ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിൽ നിന്നായി സമാന്തര മദ്യവിൽപ്പന പിടികൂടി. തൃക്കരിപ്പൂർ ഉടുമ്പുന്തല മാവിലങ്ങാട് കോളനിയിലെ പി. സുരേഷിനെ 42, രണ്ടര ലിറ്റർ മദ്യവുമായി ചന്തേര എസ് ഐ, ടി.വി. പ്രസന്നകുമാറും സംഘവും പിടികൂടി. മടക്കര മത്സ്യബന്ധന തുറമുഖത്തിന് സമീപം സമാന്തര മദ്യവിൽപ്പനയ്ക്കെത്തിയ കാവുഞ്ചിറയിലെ കുഞ്ഞമ്പുവിന്റെ മകൻ സി.ഏ. ദാമോദരനെയും 60, ചന്തേര എസ് ഐ , എം. വി. ശ്രീദാസും സംഘവും പിടികൂടി. ഇയാളുടെ പക്കൽ നിന്ന് ഒന്നര ലിറ്റർ വിദേശമദ്യം പോലീസ് പിടിച്ചെടുത്തു. ഇരുവർക്കുമെതിരെ ചന്തേര പോലീസ് കേസെടുത്തു.
മടക്കര ഫിഷിങ്ങ് ഹാർബർ കേന്ദ്രീകരിച്ച് സമാന്തര മദ്യവിൽപ്പന നടക്കുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. സമാന്തരമദ്യവിൽപ്പനയ്ക്ക് പുറമെ മടക്കര തുറമുഖത്ത് കടൽമാർഗ്ഗം മംഗളൂരുവിൽ നിന്നും, മാഹിയിൽ നിന്നും വൻ തോതിൽ മദ്യമെത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കടൽ വഴിയെത്തുന്ന മദ്യം ഏറ്റുവാങ്ങാൻ തൃക്കരിപ്പൂർ, ചെറുവത്തൂർ മുതലായ ഭാഗങ്ങളിൽ നിന്നും ഏജന്റുമാരെത്തുന്നുണ്ട്.
കടൽമാർഗ്ഗം ബോട്ടുകളിൽ രഹസ്യമായെത്തുന്ന അന്യസംസ്ഥാന മദ്യം കാറുകളിൽ കടത്തിക്കൊണ്ടുപോകാനെത്തുന്ന ഇടനിലക്കാരുടെ സംഘം മടക്കര മത്സ്യബന്ധന തുറമുഖത്ത് സജീവമായിട്ടുണ്ടെന്ന് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളെന്ന വ്യാജേനയാണ് അന്യ സംസ്ഥാന മദ്യക്കടത്ത് സംഘം ബോട്ടുകളിൽ കടൽ വഴി മദ്യമെത്തിക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് മംഗളൂരുവിലും, മാഹിയിലും ലഭിക്കുന്ന വിദേശ മദ്യം ജില്ലയിലെത്തിച്ച് പതിന്മടങ്ങ് ലാഭത്തിന് വിറ്റ് തടിച്ച് കൊഴുക്കുകയാണ് സമാന്തര മദ്യ മാഫിയ.