ധർമ്മടം മേലൂരിൽ ബോംബെറിഞ്ഞു സംഘർഷം പടരുന്നു; പൊട്ടിയത് ഐസ്ക്രീം ബോംബ്

തലശേരി: രാഷ്ട്രീയ സംഘർഷം പുകയുന്ന ധർമ്മടം മേലൂരിൽ ബോംബേറ്. ഇന്നലെ അർദ്ധ രാത്രിയിലാണ് മേലൂർ ചെ ഗുവേര ക്ലബ്ലിന്  സമീപം റോഡിൽ ബോംബേറുണ്ടായത്. കഴിഞ്ഞ മാസം 13ന് രാത്രിയിൽ  സി.പി.എം, ആർ.എസ്.എസ്.സംഘട്ടനം  നടന്ന പ്രദേശത്ത് തന്നെയാണ് ഇന്നലെ രാത്രിയിലും ബോംബേറുണ്ടായത്. അന്നത്തെ അനിഷ്ട സംഭവങ്ങളെ തുടർന്ന് സ്ഥലത്ത് പോലീസിനെ വിന്യസിക്കുകയും പ്രദേശം നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

പോലിസ് പിൻ വാങ്ങിയതോടെയാണ് ബോംബേറുണ്ടായത്. സംഭവമറിഞ്ഞ് എ എസ്പി, വിഷ്ണു പ്രദീപ്, ധർമ്മടം സിഐ, സുമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഐസ് ക്രീം ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടന ശബ്ദം കിലോമീറ്ററുകൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം ധർമ്മടം പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രദേശത്ത് സ്ഫോടക വസ്തുക്കൾക്കായി പോലീസ് റെയ്ഡ് നടത്തി. ഇവിടെ വീണ്ടും പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ  13 ന് രാത്രിയിൽ വീട് കയറി അക്രമവും തിരിച്ചടിയും നടന്ന കേസിൽ ഇരുവിഭാഗത്തിലും പെട്ടവരെ പോലീസ്  അറസ്റ്റ് ചെയ്തിരുന്നു. സ്ഥലത്ത് സമാധാനമുണ്ടാക്കാൻ ധർമ്മടം പോലീസ് വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയുമുണ്ടാക്കിയിരുന്നു. എങ്കിലും പ്രശ്നങ്ങൾ തീർന്നില്ല.

ആദ്യം  സിപിഎം സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടികളും കൊടിമരവും കാണാതായിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിൽ ബി.ജെ.പി.യുടെ താമര ചിഹ്നസ്തുപം മറിച്ചിടപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്നലെ അർദ്ധരാത്രിയിൽ ബോംബേറുമുണ്ടായത്.

LatestDaily

Read Previous

വർഗ്ഗീയത അറുത്തുമാറ്റും: ഷാഫി പറമ്പിൽ

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവർ നിയമസഭയിലേക്ക് മാർച്ച് നടത്തി