ദേവസ്വം ബോർഡ് ജോലി ഇടപാടിൽ ഉസ്മാൻ നൽകിയത് ബ്ലാങ്ക് ചെക്ക്

കാഞ്ഞങ്ങാട്:  മലബാർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത്  ഒന്നര ലക്ഷം രൂപ തട്ടിയ അജാനൂർ കൊളവയലിലെ സിപിഎം പാർട്ടിയംഗം ഉസ്മാൻ കൊത്തിക്കാൽ, പണം കൈപ്പറ്റിയ ഇടനിലക്കാരൻ രാഹുൽ നിലാങ്കരയ്ക്ക് ബ്ലാങ്ക് ചെക്കും  ഒപ്പിട്ടു നൽകി. കനറാ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിൽ ഉസ്മാന്റെ സ്വന്തം പേരിലുള്ള ബ്ലാങ്ക് ചെക്കാണ് ഉസ്മാൻ രാഹുലിന് ഒപ്പിട്ടു നൽകിയത്.

ചെക്കിൽ തുക എത്രയെന്നോ, ചെക്ക് ബാങ്കിൽ സമർപ്പിക്കേണ്ട തീയ്യതി ഏതാണെന്നോ രേഖപ്പെടുത്തിയിട്ടില്ല.  ചെക്കിൽ പണം സ്വീകരിക്കേണ്ട ആളുടെ പേരും എഴുതിക്കാണുന്നില്ല. മലബാർ ദേവസ്വം ബോർഡ് കേരള സർക്കാർ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളുടെ ഭരണ ബോർഡാണ്. ദേവസ്വം ബോർഡിന്റെ ഓഫീസുകളിൽ അപ്പഴപ്പോൾ ഉണ്ടാകുന്ന ജോലി ഒഴിവിൽ ബോർഡ് ചെയർമാൻമാർ പണം വാങ്ങി ജീവനക്കാരെ നിയമിക്കുന്ന പ്രവണത യുഡിഎഫ് സർക്കാരിലും, ഇടതുസർക്കാരിലും മുമ്പുണ്ടായിരുന്നു. ഇത്തരം ഒഴിവുകളിൽ  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ കണ്ടെത്തി നിയമിക്കുന്ന നേരായ  രീതി കാലങ്ങളായി തകിടം മറിക്കപ്പെട്ടു കിടക്കുകയാണ്.

തന്നോട് മാത്രമല്ല, ഉസ്മാൻ കൊത്തിക്കാൽ മറ്റ് പലരോടും, മലബാർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്ന് ഉസ്മാന് ഒന്നര ലക്ഷം രൂപ കൊടുത്ത രാഹുൽ നിലാങ്കര ആരോപിച്ചു.

Read Previous

കാഞ്ഞങ്ങാട്ട് ട്രാഫിക് കുരുക്കിന് പരിഹാരമായില്ല

Read Next

വർഗ്ഗീയത അറുത്തുമാറ്റും: ഷാഫി പറമ്പിൽ