കാറ്റാടി ജിയോടവർ നിർമ്മാണം ഹൈക്കോടതി തടഞ്ഞു

കാഞ്ഞങ്ങാട്:  അജാനൂർ കാറ്റാടിയിൽ ടവർ നിർമ്മിക്കാനുള്ള ജിയോ കമ്പനിയുടെ നീക്കം ഹൈക്കോടതി തടഞ്ഞു. ജനവാസ കേന്ദ്രത്തിൽ നിയമ വിരുദ്ധമായി ടവർ കെട്ടി ഉയർത്താനുള്ള നീക്കത്തിനെതിരെ ആക്ഷൻ കമ്മിറ്റി കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി ടവർ നിർമ്മാണത്തിന് സ്റ്റേ നൽകിയതോടെ ജനകീയ ആക്ഷൻ കമ്മിറ്റി കാറ്റാടിയിലെ ടവർ നിർമ്മാണ സ്ഥലത്ത് 54 ദിവസമായി നടത്തി വന്ന റിലേ സമരം ഇന്നലെ  അവസാനിപ്പിച്ചു. എഡിഎമ്മിന്റെ നേതൃത്വത്തിൽ ഉഗ്യോഗസ്ഥർ കാറ്റാടി ടവർ നിർമ്മാണ സ്ഥലം അളന്ന്  തിട്ടപ്പെടുത്താനെത്തിയപ്പോൾ ഇന്നലെ വൈകീട്ട് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

പോലീസ് ഇടപെട്ടതിനെത്തുടർന്നാണ് അനിഷ്ട സംഭവങ്ങളൊഴിവായി. ടവർ നിർമ്മാണ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനിടെ ജിയോ ടവർ നിർമ്മാണ കമ്പനിയിൽപ്പെട്ടവർ അളവിൽ കൃത്രിമം കാട്ടാൻ ശ്രമിച്ചതാണ് സമക്കാരെ  പ്രകോപിപ്പിച്ചത്. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനിടെ  നടന്ന കൃത്രിമം  സമരക്കാർ കയ്യോടെ പിടികൂടുകയും,  അളവിൽ പങ്കെടുത്ത ജിയോ ടവർ ജീവനക്കാരനെ  സമരക്കാർ   സ്ഥലത്ത് വളഞ്ഞ് വെക്കുകയും ചെയ്തു.

എഡിഎം, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ ജിയോളജി, പി ഡബ്ല്യുഡി ഉദ്യോഗസ്ഥരുൾപ്പെടെയെത്തി ടവർ നിർമ്മാണ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും സ്ഥലത്തെത്തിയിരുന്നു. സ്ഥലമളവ് പൂർത്തിയായതോടെ കാറ്റാടിയിൽ ടവർ നിർമ്മിക്കുന്നത് നിയമ വിരുദ്ധമായ മാർഗ്ഗത്തിലൂടെയാണെന്ന് ഉഗ്യോഗസ്ഥർക്ക്  ബോധ്യപ്പെട്ടതായി സമരക്കാർ പറഞ്ഞു.

ജനകീയ സമരം വിജയം കാണുകയും, ടവർ നിർമ്മാണം തടഞ്ഞുകൊണ്ട് കോടതി ഉത്തരവുമുണ്ടായതോടെ സമരക്കാർ വലിയ ആശ്വാസത്തിലായി. ടവർ നിർമ്മാണം അവസാനിപ്പിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതൽക്കെ സമരക്കാർ.

LatestDaily

Read Previous

കാലിച്ചന്ത മമ്മാലിയുടെ വലയിൽ കുടുങ്ങിയത് നിരവധി പേർ

Read Next

കാഞ്ഞങ്ങാട് തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കുമെതിരെ വിജിലൻസ്