ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സഹകരണ ആശുപത്രി ഈ ഡിസംബറിൽ തന്നെ ആരംഭിക്കുമെന്ന് ആശുപത്രി പ്രമോട്ടർ പി. അപ്പുക്കുട്ടൻ പറഞ്ഞു. അലോപ്പതിക്ക് പുറമെ ആയുർവ്വേദം നാച്വറോപ്പതി, ചികിത്സകൾ കൂടി പുതിയ സഹകരണ ആശുപത്രിയിൽ ഉണ്ടാകുമെന്നും, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടു കൂടിയ സഹകരണ ആശുപത്രിയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കാഞ്ഞങ്ങാട്ട് പ്രവർത്തിക്കുന്ന സ്വകാര്യാശുപത്രി ഏറ്റെടുത്ത് ചെറിയ ചിലവിൽ ആതുര ശ്രുശ്രൂഷ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ആശുപത്രിയുടെ മറ്റൊരു പ്രമോട്ടർ വി. വി. രമേശൻ പറഞ്ഞു. കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുടെ ബ്രോഷർ പ്രകാശനവും ഷെയർ ധന ശേഖരണവും നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇരുവരും. എക്സൈസ് തദ്ദേശവകുപ്പു മന്ത്രി എം. വി. ഗോവിന്ദൻ ഷെയർ പണം ഏറ്റുവാങ്ങി. ബ്രോഷർ പ്രകാശനവും മന്ത്രി നടത്തി.
ചികിത്സാരംഗത്ത് കഴുത്തറുക്കുന്ന മത്സരമാണ് ഇന്ന് നടന്നുവരുന്നതെന്നും, കൂടുതൽ ആശുപത്രികൾ വരുമ്പോൾ, ചികിത്സാചിലവ് താരതമ്യേന കുറയുമെന്നും, മന്ത്രി പറഞ്ഞു. കേരളത്തിൽ മൊത്തം പതിനേഴായിരം സഹകരണ പ്രസ്ഥാനങ്ങളുണ്ട്. ഇതിൽ പന്ത്രണ്ടായിരം സഹകരണ സംഘങ്ങളും ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു ഷെയറിന് ഒരു ലക്ഷം രൂപ വീതം പതിനഞ്ചോളം പേർ പണമായും ചെക്കായും ചടങ്ങിൽ മന്ത്രിയെ വേദിയിൽച്ചെന്ന് നേരിട്ടേൽപ്പിച്ചു. കോൺട്രാക്ടർ എം. ശ്രീകണ്ഠൻ നായർ, മകൻ എം. എസ്. പ്രദീപ്, ഡോ: ജയറാം കെട്ടിൽ, ദിനേശൻ, ഐശ്വര്യ കുമാരൻ, പി. ശ്രീധരൻ, ഷാജി ഇരിയ, സതീഷ് ചിത്താരി, മുഹമ്മദ് ചിത്താരി, ലീഗ് നേതാവ് എം. ഹമീദ് ഹാജി എന്നിവർ ഒാരോ ലക്ഷം രൂപ ഷെയർ പണം മന്ത്രിയുടെ കൈകളിൽ നേരിട്ടു നൽകി. ചിത്ര രാധാകൃഷ്ണന്റെ പേര് വിളിച്ചുവെങ്കിലും ഹാജരായില്ല. മന്ത്രി ഈ പണം ആശുപത്രി പ്രമോട്ടർ പി. അപ്പുക്കുട്ടന് കൈമാറി. നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, സിപിഎം നേതാവ് എം. പൊക്ലൻ, കെ.ആർ. ബൽരാജ്, സി. ബാലകൃഷ്ണൻ, കെ. രാജ്മോഹൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.