ഔഫ് ഫണ്ടിനെച്ചൊല്ലി ഉൾപ്പാർട്ടി കലഹം

കാഞ്ഞങ്ങാട് ഏസിയിൽ മൂവായിരം പാർട്ടിയംഗങ്ങൾ ∙ ഒരംഗം അഞ്ഞൂറ് രൂപ വീതം ഔഫ് ഫണ്ടിലേക്ക് നൽകി

കാഞ്ഞങ്ങാട്: മുസ്്ലീം ലീഗ് പ്രവർത്തകരാൽ കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ  പ്രവർത്തകനും കാന്തപുരം വിഭാഗം സുന്നി പ്രവർത്തകനുമായ, കല്ലൂരാവിയിലെ ഔഫ് അബ്ദുൾ റഹിമാൻ കുടുംബ സഹായ ഫണ്ട് സിപിഎം വക മാറ്റിയ നടപടി പാർട്ടിയിൽ ഉൾപ്പാർട്ടി കലഹം ക്ഷണിച്ചു വരുത്തി. കാഞ്ഞങ്ങാടിന്റെ തീരപ്രദേശമായ കല്ലൂരാവി മുണ്ടത്തോട് പ്രദേശത്ത് 2020 ഡിസംബർ 23-ന്  രാത്രി 10 മണിയോടെയാണ് ഔഫ് കൊല ചെയ്യപ്പെട്ടത്.  നെഞ്ചിലേറ്റ ഒറ്റക്കഠാരക്കുത്തിലാണ് ഇരുപത്തിയൊമ്പതുകാരനായ ഔഫ് മരണപ്പെട്ടത്. ഔഫ് കൊല ചെയ്യപ്പെടുമ്പോൾ, പത്്നി ഷാഹിന കടിഞ്ഞൂൽ ഗർഭിണിയായിരുന്നു.

അബ്ദുൾ റഹിമാന്റെ കൊലയെതുടർന്ന് ഔഫിന്റെ നിരാലംബരായ ഭാര്യയെയും  കുഞ്ഞിനെയും പാർട്ടി സംരക്ഷിക്കുമെന്ന് പിന്നീടുണ്ടായ പൊതുയോഗങ്ങളിലെല്ലാം, സിപിഎം പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി താൽപ്പര്യമെടുത്ത് പാർട്ടി അംഗങ്ങൾ ഒരാളിൽ നിന്ന് 500 രൂപ വീതം ഔഫ് ഫണ്ടിലേക്ക് പണം പിരിച്ചെടുക്കുകയും ചെയ്തു. ചില പാർട്ടി അംഗങ്ങളെല്ലാം അഞ്ഞൂറ് രൂപയിൽ കൂടുതലും, ചിലർ അഞ്ഞൂറ് രൂപയിൽ കുറഞ്ഞ തുകയും ഔഫ് ഫണ്ടിലേക്ക് സംഭാവന നൽകിയിരുന്നു.

സിപിഎം കാഞ്ഞങ്ങാട് ഏസിക്ക് കീഴിൽ കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ- പുല്ലൂർ പെരിയ പഞ്ചായത്ത്   പ്രദേശങ്ങളിൽ 3000 ഉറച്ച പാർട്ടി അംഗങ്ങളുണ്ട്. മൂവായിരം പേർ 500 രൂപ വീതം പാർട്ടി വഴി പിരിച്ച തുക 15 ലക്ഷം രൂപ ഏരിയാ കമ്മിറ്റിയുടെ കൈകളിലെത്തിച്ചേർന്നിട്ട് നീണ്ട പത്തുമാസം പിന്നിട്ടിട്ടും,  ഈ പണം ന്യായമായും ഔഫിന്റെ കുടുംബത്തിന് കൈമാറുന്നതിന് പകരം ഏരിയാ കമ്മിറ്റിയുടെ കൈകളിൽ കിടക്കുകയാണ്.

ഇപ്പോൾ, ഈ പണത്തെക്കുറിച്ച് ലേറ്റസ്റ്റ് അന്വേഷിച്ചപ്പോൾ, ഈ ഫണ്ട്  ഔഫിന്റെ കൊലയെത്തുടർന്നുണ്ടായ അക്രമക്കേസ്സുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ കേസ്സ് നടത്താൻ വേണ്ടി മാറ്റിവെച്ചതാണെന്ന് സിപിഎം ഏരിയാ സിക്രട്ടറി അഡ്വ. കെ. രാജ്മോഹൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഔഫ് കൊലക്കേസ്സിന് ശേഷം കല്ലൂരാവി മുണ്ടത്തോട് പ്രദേശത്ത് നടന്ന പത്തോളം അക്രമക്കേസ്സുകൾ  നടത്താൻ ഔഫ് ഫണ്ട് വക മാറ്റുകയായിരുന്നു.   ഔഫിന്റെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്ഐ പ്രത്യേകമായി നാടുനീളെ പണപ്പിരിവ് നടത്തിയിരുന്നു.

45 ലക്ഷത്തോളം രൂപ ഈ പൊതുപിരിവിൽ ഡിവൈഎഫ്ഐക്ക് ലഭിക്കുകയും,  ഈ തുക മാസങ്ങൾക്ക് മുമ്പ് ഔഫിന്റെ  സഹധർമ്മിണിക്ക് നേരിട്ട് കൈമാറുകയും  ചെയ്തിരുന്നു. പാർട്ടി ഏരിയാക്കമ്മിറ്റി  ഔഫിന്റെ പേരിൽ  പിരിച്ച ഫണ്ട് ഔഫിന്റെ കുടുംബത്തിന് നൽകാതെ വക മാറ്റി, കേസ്സ് നടത്താൻ മാറ്റി വെച്ച നടപടിയിൽ നാടെങ്ങും പാർട്ടി പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലും ഔഫ് ഫണ്ട് വകമാറ്റിയ വിഷയം പാർട്ടിഅണികൾ ഉയർത്തിയിരുന്നു.

ഔഫ് കൊലയെത്തുടർന്നുണ്ടായ ക്രിമിനൽ കേസ്സുകൾ നടത്താൻ പാർട്ടി വേറെ പണം കണ്ടെത്തണമെന്ന ആവശ്യമാണ് ഇപ്പോൾ  പാർട്ടി പ്രവർത്തകരിൽ നിന്ന്  ഉയർന്നിട്ടുള്ളത്. ഔഫ് അബ്ദുറഹ്മാന്റെ കുടുംബത്തിന് നൽകാനാണെന്ന് തീരുമാനിച്ച് പാർട്ടി പിരിച്ചെടുത്ത പണം ഔഫിന്റെ കുടുംബത്തിന് തന്നെ നൽകണമെന്നാണ് പാർട്ടി അണികളിൽ നിന്ന് പരക്കെ ഉയർന്നിട്ടുള്ള ആവശ്യം.

Read Previous

മേൽപ്പറമ്പ വിദ്യാർത്ഥിനിയുടെ മരണം: അധ്യാപകന്റെ സുഹൃത്ത് അറസ്റ്റിൽ

Read Next

വീട്ടുമുറ്റത്തെ മഴ വെള്ളത്തിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു