകിയതെന്നാണ് പരാതി. സാമൂഹ്യ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന യുവജന പ്രസ്ഥാനത്തെയും വാർത്തയിലൂടെ അപമാനിച്ചതായി ബാലൂരിലെ സ്ത്രീകൾ പരാതിപ്പെട്ടു. ഒക്ടോബർ 8-ന് ബാലൂരിലെ യുവതിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ പരാമർശങ്ങളെ ഉദ്ധരിച്ച് പുതിയകോട്ടയിലുള്ള പത്രം വ്യാജവാർത്ത പ്രസിദ്ധീകരിച്ചുവെന്നാണ് സ്ത്രീകളുടെ ആരോപണം.
ലൈഫ് മിഷൻ പദ്ധതിയിൽ ബാലൂരിലെ കുടുംബത്തിനനുവദിച്ച വീടിനെതിരെ നാട്ടിലെ സ്ത്രീകൾ പരാതി നൽകിയെന്ന വാർത്താപരാമർശത്തെയും ബാലൂർ വീട്ടമ്മമാർ നിഷേധിച്ചു. ലൈഫ് മിഷൻ വീടിന്റെ പണി തടസ്സപ്പെടുത്തുന്നത് ബാലൂരിലെ ഒരു യുവതിയാണെന്നും, ഇത് വ്യക്തി വൈരാഗ്യം മൂലമാണെന്നുമാണ് സ്ത്രീകളുടെ നിലപാട്. വീട് നിർമ്മാണം തടസ്സപ്പെടുത്തിയതിനെതിരെ നാട്ടിലെ യുവജന സംഘടന പ്രതിഷേധിച്ചിരുന്നുവെന്നും ബാലൂർ വീട്ടമ്മമാർ പറയുന്നു.
നാട്ടിലെ സ്ത്രീകളെ മൊത്തം അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പത്രവാർത്ത പ്രസിദ്ധീകരിച്ച സായാഹ്നപത്രത്തിനെതിരെയും, സ്ത്രീകൾക്കെതിരെ അപഖ്യാതി പോസ്റ്റർ പ്രചരിച്ചവർക്കെതിരെയും, നടപടിയാവശ്യപ്പെട്ടാണ് പറക്കളായി ബാലൂരിലെ 53 സ്ത്രീകളൊപ്പിട്ട പരാതി അമ്പലത്തറ പോലീസ് ഇൻസ്പെക്ടർക്ക് കൈമാറിയത്. ബാലൂരിലെ യുവതിയുടെ വീട് കേന്ദ്രീകരിച്ച് നടന്ന വ്യാജ മദ്യനിർമ്മാണത്തിനെതിരെ നാട്ടിലെ സ്ത്രീകൾ പ്രതികരിച്ചതിനെതുടർന്ന് യുവതിയുടെ വീട്ടിൽ എക്സൈസ് റെയ്ഡ് നടന്നിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് യുവതി ലൈഫ് വീടിനെതിരെ പഞ്ചായത്തിൽ പരാതി കൊടുത്തതെന്നാണ് സ്ത്രീകൾ പറയുന്നത്. സായാഹ്ന പത്രത്തിൽ പ്രസിദ്ധീകരിച്ച അപകീർത്തി വാർത്ത ഇതേ യുവതി വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായും സ്ത്രീകൾ ആരോപിക്കുന്നു.