മലബാർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഎം പാർട്ടി അംഗം ഒന്നരലക്ഷം രൂപ തട്ടിയെടുത്തു

പണം തട്ടൽ ദേവസ്വം ബോർഡ് ചെയർമാൻ നാരായണപ്പണിക്കരെ നിഴലാക്കി നിർത്തി

കാഞ്ഞങ്ങാട്:  മലബാർ ദേവസ്വം ബോർഡിൽ ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്ത് പോലീസുദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് രണ്ടംഗ സംഘം ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയവരിൽ ഒരാൾ സിപിഎം അനുഭാവിയും അപരൻ അജാനൂർ കൊളവയലിലെ പാർട്ടിയംഗവുമാണ്.

കാസർകോട് ഏആർ ക്യാമ്പിൽ ജോലി നോക്കുന്ന വെള്ളരിക്കുണ്ട് സ്വദേശിയായ പോലീസുദ്യോഗസ്ഥൻ  അഭിലാഷിന്റെ   ഭാര്യയ്ക്ക്  ജോലി ക്ക് വേണ്ടിയാണ് അജാനൂർ കൊളവയലിലെ സിപിഎം അംഗം ഉസ്മാൻ കൊത്തിക്കാൽ ഒന്നര ലക്ഷം രൂപ റൊക്കം പണം വാങ്ങിയത്. ഉസ്മാന് പണം കൈമാറിയത് സിപിഎം അനുഭാവിയായ രാഹുൽ നിലാങ്കരയാണ്. പണം കൈമാറിയിട്ട് 10 മാസങ്ങൾ കഴിഞ്ഞിട്ടും, പോലീസുദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ജോലി ലഭിക്കാതെ വന്നപ്പോൾ,  പോലീസുദ്യോഗസ്ഥൻ ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുന്നിൽ വാക്കാൽ പരാതി ബോധിപ്പിക്കുകയായിരുന്നു. 

ഇതേ തുടർന്ന് രാഹുൽ നിലാങ്കരയെ പോലീസ് വിളിപ്പിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ, പോലീസുദ്യോഗസ്ഥൻ ജോലിക്ക് വേണ്ടി പണം തന്നതായും,  ഈ തുക സിപിഎം പാർട്ടിയംഗമായ ഉസ്മാൻ കൊത്തിക്കാലിന് കൈമാറിയതായും, രാഹുൽ നിലാങ്കര പോലീസിൽ വെളിപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിൽ  ജോലിക്ക് ഇടനിലക്കാർ പണം കൈപ്പറ്റിയ വിവരമറിഞ്ഞ് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.  സി. കെ. നാരായണപ്പണിക്കരും,  പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ  അന്വേഷിച്ചപ്പോൾ രാഹുൽ നിലാങ്കര വാങ്ങിയ പണം പാർട്ടിയംഗമായ ഉസ്മാൻ കൊത്തിക്കാൽ കൈപ്പറ്റിയതായി ചെയർമാന് ബോധ്യപ്പെട്ടു. മലബാർ ദേവസ്വം ബോർഡിൽ ക്ലാർക്ക് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ 10 മാസം കാത്തിരുന്നിട്ടും.  പോലീസുദ്യോദസ്ഥന്റെ ഭാര്യയ്ക്ക് ജോലിയും ലഭിച്ചില്ല, കൊടുത്ത കോഴ പ്പണവും തിരിച്ചുകിട്ടിയില്ല.

പണം കൈപ്പറ്റിയ ഉസ്മാൻ അജാനൂർ കൊളവയിലും, കാഞ്ഞങ്ങാട്ടും  സിപിഎമ്മിന്റെ  അറിയപ്പെടുന്ന സജീവ പ്രവർത്തകനാണ്. അതിനിടയിൽ മലബാർ ദേവസ്വം ബോർഡിൽ  ഇനി  ജോലി  ആവശ്യമില്ലെന്നും, തന്നോട് വാങ്ങിയ ഒന്നര ലക്ഷം രൂപ എത്രയും പെട്ടെന്ന് തിരിച്ചു തരരരണമെന്നും  രാഹുൽ നിലാങ്കര ഉസ്മാനോട് ആവശ്യപ്പെട്ടുവെങ്കിലും,  ഈ പണം തിരിച്ചു കൊടുക്കുന്നതിന് കഴിഞ്ഞ 8 മാസക്കാലമായി ഉസ്മാൻ ഓരോ അവധികൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഏറ്റവുമൊടുവിൽ പണം തിരിച്ചുതന്നില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്ന് രാഹുൽ നിലാങ്കര ഉസ്മാനോട് അറിയിച്ചതനുസരിച്ച്, വാങ്ങിയ ഒന്നര ലക്ഷം രൂപ 2021 ഒക്ടോബർ 20-ന് മുമ്പ്  തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ രാഹുലും ഉസ്മാനും കാഞ്ഞങ്ങാട്ടെ നോട്ടറി അഭിഭാഷകനായ തോയമ്മലിലെ വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ രേഖാമൂലം ഒരു  കരാർപത്രം എഴുതിയുണ്ടാക്കുകയും  ചെയ്തിട്ടുണ്ട്. ഇന്ന് തീയ്യതി 2021 ഒക്ടോബർ 9 ആയിട്ടും, ജോലിക്ക് വേണ്ടി വാങ്ങിയ ഒന്നര ലക്ഷം രൂപ രാഹുലിനെ തിരിച്ചുകൊടുക്കാൻ ഉസ്മാൻ കൊത്തിക്കാലിന് കഴിഞ്ഞിട്ടില്ല.

