മേൽപ്പറമ്പ വിദ്യാർത്ഥിനിയുടെ മരണം: അധ്യാപകന്റെ സുഹൃത്ത് അറസ്റ്റിൽ

കാഞ്ഞങ്ങാട്: എട്ടാം തരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ അധ്യാപകന്റെ സുഹൃത്തും അറസ്റ്റിൽ. ബേഡഡുക്ക കാഞ്ഞിരത്തുങ്കാൽ നൗഷാദിനെയാണ് 25, അറസ്റ്റ് ചെയ്തത്. ബേക്കൽ ഡിവൈഎസ്പി  ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ  മുഖ്യപ്രതി ദേളി സഅദിയ സ്കൂളിലെ അധ്യാപകൻ ആദൂരിലെ ഉസ്മാന് ഒളിവിൽ പോകാൻ  സഹായമൊരുക്കിയതിനാണ് നൗഷാദിനെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്. ഉസ്മാൻ നേരത്തെ അറസ്റ്റിലായി റിമാന്റിലാണ്.

പെൺകുട്ടി  തൂങ്ങി ജീവനൊടുക്കിയ കേസിൽ പിതാവിന്റെ പരാതിയിൽ കേസെടുത്ത മേൽപ്പറമ്പ് പോലീസ് അന്വേഷണ മധ്യേ ഉസ്മാന്റെ  പേരിൽ പോക്സോ നിയമവും ബാല നീതി നിയമം ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയിരുന്നു. അന്വേഷണ മധ്യേ കർണ്ണാടകയിലേക്ക് കടന്ന ഉസ്മാൻ, ഇവിടെ നിന്നും മഹാരാഷ്ട്രയിലെത്തി മുംബൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ , സൈബർ സെല്ലിന്റെ സഹായത്തോടെ മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

കാസർകോട്ട് നിന്നും കർണ്ണാടകയിലേക്കും ഇവിടെ നിന്നും മഹാരാഷ്ട്രയിലേക്കും കടക്കുന്നതിനും ഉസ്മാന് സഹായം ചെയ്ത് നൽകിയത് നൗഷാദാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ്. മൊബൈൽ ഫോണിൽ അധ്യാപകന്റെ നിരന്തര ശല്യത്തെത്തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തി. അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

LatestDaily

Read Previous

ദേശാഭിമാനി വാങ്ങിയില്ലെങ്കിൽ മാതൃഭൂമിയും വേണ്ട, മടിക്കൈ കുടുംബത്തിന് തൊഴിലുറപ്പ് നിഷേധിച്ചു

Read Next

ഔഫ് ഫണ്ടിനെച്ചൊല്ലി ഉൾപ്പാർട്ടി കലഹം