ഹണിട്രാപ്പ് മോഡൽ തട്ടിപ്പിൽ ദമ്പതികൾക്കെതിരെ വഞ്ചനാക്കേസ്സ്

ബേക്കൽ: കടം കൊടുത്ത പണം തിരിച്ചു നൽകിയില്ലെന്ന  പരാതിയിൽ ബേക്കൽ പോലീസ് 3 പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. കോട്ടിക്കുളം അങ്കക്കളരി മഹൽ മൻസിലിൽ അബ്ദുൾ റഹ്മാന്റെ മകനും, കപ്പൽ ജീവനക്കാരനുമായ മോംസാലിയുടെ പരാതിയിലാണ് സ്ത്രീയടക്കം 3 പേർക്കെതിരെ  പോലീസ് കേസ്സെടുത്തത്. മോംസാലി കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തെത്തുടർന്ന് കോടതി ബേക്കൽ പോലീസിനോട് കേസ്സെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

2014 മുതൽ 2019 വരെയുള്ള കാലയളവിൽ മോംസാലി അയൽക്കാരായ കോട്ടിക്കുളം പൈക്കത്ത് വളപ്പിൽ ഖൈറുന്നീസ 47, ഇവരുടെ ഭർത്താവ് മാഹിൻ 57, മകൻ മുഹമ്മദ് ഫൈസൽ 23 എന്നിവർക്ക് പല തവണയായി 9.5 ലക്ഷത്തോളം രൂപ കടമായി കൊടുത്തിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് 2019 ൽ മോംസാലി  ബേക്കൽ പോലീസിൽ പരാതി കൊടുത്തുവെങ്കിലും പോലീസ് പരാതി പരിഗണിച്ചില്ല.

തൊഴിലിന്റെ ഭാഗമായി കപ്പലിൽക്കയറിയ ഇദ്ദേഹം മൂന്നാഴ്ച മുമ്പ് നാട്ടിൽ തിരിച്ചെത്തി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. ഖൈറുന്നീസയുടെ മകളുടെ കല്ല്യാണച്ചെലവിലേക്കടക്കം പലതവണയായി 9,41,516 രൂപയാണ് മോംസാലി കടം കൊടുത്തത്. ബാങ്ക് വഴിയായിരുന്നു പണം കൈമാറ്റം നടത്തിയത്. കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ഖൈറുന്നീസ മോംസാലിക്കെതിരെ പീഡന പരാതിയുന്നയിച്ചിരുന്നു.

2019 ൽ ഖൈറുന്നീസ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് മോംസാലിക്കെതിരെ 186/19 നമ്പറിൽ ബലാത്സംഗക്കുറ്റം ചുമത്തി കേസ്സെടുത്തു. ഈ കേസ്സിൽ 62 ദിവസത്തോളം റിമാന്റിൽക്കഴിഞ്ഞ യുവാവിന് ഹൈക്കോടതി ജാമ്യമനുവദിക്കുകയായിരുന്നു. മോംസാലി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ ഫോണിലുണ്ടെന്നായിരുന്നു ഖൈറുന്നീസയുടെ അവകാശവാദം.

പീഡനദൃശ്യങ്ങളുണ്ടെന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ തെളിവുകൾ കോടതിയിൽ സമർപ്പിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതോടെയാണ് ഹൈക്കോടതി മോംസാലിക്ക് ജാമ്യമനുവദിച്ചത്. കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് ഹണിട്രാപ്പ് മാതൃകയിലുള്ള കെണിയൊരുക്കുകയായിരുന്നു യുവതി. ഇതിന് ഇവരുടെ ഭർത്താവും മകനും കൂട്ടുനിന്നു. സ്വന്തം നഗ്ന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ച് മോംസാലിയുടെ വാട്സ്ആപ്പിലേക്കയച്ച് വശീകരിക്കാനും ശ്രമം നടന്നതായി മോംസാലി പറഞ്ഞു.

ഖൈറുന്നീസയുടെ പരാതിയിൽ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട് റിമാന്റിൽക്കഴിയേണ്ടി വന്ന യുവാവ് നീതി തേടി ബേക്കൽ പോലീസിലെത്തിയെങ്കിലും, പോലീസ് ഇദ്ദേഹത്തിന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ഹൊസ്ദുർഗ് കോടതിയുടെ നിർദ്ദേശപ്രകാരം ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ ഐപിസി 420 വഞ്ചനാക്കുറ്റം ഐപിസി 34  ചതിക്കാനുള്ള ഉദ്ദേശ്യം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

LatestDaily

Read Previous

മാണിക്കോത്ത് തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ആറുമാസം

Read Next

കോവിഡിൽ ശരീരം തളർന്ന വീട്ടമ്മ ആസിഡ് കുടിച്ച് മരിച്ചു