ഈ ജോലിവാഗ്ദാന ഇടപാടിന്റെ നിജസ്ഥിതി അറിയാൻ വേണ്ടി  ലേറ്റസ്റ്റ് അന്വേഷണ സംഘം പാർട്ടിയംഗം ഉസ്മാൻ കൊത്തിക്കാലുമായി ബന്ധപ്പെട്ടപ്പോൾ, രാഹുലിനെ തനിക്കറിയാമെന്നും, ദേവസ്വം ബോർഡിൽ ജോലിക്കുവേണ്ടി രാഹുലിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്നും ഉസ്മാൻ കൊത്തിക്കാൽ തറപ്പിച്ചുപറയുകയായിരുന്നു. തൽസമയം, ഉസ്മാൻ തന്നോട് പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പറഞ്ഞ രാഹുൽ ഉസ്മാന്റെ ശബ്ദത്തിലുള്ള ചില ശബ്ദരേഖകൾ ഇന്നലെ രാത്രി തന്നെ  ലേറ്റസ്റ്റിൽ ഹാജരാക്കുകയും ചെയ്തു.

ഈ ശബ്ദരേഖകളെല്ലാം ഉസ്മാൻ  പണം വാങ്ങിയെന്നതിനുള്ള കോൺക്രീറ്റ് തെളിവായി ബോധ്യപ്പെടുകയും ചെയ്തു. താൻ രാഹുലിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ലേറ്റസ്റ്റിനോട് വെളിപ്പെടുത്തിയ ഉസ്മാൻ, എന്തിനാണ് രാഹുലിന് ഒന്നര ലക്ഷം രൂപ  കൊടുക്കാനുണ്ടെന്ന് കാണിച്ച് നോട്ടറി അഭിഭാഷകൻ മുഖാന്തിരം ഒരു കരാർ പത്രം എഴുതിയുണ്ടാക്കിയ സത്യം,  ഉസ്മാൻ രാഹുലിനോട് മലബാർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത്  ഒന്നരലക്ഷം രൂപ വാങ്ങിയെന്നതിനുള്ള സംസാരിക്കുന്ന തെളിവു തന്നെയാണ്.

ഉസ്മാൻ പതിവായി മിക്ക ദിവസങ്ങളിലും കാഞ്ഞങ്ങാട് നഗരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അദ്ദേഹത്തോടൊപ്പം  പതിവായി  മലബാർ ദേവസ്വം ബോർഡിന്റെ ചെയർമാനും, പൂരക്കളി പണിക്കരുമായ   ഡോ. സി. കെ. നാരായണപ്പണിക്കരും  നിഴൽ പോലെ ഒപ്പത്തിനൊപ്പമുണ്ടാകാറുണ്ട്.

ദേവസ്വം ബോർഡ് ചെയർമാൻ അറിഞ്ഞോ, അറിയാതെയോ അദ്ദേഹത്തെ മുന്നിൽ നിർത്തിയാണ് ഉസ്മാൻ ദേവസ്വം ബോർഡിൽ ജോലി വാദ്ഗാനം ചെയ്ത് പണം തട്ടിയതെന്ന് രാഹുൽ നിലാങ്കര തുറന്നു പറയുന്നു.  ഉസ്മാന്റെ പണ സമ്പാദനമാർഗ്ഗം പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇപ്പോൾ ചൂടുപിടിച്ച ചർച്ചയാണ്. രാഹുൽ നിലാങ്കര പാർട്ടിയംഗമല്ലെങ്കിലും, പാർട്ടിയനുഭാവി എന്ന നിലയിൽ നിലാങ്കരയിലും മറ്റും പാർട്ടിക്ക് ഗുണകരമായ  നിരവധി പരിപാടികൾ സംഘടിപ്പിച്ച വ്യക്തിയാണ്.

LatestDaily

Read Previous

തേൻകെണി അന്വേഷണം സൈബർ സെല്ലിന്

Read Next

ആ പണവുമായി ബന്ധമില്ല: ഡോ.സി.കെ.നാരായണപ്പണിക്കർ