രക്തസാക്ഷി ഔഫിന്റെ കുടുംബത്തിന് പിരിച്ച 15 ലക്ഷം രൂപ സിപിഎം വകമാറ്റി

കാഞ്ഞങ്ങാട്: രക്തസാക്ഷി കല്ലൂരാവി മുണ്ടത്തോടിലെ ഔഫ് അബ്ദുൾറഹ്മാന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റി പിരിച്ചെടുത്ത 15 ലക്ഷം രൂപ വകമാറ്റി. 2020 ഡിസംബർ 23-ന് രാത്രി 10 മണിയോടെയാണ് കാഞ്ഞങ്ങാട് നഗരസഭയുടെ തീരപ്രദേശമായ കല്ലൂരാവി മുണ്ടത്തോട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദുറഹ്മാൻ 29, ക്രൂരമായ നിലയിൽ കൊല ചെയ്യപ്പെട്ടത്.

കാന്തപുരം വിഭാഗം നയിക്കുന്ന സുന്നി യുവജനസംഘത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു ഔഫ് അബ്ദുറഹ്മാൻ. ഇടതുനെഞ്ചിൽ ആഴത്തിലേറ്റ ഒറ്റക്കഠാരക്കുത്തിലാണ് അബ്ദുറഹ്മാൻ പിടഞ്ഞുമരിച്ചത്. കൊല നടക്കുമ്പോൾ അബ്ദുറഹ്മാന്റെ ഭാര്യ ഷാഹിന  കടിഞ്ഞൂൽ ഗർഭിണിയായിരുന്നു. കാസർകോട് ജില്ലയ്ക്ക് പുറമെ കേരളത്തിലും വലിയ പ്രതിഷേധം സൃഷ്ടിച്ച   കൊലപാതകമായിരുന്നു ഔഫിന്റേത്.

ഔഫിന്റെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുകയും, പിരിഞ്ഞുകിട്ടിയ പണം ഔഫിന്റെ നിരാലംബമായ കുടുംബത്തിന് നൽകുകയും ചെയ്തിരുന്നു. തൽസമയം, സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റി പാർട്ടി അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത 15 ലക്ഷം രൂപ കൊല നടന്ന് 10 മാസം കഴിഞ്ഞിട്ടും ഔഫിന്റെ കുടുംബത്തിന് നൽകിയില്ല. ഈ പണം പാർട്ടി  വകമാറ്റിവെക്കുകയായിരുന്നു.

ഔഫിന്റെ കൊലപാതകത്തെ തുടർന്ന് നടത്തിയ വിലാപയാത്രയെ അക്രമിച്ചതും മറ്റുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസ്സുകൾ നടത്താൻ വേണ്ടിയാണ് പാർട്ടി പ്രവർത്തകരിൽ നിന്ന് പിരിച്ചെടുത്ത 15 ലക്ഷം രൂപ സിപിഎം ഏസി  വക മാറ്റിവെച്ചിട്ടുള്ളത്. ഔഫിന്റെ കുടുംബത്തെ സഹായിക്കാനാണെന്ന് പാർട്ടി അംഗങ്ങളെ ബോധ്യപ്പെടുത്തി പിരിച്ച പണം പിന്നീട് കേസ്സ് നടത്താൻ മാറ്റിവെച്ചതിലെ അനൗചിത്യം പാർട്ടി അംഗങ്ങൾ തന്നെ ബ്രാഞ്ച് സമ്മേളനങ്ങളിൽ വ്യാപകമായി ചോദ്യം ചെയ്തു വരികയാണ്.

മാത്രമല്ല, പത്തിൽ താഴെ വരുന്ന കേസ്സുകളാണ് വിലാപയാത്രയോടനുബന്ധിച്ച് ഉണ്ടായിട്ടുള്ളത്. എല്ലാ കേസ്സുകളും ഹൊസ്ദുർഗ്ഗ്,  കാസർകോട്  കോടതികളിൽ വിചാരണ കാത്തുകഴിയുകയാണ്. പത്തിൽ താഴെ വരുന്ന അക്രമക്കേസ്സുകൾ നടത്താൻ 15 ലക്ഷം രൂപ ഒട്ടും ആവശ്യമായി വരാത്ത സാഹര്യത്തിലാണ്  ഔഫ് കുടുംബത്തിന്റെ പേരിൽ പിരിച്ച പണം പാർട്ടി തന്നെ വകമാറ്റി ചിലവഴിച്ചത്. പണം വകമാറ്റി ചിലവഴിക്കാനുള്ള തീരുമാനം സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മറ്റിയുടേതാണ്.

Read Previous

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം വീടു വിട്ട യുവതിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

Read Next

പണം കേസ്സ് ചിലവിന് മാറ്റി വെച്ചു