ഭർത്താവിന്റെ പീഡനം മൂലം വീടുവിട്ട യുവതിയും കുടുംബവും കർണ്ണാടകയിലെ റബ്ബർ തോട്ടത്തിൽ

ചിറ്റാരിക്കാൽ: ഭർത്താവിന്റെ കടുത്ത പീഡനത്തെത്തുടർന്ന് മക്കളെയും സഹോദരിയെയും കൂട്ടി വീടുവിട്ട യുവതിയെ കർണ്ണാടകയിലെ റബ്ബർ തോട്ടത്തിൽ കണ്ടെത്തി. സഹോദരങ്ങളായ യുവതികളെയും രണ്ട് മക്കളെയും പോലീസ് കർണ്ണാടക സുള്ള്യയ്ക്ക് കിഴക്ക് കോപ്പ റബ്ബർ എസ്റ്റേറ്റിലാണ് കണ്ടെത്തിയത്.

ചിറ്റാരിക്കാൽ കോട്ടക്കുന്നിലെ രവിയുടെ ഭാര്യ ആശ 38, ആശയുടെ  സഹോദരി ലിസി 31, ആശയുടെ മക്കളായ എട്ട് വയസ്സുള്ള പെൺകുട്ടി, അഞ്ച് വയസ്സുകാരനായ മകൻ എന്നിവരെയാണ് വീട്ടിൽ നിന്നും കാണാതായത്. വെള്ളിയാഴ്ച രാവിലെ കോട്ടക്കുന്നിലെ വീട്ടിൽ നിന്നും മക്കൾക്കൊപ്പം സഹോദരിമാർ അപ്രത്യക്ഷരാവുകയായിരുന്നു.

ഭാര്യയേയും മക്കളെയും ഭാര്യാ സഹോദരിയേയും കാൺമാനില്ലെന്ന പരാതിയുമായി വെള്ളിയാഴ്ച രാത്രി രവി ചിറ്റാരിക്കാൽ  പോലീസിനെ സമീപിച്ചു. പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തിരോധാനത്തിന് തുമ്പായത്. ചിറ്റാരിക്കാൽ എസ് ഐ, കെ.പി. രമേശന്റെ  നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ നാലു പേരേയും  കർണ്ണാടക കോപ്പ റബ്ബർ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു. കർണ്ണാടകയിൽ നിന്നും പോലീസ് ഇവരെ നാട്ടിലെത്തിച്ച് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ഭർത്താവ് രവിയുടെ ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടതാണെന്ന് ആശ പോലീസിനോട് പറഞ്ഞു. പറമ്പ സ്വദേശിയായ രവി, കോട്ടക്കുന്നിലെ ഭാര്യവീട്ടിലാണ് താമസം. ഭാര്യാ വീട്ടിൽ  താമസം മാറ്റിയ രവി, ഭാര്യയ്ക്കും മക്കൾക്കും ചെലവിന് നൽകാതെ, മദ്യലഹരിയിലെത്തി നിരന്തരം പീഡനം തുടർന്നപ്പോഴാണ് ആശ മറ്റുള്ളവരെയും കൂട്ടി  കർണ്ണാടകയിലേക്ക് സ്ഥലം വിട്ടത്.

ബന്ധുവിന്റെ  റബ്ബർ തോട്ടത്തിൽ റബ്ബർടാപ്പിംഗ് ജോലിക്ക് പോയതാണെന്നും ഭർത്താവിന്റെ പീഡനം മൂലം സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയുന്നില്ലെന്നും ആശ പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സഹോദരികളെയും മക്കളെയും  ഹോസ്ദുർഗ്ഗ്  ജുഡീഷ്യൽ മജിസ്ട്രേറ്റ് സ്വന്തം ഇഷ്ടത്തിന് വിട്ടു.

LatestDaily

Read Previous

ബൊലേറോ വാഹനം കസ്റ്റഡിയിലെടുക്കാനെത്തിയ എസ്ഐയെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Read Next

സ്റ്റീൽബോംബ് ദൃശ്യം പോലീസ് പുറത്തുവിട്ടു