വഞ്ചനാക്കേസിൽ പ്രതിയായ വീട്ടമ്മ ഗൾഫിലേക്ക് കടന്നു

ബേക്കൽ: കപ്പൽ ജീവനക്കാരനിൽ നിന്ന് 9.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലെ മുഖ്യപ്രതിയായ  യുവതി ഗൾഫിലേക്ക് കടന്നു. കേസിൽ പരാതിക്കാരനായ യുവാവ് കപ്പൽ ജോലിയിൽ നിന്ന് നാട്ടിൽ അവധിയിലെത്തിയതിന് പിന്നാലെയാണ് വീട്ടമ്മ ഗൾഫിലേക്ക് കടന്നത്.

കോട്ടിക്കുളം മഹൽ മൻസിലിൽ അബ്ദുൾ റഹ്മാന്റെ മകനും, കപ്പൽ ജീവനക്കാരനുമായ മോംസാലി ഹോസ്ദുർഗ്ഗ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിന്റെ  ഭാഗമായി കോടതി നിർദ്ദേശപ്രകാരം ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലെ ഒന്നാം പ്രതി ഖൈറുന്നീസയാണ് 47, ഗൾഫിലേക്ക് കടന്നത്. ബേക്കൽ പോലീസ് കയ്യൊഴിഞ്ഞ പരാതിയിൽ മോംസാലി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന് മണത്തറിഞ്ഞതോടെയാണ് വീട്ടമ്മ ഗൾഫിലുള്ള മകളുടെയടുത്തേക്ക് പോയതെന്ന്  കരുതുന്നു.

2014 മുതൽ 2019 വരെയുള്ള കാലയളവിൽ നിരവധി തവണകളായി 9,41,516 രൂപയാണ് കോട്ടിക്കുളം പൈക്കത്ത് വളപ്പിൽ ഫാസില റസിഡൻസിലെ ഖൈറുന്നീസയും , ഭർത്താവ് മാഹിൻ മകൻ മുഹമ്മദ് ഫൈസൽ എന്നിവരും  ചേർന്ന്  മോംസാലിയിൽ നിന്നും തട്ടിയെടുത്തത്. 2014-ൽ മാഹിൻ ആവശ്യപ്പെട്ടത് പ്രകാരം മോംസാലി ബാങ്ക് അക്കൗണ്ട് വഴി 1 ലക്ഷം രൂപ അയച്ച് കൊടുത്തിരുന്നു. ഇവരുടെ മകളുടെ കല്യാണ സമയത്ത്  75,000 രൂപ അക്കൗണ്ട് വഴിയും, 1 ലക്ഷം രൂപ നേരിട്ടും കൊടുത്തിരുന്നു. പിന്നീടും, പല ആവശ്യങ്ങൾ പറഞ്ഞ് ദമ്പതികൾ മോംസാലിയിൽ നിന്നും പണം കടം വാങ്ങി.

ഏറ്റവുമൊടുവിൽ കടം കൊടുത്ത പണം തിരികെ ചോദിച്ചപ്പോഴാണ് ഖൈറുന്നീസ മോംസാലിക്കെതിരെ പീഡന പരാതിയുന്നയിച്ചത്. തന്റെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി, ബലാത്സംഗം ചെയ്തെന്നാണ് യുവതി മോംസാലിക്കെതിരെ പരാതി നൽകിയത്. പ്രസ്തുത പരാതിയിൽ ബലാത്സംഗക്കുറ്റവും, ഐടി വകുപ്പും ചേർത്ത് കേസെടുത്തതോടെയാണ് യുവാവ് റിമാന്റിലായത്.  നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ തെളിവുകൾ കണ്ടെത്താൻ ബേക്കൽ പോലീസിന് കഴിയാത്തതിനാൽ ഹൈക്കോടതി യുവാവിന് ജാമ്യമനുവദിക്കുകയായിരുന്നു. 62 ദിവസമാണ് യുവാവിന്  ഈ കേസിൽ റിമാന്റിൽക്കഴിയേണ്ടി വന്നത്. പരിചയത്തിന്റെ പേരിൽ സാമ്പത്തിക സഹായം നൽകിയതിന് ബലാത്സം ഗക്കേസിൽ ജയിലിൽക്കിടക്കേണ്ടി വന്ന ഹതഭാഗ്യനാണ്  കപ്പൽ ജീവനക്കാരനായ കോട്ടിക്കുളം മഹൽ മൻസിലിലെ മോംസാലി. ഭാര്യയും കുടുംബവുമൊത്ത് ജീവിക്കുന്ന തനിക്ക് ഈ കേസ് കടുത്ത മാനഹാനിയും, മനോവിഷമവുമുണ്ടാക്കിയതായി യുവാവ് പറഞ്ഞു. 2019-ൽ ബേക്കൽ പോലീസിൽ യുവാവ് കൊടുത്ത പരാതിയിൽ കേസ് റജിസ്റ്റർ ചെയ്യാത്തതിന് പിന്നിൽ ബാഹ്യ സമ്മർദ്ദങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്.

മോംസാലിയിൽ നിന്നും 9.5 ലക്ഷം രൂപ തട്ടിയെടുത്ത ഖൈറുന്നീസയുടെ അടുത്ത ബന്ധുവിന് ബേക്കൽ പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരുമായി  ഉറ്റ സൗഹൃദബന്ധമുണ്ട്. മോംസാലിയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്യാതിരിക്കുകയും, യുവതിയുടെ പരാതിയിൽ തിടുക്കത്തിൽ കേസ്സ് രജിസ്റ്റർ ചെയ്ത് മോംസാലിയെ റിമാന്റിൽ  കുടുക്കുകയും ചെയ്തതിന് പിന്നിൽ കള്ളക്കളികളുണ്ടെന്നാണ് ആരോപണം.

LatestDaily

Read Previous

ഡോക്ടറുടെ ഭാര്യ തൂങ്ങി മരിച്ചു

Read Next

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞത് പുല്ലൂർ സ്വദേശികൾ