ഡിവൈഎഫ്ഐ നേതാവ് ഡോക്ടറെ മർദ്ദിച്ച സംഭവം പാർട്ടി സമ്മേളനങ്ങളിൽ ചൂടുള്ള ചർച്ച

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ കാസർകോട് ജില്ലാ പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ പി.കെ. നിഷാന്ത്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ ഡോ. സിദ്ധാർത്ഥനെ പാർട്ടി ഓഫീസിലിട്ട് മർദ്ദിച്ച സംഭംവം പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ ചൂടുള്ള ചർച്ചയായി. ഡെന്റൽ സർജനായ കാഞ്ഞങ്ങാട്ടെ ഡോ. സിദ്ധാർത്ഥനെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് മുറിയിലിട്ടാണ് സംഘടനയുടെ ജില്ലാ പ്രസിഡണ്ട് പി.കെ. നിഷാന്ത് പത്തുമാസം മുമ്പ് തല്ലിയത്.

ഇരുവരും തമ്മിലുണ്ടായ നിസ്സാര പ്രശ്നത്തെച്ചൊല്ലി ഡോ. സിദ്ധാർത്ഥനെ പാർട്ടി ഏസി ഓഫീസിലേക്ക്, സംസാരിക്കാനെന്ന വ്യാജേന വിളിച്ച പി.കെ. നിഷാന്ത് മുറിയിലിട്ട് മർദ്ദിക്കുകയായിരുന്നു. മറ്റൊരു ഡിവൈഎഫ്ഐ,  പ്രാദേശിക ഭാരവാഹി രതീഷ് നെല്ലിക്കാട്ട് സിദ്ധാർത്ഥനെ ബലമായി പിടിച്ചുവെച്ച ശേഷം നിഷാന്തിന് സിദ്ധാർത്ഥനെ മർദ്ദിക്കാൻ സൗകര്യമൊരുക്കുകയായിരുന്നു.

പാർട്ടി ഓഫീസിൽ നിന്ന് പോയ സിദ്ധാർത്ഥൻ പിന്നീട് അരമണിക്കൂറിനകം പി.കെ. നിഷാന്തിന്റെ കല്ലൂരാവിക്കടുത്തുള്ള വീടിന് മുന്നിലെത്തി ”ധൈര്യമുണ്ടെങ്കിൽ പുറത്തു വരാൻ” വെല്ലുവിളിച്ചുവെങ്കിലും, നിഷാന്ത് അന്ന് രാത്രിയിൽ വീടിന് പുറത്തിറങ്ങിയിരുന്നില്ല. പാർട്ടി അഖിലേന്ത്യാ ജനറൽ സിക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ ജില്ലയിലെത്തുമ്പോൾ, ഇവരുടെ ഇംഗ്ലീഷ് പ്രസംഗം ഭാഷാന്തരം ചെയ്യുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗമായ ഡോ. സിദ്ധാർത്ഥനെ  പാർട്ടി ഓഫീസിലിട്ട്  ഡിവൈഎഫ്ഐ നേതാവ് മർദ്ദിച്ച സംഭവത്തെ പാർട്ടി കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി തീർത്തും ലാഘവത്തോടെയാണ് അന്ന് നോക്കിക്കണ്ടത്.

മർദ്ദനത്തിന്റെ കാരണങ്ങളും ഗൗരവവും ഉൾക്കൊണ്ട് ചെറുതായ ഒരു താക്കീതെങ്കിലും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ടിന്  കൊടുക്കാൻ  പാർട്ടി ഏരിയാ സിക്രട്ടറിയും, ഭാരവാഹികളും സമയം കണ്ടെത്താത്തതുമൊക്കെയാണ് ഇപ്പോൾ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ ചൂടുള്ള ചർച്ചയായി മാറിയത്. പ്രായപരിധി കഴിഞ്ഞതിനാൽ പി.കെ. നിഷാന്ത് ഇത്തവണ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താകും. അതിനിടയിൽ പാർട്ടി ജില്ലാകമ്മിറ്റിയിൽ എത്താനുള്ള ശ്രമങ്ങൾ നിഷാന്ത് നടത്തിവരികയാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട് ആർടി ഒാഫീസിലും എംവിഐയുടെ മാവുങ്കാൽ വീട്ടിലും വിജിലൻസ് റെയിഡ്

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ പൂക്കോയയ്ക്ക് ജാമ്യം