തെരുവ് പട്ടികൾ കുരച്ചുചാടുന്നു; ഭരണ കർത്താക്കൾ മൗനത്തിൽ

കാഞ്ഞങ്ങാട്: തെരുവോരങ്ങളിൽ പട്ടി ശല്യം രൂക്ഷമായി. പെറ്റുപെരുകിയ നായ്ക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രമായി റോഡുകൾ മാറി. ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങൾ റോഡിൽ തള്ളുന്നത് റോഡുകൾ നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയതിന്റെ മുഖ്യ കാരണമാണ്.

കാഞ്ഞങ്ങാട്–പാണത്തൂർ സംസ്ഥാന പാതയ്ക്കരികിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായി. ഈ ഭാഗങ്ങളിൽ പട്ടിക്കൂട്ടങ്ങൾ തമ്പടിക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി. സ്കൂൾ തുറക്കുന്നതോടെ പിഞ്ചുകുട്ടികൾ നടന്ന് പോകുന്ന വഴികളിലെല്ലാം തെരുവ് പട്ടികളുടെ സാന്നിധ്യം ഉറപ്പായിട്ടുണ്ട്. പലപ്പോഴും നായ്ക്കൾ അക്രമാസക്തരാകുന്നു.

നഗര–ഗ്രാമ വിത്യാസമില്ലാതെ ടൗണുകളിൽ  നായ്ക്കൾ വിഹരിക്കുന്നുണ്ടെങ്കിലും, നടപടി സ്വീകരിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മിണ്ടാട്ടമില്ല. പട്ടിയാക്രമണത്തിൽ പരിക്കേറ്റ വാർത്തകൾ ദിനംപ്രതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചീമേനിയിൽ തെരുവ് പട്ടിയുടെ കടിയേറ്റ കുട്ടി മരണപ്പെട്ടത് ഞെട്ടലുളവാക്കുന്നതാണ്.

Read Previous

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞത് പുല്ലൂർ സ്വദേശികൾ

Read Next

ടൗൺ സ്ക്വയർ; നഷ്ടമാകുന്നത് ഏക പൊതുസ്ഥലം