ദേശാഭിമാനി വാങ്ങിയില്ലെങ്കിൽ മാതൃഭൂമിയും വേണ്ട, മടിക്കൈ കുടുംബത്തിന് തൊഴിലുറപ്പ് നിഷേധിച്ചു

കാഞ്ഞങ്ങാട്:  സിപിഎം പ്രാദേശിക നേതാക്കളുടെ ആവശ്യാർത്ഥം വീട്ടിൽ വരുത്തിയിരുന്ന ദേശാഭിമാനി പത്രം നിർത്തുകയും, പകരം  കുട്ടികളുടെ പഠനാവശ്യാർത്ഥം മാതൃഭൂമി പത്രം വാങ്ങുകയും ചെയ്തുവെന്നതിന് മടിക്കൈ മൈത്തടത്തെ കർഷക തൊഴിലാളി സ്ത്രീ തമ്പായിയെ പാർട്ടി എൽ സി അംഗം ഭീഷണിപ്പെടുത്തുകയും, തമ്പായിക്ക് തൊഴിലുറപ്പു ജോലി നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷമായി പാർട്ടി പ്രവർത്തകരുടെ ആവശ്യാർത്ഥം തമ്പായിയുടെ വീട്ടിൽ ദേശാഭിമാനി പത്രം വരുത്തുന്നുണ്ട്. വീട്ടിലുള്ള വിദ്യാർത്ഥികൾക്ക് പഠന ആവശ്യാർത്ഥം ഇപ്പോൾ വീട്ടിൽ മാതൃഭൂമി പത്രം വരുത്താൻ തുടങ്ങിയത് രണ്ട് മാസം മുമ്പാണ്.

ഇതോടെ വീട്ടിൽ വരുത്തിയിരുന്ന ദേശാഭിമാനി പത്രം തമ്പായി നിർത്തുകയും ചെയ്തു. മടിക്കൈയിലെ കർഷകതൊഴിലാളിയും, അടിയുറച്ച കമ്യൂണിസ്റ്റ്കാരനുമായ മൈത്തടം പടിഞ്ഞാറേ വീട്ടിൽ കുഞ്ഞമ്പുവിന്റെ ഭാര്യയാണ് തമ്പായി. കുഞ്ഞമ്പു നാല് വർഷം മുമ്പ് മരണപ്പെട്ടു. കഴിഞ്ഞ ദിവസം തമ്പായിയുടെ വീട്ടിലെത്തിയ പാർട്ടി എൽസി അംഗവും റിട്ടയേർഡ് ബാങ്ക് ജീവനക്കരനുമായ സഖാവ് തമ്പായിയുടെ വീട്ടിലെത്തി ദേശാഭിമാനി വാങ്ങുന്നില്ലെങ്കിൽ മാതൃഭൂമി പത്രവും വാങ്ങേണ്ടതില്ലെന്ന് ആക്രോശിക്കുകയും, അന്നത്തെ  മാതൃഭൂമി പത്രം വീട്ടുകാരുടെ മുന്നിൽവെച്ച് കീറി ദൂരെക്കളയുകയും ചെയ്തു.

തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെടുന്ന മൈത്തടം പരിസരത്തുള്ള സ്ത്രീകൾ പിറ്റേന്ന് തമ്പായിയുടെ വീട്ടിലെത്തുകയും, തമ്പായിക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി അറിയിക്കുകയും ചെയ്തു. വീട്ടിൽ തമ്പായിയുടെ മകന്റെ ഭാര്യയും സ്കൂളിൽ പഠിക്കുന്ന കുട്ടികളുമുണ്ട്. മേലിൽ മാതൃഭൂമി പത്രം വീട്ടിൽ കണ്ടുപോകരുതെന്ന താക്കീതോടെയാണ് പാർട്ടി എൽസി അംഗം വീടുവിട്ടുപോയത്. കമ്യൂണിസ്റ്റ് കർഷക സമരങ്ങളിൽ ഒരു കാലത്ത് മുൻ നിരയിലായിരുന്നു തമ്പായിയുടെ ഭർത്താവ് മൈത്തടം പടിഞ്ഞാറേ വീട്ടിൽ കുഞ്ഞമ്പു. അടിയന്തിരാവസ്ഥ കാലത്ത് കണ്ണൂർ ജയിലിലടക്കപ്പെട്ട കുഞ്ഞമ്പു ജയിലിൽ, അന്ന് സഹതടവുകാരനായിരുന്ന പിണറായി വിജയന്റെ ഉറ്റചങ്ങാതിയാണ്.

വി.എസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ മടിക്കൈ യിൽ ഒരു  പാർട്ടി പരിപാടിയിൽ സംബന്ധിക്കാനെത്തിയ പിണറായി വിജയൻ ആൾക്കൂട്ടത്തിൽ  തന്നെ കുഞ്ഞമ്പുവിനോട്  പഴയ ജയിൽ ജീവിതത്തെക്കുറിച്ച് കുശലാന്വേഷണം നടത്തിയത് നാട്ടുകാരുടെ മുന്നിൽ വെച്ചാണ്. കുഞ്ഞമ്പു പിണറായിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മറ്റൊരു അവസരത്തിലാകാമെന്ന്  പിണറായി പറയുകയും ചെയ്തിരുന്നു. ആ കുഞ്ഞമ്പുവിന്റെ ഭാര്യയ്ക്കാണ് ഇപ്പോൾ ദേശാഭിമാനി പത്രം വാങ്ങിയിരുന്നത് നിർത്തിയെന്ന കാരണത്താൽ  പാർട്ടി എൽസി അംഗത്തിൽ നിന്ന് ഭീഷണി ഉയർന്നിട്ടുള്ളത്.

LatestDaily

Read Previous

പീഡനക്കേസ്സ് പ്രതി പെൺകുട്ടിയുടെ വീട് അടിച്ചു തകർത്തു, പ്രതി അറസ്റ്റിൽ

Read Next

മേൽപ്പറമ്പ വിദ്യാർത്ഥിനിയുടെ മരണം: അധ്യാപകന്റെ സുഹൃത്ത് അറസ്റ്റിൽ