രമ്യ ആത്മഹത്യ വിഷാദ രോഗത്താൽ

നീലേശ്വരം : കടിഞ്ഞിമൂലയിൽ യുവതി കൈക്കുഞ്ഞിനെയുമെടുത്ത് കിണറ്റിൽച്ചാടി ജീവനൊടുക്കിയതിന് പിന്നിൽ പ്രസവാനന്തരമുണ്ടാകുന്ന പോസ്റ്റ്പോർട്ടം ഡിപ്രഷൻ കാരണമാണെന്ന് വിലയിരുത്തൽ. പ്രസവാനന്തരം സ്ത്രീകളിലുണ്ടാകുന്ന പ്രത്യേക തരം വിഷാദ രോഗമാണ് പോസ്റ്റ്പോർട്ടം ഡിപ്രഷൻ. കടിഞ്ഞിമൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പരേതനായ കൃഷ്ണന്റെയും, മാധവിയുടെയും  മകളായ രമ്യ തന്റെ മൂന്നാമത്തെ പ്രസവത്തിലുണ്ടായ പെൺകുഞ്ഞുമായാണ് വീടിന് സമീപത്തെ പഴയ ദിനേശ് ബീഡി കമ്പനി കെട്ടിടത്തിനടുത്തുള്ള കിണറ്റിൽച്ചാടി മരിച്ചത്.  നവജാതശിശുവിന് തൂക്കക്കുറവുണ്ടായിരുന്നതിനെച്ചൊല്ലി രമ്യ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും സൂചനയുണ്ട്.

കരിന്തളത്തെ വിമുക്തഭടനും, നീലേശ്വരം എഫ് സി ഐ ഗോഡൗൺ സുരക്ഷാ ജീവനക്കാരനുമായ പ്രഭീഷിന്റെ ഭാര്യയായ രമ്യയ്ക്ക് ആദ്യപ്രസവത്തിലുണ്ടായ കുട്ടിക്ക് 7 വയസ്സ് പ്രായമുണ്ട്. ഇവരുടെ രണ്ടാമത്തെ പ്രസവത്തിലുണ്ടായ ഇരട്ടക്കുട്ടികൾ  മരണപ്പെട്ടിരുന്നു. ഞായറാഴ്ച വീട്ടിൽ നിന്നും കാണാതായ യുവതിയെയും കുഞ്ഞിനെയും ഇന്നലെ പുലർച്ചെയാണ് കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് മരണങ്ങളും മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ  പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ  ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. കുട്ടിയെ കിണറിലെറിഞ്ഞ് കൊന്ന കുറ്റത്തിന് രമ്യയ്ക്കെതിരെ നീലേശ്വരം പോലീസ് കൊലക്കുറ്റത്തിന് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

കാറിൽ കടത്തിയ കർണ്ണാടക മദ്യം പിടികൂടി

Read Next

ബേക്കൽ പോലീസ് ലോഡ്ജ് ഉടമകളുടെ യോഗം വിളിക്കുന്നു