ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: ചായ്യോം ബസാറിൽ കാലിച്ചന്ത നടത്തിയിരുന്ന മമ്മാലി 40, കന്നുകാലിക്കച്ചവടത്തിൽ നിരവധി പേരെ വഞ്ചിച്ചു. ചായ്യോം ബസാറിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി കാലിച്ചന്ത നടത്തിയിരുന്ന യുവാവ് ചന്തയിലുണ്ടായ കന്നുകാലികളെ രായ്ക്ക് രാമാനം വാഹനത്തിൽക്കയറ്റി കർണ്ണാടകയിലേക്ക് മുങ്ങുകയായിരുന്നു.
കന്നുകാലികളെ വാങ്ങിയ വകയിൽ പലർക്കും ഇദ്ദേഹം പണം നൽകാനുണ്ട്. ലക്ഷങ്ങളുടെ ബാധ്യതയാണ് ഈയിനത്തിൽ മുഹമ്മദലിക്കുള്ളത്. ചായ്യോം ടൗണിൽ അക്ഷയ സെന്റർ നടത്തുന്ന ബങ്കളം സ്വദേശിയിൽ നിന്ന് ചികിത്സയ്ക്കെന്ന വ്യാജേന 64,000 രൂപയാണ് മമ്മാലി തട്ടിയെടുത്തത്. വാഹനാപകടത്തിൽപ്പെട്ട തനിക്ക് ചികിത്സാ ചെലവിലേക്കായി സാമ്പത്തിക സഹായം വേണമെന്നാവശ്യപ്പെട്ടതിനെത്തുടർന്നാണ് അക്ഷയ സെന്റർ ഉടമ, മുഹമ്മദലിയുടെ അക്കൗണ്ടിലേക്ക് 64,000 രൂപ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തത്.
പണം കടം കൊടുത്തിട്ട് മാസങ്ങളായെങ്കിലും, അക്ഷയ സെന്റർ ഉടമയ്ക്ക് ഇതേവരെ തുക തിരികെ കിട്ടിയില്ല. രക്തസമ്മർദ്ദം കൂടിയതിനാൽ തളർന്നു കിടക്കുന്ന മടിക്കൈ അഴകുളത്തെ ക്ഷീര കർഷകൻ ബാബുരാജിനെയും മമ്മാലി വഞ്ചിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സാർത്ഥമാണ് 12 ലിറ്റർ പാൽ ലഭിക്കുന്ന പശുവിനെ പ്രസവിച്ചയുടനെ കുടുംബം മുഹമ്മദലിക്ക് വിറ്റത്.
62,000 രൂപ വില നിശ്ചയിച്ച പശുവിനെയും കിടാവിനെയും വാങ്ങിയ മമ്മാലി 7000 രൂപ മാത്രമാണ് ബാബുരാജിന് കൊടുത്തത്. 2 മാസം മുമ്പായിരുന്നു കച്ചവടം. പശുവിനെയും കന്നിനെയും കൊണ്ടുപോയ മമ്മാലിയെ ബാബുരാജും കുടുംബവും പിന്നെ കണ്ടിട്ടില്ല. കുടുംബത്തിന്റെ വരുമാന മാർഗ്ഗമായ പശുവിനെ നഷ്ടമായതോടെ ബാബുരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
മടിക്കൈ കണിച്ചിറയിലെ സുമോദിൽ നിന്ന് പോത്തിനെ വാങ്ങിയ വകയിൽ മമ്മാലി 1.30 ലക്ഷം രൂപ കൊടുക്കാനുണ്ട്. കാലിച്ചാംപൊതിയിലെ ഗംഗൻ എന്നയാൾക്കും പോത്തിനെ വിറ്റ വകയിൽ ഒരു ലക്ഷം രൂപ കിട്ടാനുണ്ട്. ചായ്യോത്തെ ഓട്ടോ ടെമ്പോ ഡ്രൈവർ സതീശന്റെ പക്കൽ നിന്നും പോത്തുകളെ വാങ്ങിയ വകയിൽ 65,000 രൂപയാണ് മുഹമ്മദലി കൊടുക്കാനുള്ളത്. 3 മാസം മുമ്പാണ് സതീശൻ തന്റെ പോത്തുകളെ മുഹമ്മദലിക്ക് വിറ്റത്. മടിക്കൈ തീയ്യർപാലം സ്വദേശികളും തട്ടിപ്പിനിരയായിട്ടുണ്ട്.
മുഹമ്മദലിയെ കാണാതായിട്ട് മാസങ്ങളായിട്ടും ബന്ധുക്കൾ കാര്യമായ അന്വേഷണമൊന്നും നടത്തിയിട്ടില്ല. മമ്മാലി സ്വന്തം കുടുംബവുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ട്. കിട്ടാനുള്ള തുകയ്ക്ക് വേണ്ടി ഇടപാടുകാർ നിരന്തരം മമ്മാലിയുടെ വീട്ടിലെത്തുന്നുണ്ട്. ഇവരെയെല്ലാം ഓരോ അവധി പറഞ്ഞ് തിരിച്ചയക്കുകയാണ് ബന്ധുക്കൾ ചെയ്യുന്നത്. ചോയ്യങ്കോട്ടെ മദീന മരമിൽ ഉടമ അബ്ദുള്ളയുടെ രണ്ടാമത്തെ മകനാണ് മമ്മാലി. അബ്ദുള്ള മരമിൽ വിറ്റ് മക്കൾക്കെല്ലാം ഷെയർ നൽകിയിരുന്നു.