കെപിസിസി സിക്രട്ടറിയെ തടഞ്ഞ 10 പേർക്കെതിരെ കേസ്

ചെറുവത്തൂർ: മുൻ എംഎൽഏയും കെ.പി.സിസി സിക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണനെയും, മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെയും കയ്യേറ്റം ചെയ്ത കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹിയടക്കമുള്ള പത്തംഗ സംഘത്തിനെതിരെ ചന്തേര പോലീസ്  കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് പിലിക്കോട്ട് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടി അലങ്കോലമാക്കാനെത്തിയ കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് നവീൻബാബുവടക്കമുള്ള സംഘമാണ് മുൻ എംഎൽഏയെയും മുൻ ഡിസിസി പ്രസിഡണ്ടിനെയും കയ്യേറ്റം ചെയ്തത്. ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് തന്നെ നാണക്കേടാവുന്ന വിധത്തിലാണ് ഇന്നലെ പിലിക്കോട്ട് കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചത്.

ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷക്കമ്മിറ്റി പിലിക്കോട് ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് മുൻ കെപിസിസി പ്രസിഡണ്ടും, മുൻ പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തലയെയാണ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയോ, ഡിസിസിയുടെയോ അറിവില്ലാതെ നടക്കുന്ന പരിപാടിയായതിനാൽ പരിപാടിക്കെത്തുന്ന രമേശ് ചെന്നിത്തലയെ തടയുമെന്ന് പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നവീൻബാബു പ്രസ്താവിച്ചിരുന്നു.

പരിപാടി നടത്താനനുവദിക്കരുതെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കെ.പി.സിസി പ്രസിഡണ്ടിനോടാവശ്യപ്പെട്ടിരുന്നു. തുടർന്ന്  കെ. സുധാകരന്റെ ആജ്ഞയെത്തുടർന്ന്  ചെന്നിത്തല പരിപാടിയിൽ നിന്നും അവസാന നിമിഷം പിൻമാറി. ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന പരിപാടിയുടെ സംഘാടകരായ കെ.പി. കുഞ്ഞിക്കണ്ണനും സംഘവും പകൽ 11.30 മുതൽ സ്ഥലത്തുണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്ത്  നവീൻബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിപാടിയുടെ പ്രചാരണ ബോർഡുകൾ മാറ്റാൻ ശ്രമിച്ചു.

സംഭവം നേരിൽക്കണ്ട് സ്ഥലത്തെത്തിയ കെ.പി. കുഞ്ഞിക്കണ്ണൻ നവീൻ ബാബുവിനെ തടഞ്ഞതോടെയാണ് സംഘർഷം തെരുവ് യുദ്ധത്തിൽ കലാശിച്ചത്. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ പേരിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഗാന്ധി ശിഷ്യർ തമ്മിലടിച്ചത്. ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ പിലിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നവീൻബാബു, മുൻ പ്രസിഡണ്ട് കെ. കുഞ്ഞികൃഷ്ണൻ, ഓരിയിലെ രാജീവൻ മുതലായ പത്തോളം പേർക്കെതിരെയാണ് ചന്തേര പോലീസ് സ്വമേധയാ കേസെടുത്തത്.

ദേശീയ പാതയിൽ ഗതാഗത സ്തംഭനമുണ്ടാക്കിയതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. കോൺഗ്രസിലെ ഇരു ഗ്രൂപ്പുകൾ തമ്മിലുള്ള ചേരിപ്പോരും തമ്മിലടിയും കെട്ടടങ്ങിയതിന് പിന്നാലെയാണ് ഇന്നലെ 2.40 -ന് രമേശ് ചെന്നിത്തല ഇതുവഴി കടന്നുപോയത്. പരിപാടി സ്ഥലത്ത് വാഹനം നിർത്താതെയാണ് അദ്ദേഹം പിലിക്കോട് ഫൈൻ ആർട്സ് ഹാളിന്  മുന്നിലൂടെ കടന്നുപോയത്. സംഘർഷത്തെത്തുടർന്ന് ഇന്നലെ നിശ്ചയിച്ച ഉദ്ഘാടനപരിപാടിയും നടന്നില്ല.

LatestDaily

Read Previous

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്

Read Next

കാഞ്ഞങ്ങാട് ആർടി ഒാഫീസിലും എംവിഐയുടെ മാവുങ്കാൽ വീട്ടിലും വിജിലൻസ് റെയിഡ്