ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ മടിക്കൈയിലെ പി. ബേബി രാഷ്ട്രീയം കൊണ്ട് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി മടിക്കൈ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ അംഗങ്ങളുടെ രൂക്ഷ വിമർശനം. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരനും വരവിൽക്കവിഞ്ഞ സ്വത്തുണ്ടെന്നും, പാർട്ടി അണികൾ വിമർശനമുന്നയിച്ചു.
ബേബിയും ഇവരുടെ വലംകൈയ്യായ ഹാർഡ് വേഴ്സ് സെയിൽസ്മാനും മടിക്കൈ എൽസി അംഗവുമായ യുവാവ് ഡിവൈഎഫ്ഐയുടെ പേരിൽ ആരംഭിച്ച ചിട്ടി കാഞ്ഞങ്ങാട്ടെ ചില ഉന്നതരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗ്ഗമാണെന്നും വിമർശനമുയർന്നു. രാവിലെ പണം നൽകി വൈകുന്നേരം പലിശയടക്കം തിരിച്ചു വാങ്ങുന്ന മാർവാടി ബ്ലേഡ് മാതൃക മടിക്കൈയിലും നടപ്പാക്കിയെന്ന് ആരോപണമുയർന്നു.
ഈ യുവാവ് റെന്റ് ഏ- കാർ നടത്തുന്നത് ആരുടെ പണം കൊണ്ടാണെന്ന് വെളിപ്പെടുത്തണമെന്ന് പാർട്ടി അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇദ്ദേഹം കാഞ്ഞങ്ങാട്ടെ വൻകിട വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കളെ പിടിച്ചുകൊടുത്ത് കമ്മീഷൻ കൈപ്പറ്റുന്നുണ്ടെന്നും അംഗങ്ങൾ ആരോപിച്ചു.
പാർട്ടിയിൽ വന്നില്ലെങ്കിൽ താൻ ജീവിതത്തിൽ മറ്റേതെങ്കിലും വലിയ നിലയിൽ എത്തുമായിരുന്നുവെന്നും, പാർട്ടി എനിക്കൊന്നും തന്നില്ലെന്നും പി. ബേബി യോഗത്തിൽ വിശദീകരിച്ചു. എനിക്ക് ജീവിതച്ചെലവ് വളരെ കുറവാണ്. ഇപ്പോൾ താൻ വഹിക്കുന്ന പദവികളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം സ്വരൂപിച്ചാണ് സ്ഥലം വാങ്ങി പീടിക മുറി കെട്ടിയതെന്നും പി. ബേബി വിശദീകരിച്ചുവെങ്കിലും, ഗുരുവനം കുന്നിൽ ബേബിയുടെ പേരിലുള്ള ഒരു ഏക്കർ കണ്ണായ ഭൂമിയെക്കുറിച്ച് ബേബി ഒന്നും മിണ്ടിയില്ല.